പാറ്റ്ന: മുഖ്യമന്ത്രിയായി പത്തുതവണ സത്യപ്രതിജ്ഞ ചെയ്തയാളായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലണ്ടനിലെ വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ് അംഗീകരിച്ചു.
ലോക റിക്കാർഡ് ലഭിക്കുകയെന്നത് അഭിമാനവും സന്തോഷവും പകരുന്നതാണെന്ന് വാർത്ത പങ്കുവച്ച് ജനതാദൾ (യു) ദേശീയ വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝാ സമൂഹമാധ്യമമായ എക്സിൽ അറിയിച്ചു.
2000 ത്തിലാണ് നിതീഷ് ആദ്യമായി മുഖ്യമന്ത്രിപദത്തിലെത്തുന്നത്. എന്നാൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാത്തതിനാൽ ഏഴു ദിവസത്തിനുശേഷം രാജിവച്ചു. 2005 മുതൽ നിതിഷ് തുടർച്ചയായി മുഖ്യമന്ത്രിക്കസേരയിൽ തുടരുകയാണ്.
2014 ലോക്സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരുവർഷത്തിൽത്താഴെ മാത്രം അദ്ദേഹം അധികാരത്തിൽ നിന്ന് മാറിനിൽക്കുകയും ചെയ്തു. ജിതിൻ റാം മാഞ്ചിയായിരുന്നു ഈ സമയത്ത് മുഖ്യമന്ത്രി.