കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജയശ്രീ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി ഫയലിൽ സ്വീകരിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇന്നു വരെ അവരുടെ അറസ്റ്റ് തടഞ്ഞിട്ടുണ്ട്. മുൻകൂർ ജാമ്യഹർജി പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ കോടതി തള്ളിയതിനെ തുടർന്നാണ് ജയശ്രീ ഹൈക്കോടതിയെ സമീപിച്ചത്.
സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. ചെമ്പുപാളികൾ എന്ന പേരിലായിരുന്നു ഇതിന് ഉത്തരവിട്ടത്.
ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടു നിന്നിട്ടില്ലെന്നുമാണ് ഹർജിക്കാരിയുടെ വാദം. 38 വർഷത്തെ സേവനത്തിനിടെ ഒരു അച്ചടക്ക നടപടിക്കും വിധേയമായിട്ടില്ലാത്ത താൻ തിരുവാഭരണം കമ്മീഷണറായി 2020ൽ വിരമിച്ച ശേഷം രോഗാവസ്ഥയിൽ കഴിയുന്നതായും ഹർജിയിൽ പറയുന്നു.