ഇംഫാൽ: മണിപ്പുരിൽ ബിജെപി നേതാവ് യുമാൻ ഖേംചന്ദ് മന്ത്രിസഭയിൽ മൂന്ന് കുക്കി എംഎൽഎമാർ പങ്കാളികളായതിനെത്തുടർന്ന് പ്രതിഷേധം ശക്തമാകുന്നു. കുക്കി മേധാവിത്വ പ്രദേശമായ ചുരാചന്ദ്പുരിൽ വാഹന ഗതാഗതം തടഞ്ഞ പ്രതിഷേധക്കാർ പോലീസിനു നേരേ കല്ലെറിയുകയായിരുന്നു. ടയറുകൾ കത്തിച്ച് ഗതാഗത തടസവും സൃഷ്ടിച്ചു.
ബുധനാഴ്ചയാണ് ഖേംചന്ദ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉപമുഖ്യമന്ത്രിമാരായി കുക്കി വനിതാ നേതാവും മുന്‍ മന്ത്രിയുമായ നെംച കിപ്ജെനും നാഗ പീപ്പിൾസ് ഫ്രണ്ടിലെ എൽ. ദിഖോയും ഇതോടൊപ്പം ചുമതലയേറ്റിരുന്നു.
സർക്കാരിൽ പങ്കാളിയായ മൂന്ന് കുക്കി എംഎൽഎമാർക്ക് കുക്കി സംഘടനകൾ സാമൂഹ്യ ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ്തെയ് വിഭാഗക്കാരുമായി ചേർന്ന് കുക്കികളെ എംഎൽഎമാർ വഞ്ചിച്ചുവെന്നാണ് ആരോപണം. പത്ത് കുക്കി എംഎൽഎമാരാണ് നിയമസഭയിലുള്ളത്.
ഇതിൽ ഏഴു പേരും ബിജെപിക്കാരാണ്. സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഗവർണറെ കണ്ട എൻഡിഎ സംഘത്തിൽ ഹമർ ഗോത്രത്തിൽനിന്നുള്ള എൻ. സനതെ എംഎൽഎയും ഉണ്ടായിരുന്നു. മറ്റൊരു കുക്കി എംഎൽഎയായ എൽ.എം. ഖൗട്ടെയും സംഘത്തിലുണ്ടായിരുന്നു.
കുക്കി വിഭാഗത്തിന്റെ ഭാഗമായ ഹമർ വിഭാഗവും. എംഎൽഎമാർ സർക്കാരിൽ പങ്കാളികളായത് കഴിഞ്ഞ ജനുവരി 13 ലെ ലുംഗ്തു പ്രമേയത്തിന്റെ ലംഘനമാണെന്നാണ് കുക്കി സോ കൗൺസിൽ പറയുന്നത്.