തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസം സംസ്ഥാനത്തു പരക്കെ സംഘർഷസാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
ശബരിമല സ്വർണക്കൊള്ള വിവാദം, രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന ലൈംഗികപീഡന വിവാദം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാകും തെരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ വ്യാപക രാഷ്ട്രീയ സംഘർഷത്തിനു സാധ്യതയെന്ന് പോലീസ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകിയത്. 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണൽ.
ഇതേത്തുടർന്ന്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ, ഡിജിപിക്ക് റിപ്പോർട്ട് നൽകി. സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിമാരെയും ഉൾപ്പെടുത്തി പ്രധാന രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം എല്ലാ ജില്ലകളിലും വിളിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.
അടുത്ത ദിവസങ്ങളിലായി കളക്ടർമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിക്കും. ഇന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ ജില്ലാ കളക്ടർമാർ, തെരഞ്ഞെടുപ്പു നിരീക്ഷകർ, ചെലവു നിരീക്ഷകർ തുടങ്ങിയവരുടെ പ്രത്യേക യോഗങ്ങൾ വിളിച്ചിട്ടുണ്ട്.
എന്നാൽ, പരസ്യപ്രചാരണം സമാപിക്കുന്ന കലാശക്കൊട്ട് അടക്കമുള്ള സമയത്തോ വോട്ടെടുപ്പു ദിവസങ്ങളിലോ വലിയ സംഘർഷസാധ്യത പോലീസ് റിപ്പോർട്ട് ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പു സുരക്ഷാ ജോലികൾക്കായി 75,000 പോലീസുകാരുടെ സേവനം വേണ്ടിവരുമെന്നാണ് സംസ്ഥാന പോലീസ് മേധാവി, തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചിട്ടുള്ളത്. പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ സ്പെഷൽ പോലീസ് ഉദ്യോഗസ്ഥരേയും നിയോഗിക്കാനും അനുമതി നൽകി.
സ്ഥാനാർഥിക്ക് സ്വന്തം ചെലവിൽ വീഡിയോ ചിത്രീകരിക്കാം
തിരുവനന്തപുരം: പ്രശ്ന ബാധിത ബൂത്തുകളിൽ സ്ഥാനാർഥികൾക്ക് സ്വന്തം ചെലവിൽ വീഡിയോ ചിത്രീകരണം നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അനുമതി നൽകി. കള്ളവോട്ട് അടക്കമുള്ള ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ചിത്രീകരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പൂർണമായി തെരഞ്ഞെടുപ്പു കമ്മീഷന് കൈമാറണമെന്ന വ്യവസ്ഥയോടെയാണ് നടപടി.
വരാണാധികാരികൾക്ക് ഇതിനുള്ള അപേക്ഷ സമർപ്പിക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജില്ലാ കളക്ടർമാർക്ക് വീഡിയോ ചിത്രീകരണത്തിന് അനുമതി നൽകാം. ഇതും സ്ഥാനാർഥിയുടെ പ്രചാരണ പ്രവർത്തന ചെലവിൽ ഉൾപ്പെടുത്തും.
സംസ്ഥാനത്താകെ ഇതുവരെ 2448 പ്രശ്നബാധിത ബൂത്തുകളുണ്ട്. കണ്ണൂരിലാണ് പ്രശ്ന ബാധിത ബൂത്തുകൾ കൂടുതൽ.