Kerala
ചാത്തന്നൂർ: വാഹന നികുതി അടയ്ക്കാത്ത, നിരത്തിലൂടെ സർവീസ് നടത്താൻ അനുവാദമില്ലാത്ത, ഇൻഷ്വറൻസ് പോലുമില്ലാത്ത ബസുകളാണ് കെഎസ്ആർടിസി സർവീസിന് ഉപയോഗിക്കുന്നതിൽ നല്ലൊരു ശതമാനവും. ഇത്തരം ബസുകൾ അപകടത്തിൽപ്പെട്ടാൽ യാത്രക്കാർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നിയമപരമായി ലഭിക്കാൻ അർഹതയില്ല.
കെഎസ്ആർടിസിയുടെ കടബാധ്യത കുറഞ്ഞുവരികയും പരിഷ്കരണ നടപടികൾ ഫലം കാണുകയും ചെയ്യുന്നുവെന്ന് വകുപ്പു മന്ത്രി കെ.ബി. ഗണേശ് കുമാർ അവകാശപ്പെടുമ്പോഴാണ് ബസുകളുടെ ദയനീയാവസ്ഥ ബോധ്യപ്പെടുന്നത്.
2017 ൽ രജിസ്ട്രേഷൻ നടത്തി സർവീസ് ആരംഭിച്ച ആറ്റിങ്ങൽ ഡിപ്പോയിലെ ഒരു ബസിന്റെ പെർമിറ്റ് 2023 ഫെബ്രുവരിയിൽ അവസാനിച്ചതാണ്. 2023നു ശേഷം ഈ ബസ് ഇൻഷ്വർ ചെയ്തിട്ടില്ല. 2023 ഡിസംബറിലാണ് വാഹനനികുതി അവസാനമായി അടച്ചിട്ടുള്ളത്.ഇത്തരത്തിൽ എത്ര ബസുകളുണ്ടെന്ന് വ്യക്തമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറായില്ല. ആയിരത്തിലധികം ബസുകൾ നിരത്തിലോടുന്നുണ്ടെന്നാണ് അനൗദ്യോഗികമായി അറിയുന്നത്.
ശബരിമല മണ്ഡലക്കാലം ആസന്നമായതിനാൽ 1142 ബസുകൾ സിഎഫ് (സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ്) നവംബർ 15 നകം നടത്തണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. 15 വർഷ കാലാവധി കഴിഞ്ഞ ബസുകളാണ് ഫിറ്റ്നസ് പരിശോധന നടത്തുന്നത്. നിയമപരമായ എല്ലാ രേഖകളും ഉണ്ടെങ്കിൽ മാത്രമേ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
ഫിറ്റ്നസ് പരിശോധന കാലാവധിയായ 15 വർഷം തികയ്ക്കാത്ത ബസുകളാണ് ടാക്സ് ഒടുക്കാതെയും പെർമിറ്റും ഇൻഷ്വറൻസുമില്ലാതെയും ഓടുന്നത്. ഇതിലധികവും ഫാസ്റ്റ് പാസഞ്ചറുകളാണ്.