തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:
- അതതു പ്രാദേശിക സർക്കാരുകളുടെ പദ്ധതിരേഖയുടെ കോപ്പി എല്ലാ മെമ്പർമാരും വാങ്ങിച്ചെടുക്കുക. ആവശ്യമായ കോപ്പി ഇല്ലെങ്കിൽ ഫോട്ടോകോപ്പി എടുത്ത് ബൈൻഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇതിലേക്ക് വരുന്ന ചെലവ് പ്ലാൻ ചെലവുകളിൽ ഉൾപ്പെടുത്താം.
- തങ്ങളുടെ വാർഡുകളിൽ എത്ര പ്രോജക്ട് ഉണ്ടെന്നും അവ ഏതെല്ലാമാണെന്നും പദ്ധതിരേഖയിൽ മാർക്ക് ചെയ്യുക. ഇവയുടെ നിർവഹണസ്ഥിതി എന്താണെന്നു പഠിക്കുക.
- ഓരോ പ്രോജക്ടിന്റെയും നിർവഹണ ഉദ്യോഗസ്ഥന്മാർ ആരാണെന്നും എത്ര ശതമാനം തുക ചെലവായി എന്നും പദ്ധതികളുടെ നിർവഹണം എവിടെവരെ ആയെന്നും കണ്ടുപിടിക്കുക.
- മാർച്ച് 31 കഴിഞ്ഞാൽ തുക ലാപ്സാകുന്നതുകൊണ്ട് തുടങ്ങിവച്ചിട്ടുള്ള പദ്ധതികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ വേണ്ട നടപടികൾ എടുക്കുക.
- ചില പദ്ധതികൾ തുടങ്ങിയിട്ടില്ലാത്തവയും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളവയും ആയിരിക്കാം. അങ്ങനെയുള്ള പദ്ധതികൾ ഏതെന്നു കണ്ടുപിടിച്ചു പകരം പദ്ധതികൾ ഉണ്ടാക്കുക. ഇങ്ങനെ പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ പഴയ പദ്ധതികൾ ഏതു സെക്ടറിൽ ആയിരുന്നുവോ ആ സെക്ടറിൽതന്നെ സപ്ളിമെന്ററി പ്രോജക്ടുകൾ ഉണ്ടാക്കണം . ഉദാഹരണമായി ഡബ്ല്യുസിപിയിൽപെട്ട പ്രോജക്ടിന്റെ സപ്ളിമെന്ററി പ്രോജക്ട് ഡബ്ല്യുസിപിയിൽതന്നെ ആയിരിക്കണം. പ്രൊഡക്ടിവ് സെക്ടറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്ററി പ്രോജക്ട് പ്രൊഡക്ടീവ് സെക്ടറിലും സർവീസ് സെക്ടറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്ററി പ്രോജക്ട് സർവീസ് സെക്ടറിലും ഇൻഫ്രാസ്ട്രക്ചറിലുള്ള പ്രോജക്ടുകളുടെ സപ്ളിമെന്ററി പ്രോജക്ട് ഇൻഫ്രാസ്ട്രക്ചറിലുംതന്നെ ആയിരിക്കണം.
- പ്രാദേശിക സർക്കാരുകളിൽ രൂപപ്പെടുന്ന സപ്ളിമെന്ററി പ്രോജക്ടുകൾ എല്ലാം കൗൺസിൽ അംഗീകാരത്തോടെ നടപ്പിലാക്കാൻ തുടങ്ങുക.
- ഈ സപ്ളിമെന്ററി പ്രോജക്ടുകൾ എല്ലാം അടുത്തതായി കൂടുന്ന ഡിപിസിയിൽ വച്ച് മുൻകാല പ്രാബല്യത്തോടുകൂടി അംഗീകാരം നേടിയെടുക്കുക.
- ഡിപിസി രൂപീകരിച്ചു കഴിഞ്ഞാൽ ഉടൻതന്നെ ഈ സപ്ളിമെന്ററി പ്രോജക്ടുകൾ ഡിപിസിയുടെ മുൻപാകെ അവതരിപ്പിക്കുക.
- വൈസ് ചെയർമാൻ/ വൈസ് പ്രസിഡന്റ് ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ എകസ് ഒഫീഷ്യോ ചെയർമാൻ ആയതിനാൽ ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുക എന്നത് വൈസ് ചെയർമാന്റെ/ വൈസ് പ്രസിഡന്റിന്റെ ചുമതലയാണ്. മാർച്ച് 31നകം ബജറ്റ് അവതരിപ്പിച്ചു പാസാക്കി എടുക്കേണ്ടതുള്ളതുകൊണ്ട് ബജറ്റ് രൂപീകരണത്തിന്റെ നടപടികൾ ഉടനെ തുടങ്ങാവുന്നതാണ്.