ചങ്ങരംകുളം: പൊതുജനങ്ങൾക്ക് ഭീഷണിയായ അപകടാവസ്ഥയിലുള്ള കെട്ടിടം എത്രയും വേഗം പൊളിച്ച് മാറ്റണമെന്ന ആവശ്യം ശക്തം. ചങ്ങരംകുളം ടൗണിലെ വർഷങ്ങൾ പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നത്.
നൂറുകണക്കിന് വാഹന യാത്രികരും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും ദിനംപ്രതി സഞ്ചരിക്കുന്ന തിരക്കേറിയ പ്രധാന പാതയിലാണ് അപകടാവസ്ഥയിലുള്ള കെട്ടിടമുള്ളത്. ഓടുകളും മറ്റ് കെട്ടിടാവശിഷ്ടങ്ങളും പൊട്ടിപൊളിഞ്ഞ അവസ്ഥയിലായിട്ട് വർഷങ്ങളായി. പലപ്പോഴും പൊട്ടിയ ഓടുകളും കെട്ടിടാവശിഷ്ടങ്ങളും റോഡിലേക്ക് വീഴുന്നതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കാരണം കച്ചവടക്കാർ പലരും കടകൾ ഒഴിഞ്ഞു. ഏതാനും കച്ചവടക്കാർ ഇപ്പോഴും ഇവിടെ തുടരുന്നുണ്ട്. ടൗണ്‍ നവീകരണത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുൻവശ ഭാഗം അധികൃതർ പൊളിച്ച് നീക്കിയിരുന്നു. ഏത് നിമിഷവും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ് കെട്ടിടമെന്നും കെട്ടിടം പൊളിച്ച് മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.