NRI
ന്യൂജഴ്സി: ന്യൂജഴ്സിയിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച രാവിലെ ഏകദേശം 11നാണ് അപകടം നടന്നത്.
ഹാമൺടണിലെ ബേസിൻ റോഡിനും വൈറ്റ് ഹോഴ്സ് പൈക്കിനും സമീപമുള്ള പ്രദേശത്താണ് ഹെലികോപ്റ്ററുകൾ തകർന്നു വീണത്. ഇതിൽ ഒരു ഹെലികോപ്റ്റർ തകർന്ന ഉടൻ തന്നെ തീപിടിച്ച് പൂർണ്ണമായും നശിച്ചു.
ഹാമൺടൺ പോലീസും ഫയർഫോഴ്സും ഉടനടി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മരണപ്പെട്ടയാളെയും പരിക്കേറ്റയാളെയും കണ്ടെത്തിയത്. പരിക്കേറ്റ വ്യക്തിയുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ, നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ബേസിൻ റോഡ് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് പ്രദേശവാസികൾക്ക് നിർദേശം നൽകി.
National
ഗോഹട്ടി: ആസാമിൽ ട്രെയിൻ ഇടിച്ച് ഏഴ് കാട്ടാനകൾ ചരിഞ്ഞു. നാഗൗണിലാണ് അപകടമുണ്ടായത്. സായ്രംഗ്-ന്യൂഡൽഹി രാജധാനി എക്സ്പ്രസാണ് ആനകളെ ഇടിച്ചത്.
ആനകളെ ഇടിച്ചതിനെ തുടർന്ന് ട്രെയിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. അപകടത്തിൽ ട്രെയിനുലുണ്ടായിരുന്നവർക്കാർക്കും പരിക്കില്ല.
അപകടത്തെ തുടർന്ന് പാതയിലെ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. ഗോഹട്ടിയിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് അപകടം നടന്ന സ്ഥലം.
Kerala
പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. ശബരിമല തീർഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്.
നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു.
Kerala
പാലക്കാട്: ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡില്‍ പാലാമ്പട്ടയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. പള്ളിക്കുറുപ്പ് പാറോപ്പാടം രാജേഷിന്റെ മകന് ദില്‍ജിത്ത് (17) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ദില്‍ജിത്ത് സഞ്ചരിച്ചിരുന്ന ബൈക്കും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ദില്‍ജിത്തിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പള്ളിക്കുറുപ്പ് ശബരി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ്.
National
ബംഗളൂരു: കർണാടക ബേഗൂരിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. വയനാട് സ്വദേശികളാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
മടക്കിമല സ്വദേശി ബഷീറും അദ്ദേഹത്തിന്റെ കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഒരു കുട്ടിയുൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.
തായ്ലൻഡിൽ വിനോദയാത്രയ്ക്കു പോയശേഷം ബംഗളൂരു വിമാനത്താവളത്തിൽനിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടമുണ്ടായത്.