Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Kerala
കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്.
ജയശ്രിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. നേരത്തെ, പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരുന്നു. ഇതേതുടർന്നാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.
ദ്വാരപാലകപാളി കേസിൽ 4-ാം പ്രതി ആണ് ജയശ്രീ. കേസിൽ തനിക്ക് പങ്കില്ലെന്നും മുകളിൽ നിന്നുള്ളവരുടെ ഉത്തരവ് അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയശ്രി ഹർജിയിൽ സൂചിപ്പിച്ചു.
Kerala
കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച സംഭവത്തിൽ നടി ലക്ഷ്മി ആർ. മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ലക്ഷ്മി ആർ. മേനോനെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസ് റദ്ദാക്കിയത്.
ബാറിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചുവെന്നായിരുന്നു പരാതി. ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിൽ ഒരു തായ്ലാൻഡ് യുവതിയും ഉണ്ടായിരുന്നു. ഈ യുവതിയോട് നടി ലക്ഷ്മി മേനോൻ ഉൾപ്പെട്ട സംഘത്തിലെ ചിലർ അധികസമയം സംസാരിച്ചതാണ് തർക്കത്തിലേക്ക് നയിച്ചതെന്നായിരുന്നു പുറത്തുവന്ന വിവരം.
പിന്നീട് ബാറിന് പുറത്തുവെച്ച് തർക്കം രൂക്ഷമായതോടെ ഐടി ജീവനക്കാരൻ ഉൾപ്പെട്ട സംഘത്തിലെ ഒരാൾ ബിയർ ബോട്ടിൽ വലിച്ചെറിഞ്ഞു. പിന്നാലെയാണ് കാർ തടഞ്ഞുനിർത്തി ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയത്.
യുവാവിനെ പറവൂരിലെ വെടിമറയിൽ എത്തിച്ച് മർദിച്ച ശേഷം പറവൂർ കവലയിൽ ഉപേക്ഷിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ലക്ഷ്മി മേനോൻ ആലുവയിൽ ഇറങ്ങിയശേഷമാണ് യുവാവിനെ വെടിമറയിൽ എത്തിച്ച് മർദിച്ചത്.
ലക്ഷ്മി മേനോനെ മൂന്നാം പ്രതിയാക്കിയാണ് നോർത്ത് പൊലീസ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് പ്രതികളായ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതിനാൽ ലക്ഷ്മി മേനോന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു.
Kerala
കൊച്ചി: നടി ലക്ഷ്മി ആർ. മേനോനെതിരായ, യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസ് റദ്ദാക്കി ഹൈക്കോടതി. സംഭവത്തിൽ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് കേസ് റദ്ദാക്കിയത്.
ഓഗസ്റ്റ് 24ന് രാത്രി കൊച്ചി നഗരത്തിലെ പബ്ബിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന കേസിൽ മൂന്നാം പ്രതിയായിരുന്നു നടി ലക്ഷ്മി ആർ. മേനോൻ. കേസിൽ നടിക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
Kerala
കൊച്ചി: ഭാര്യയുടെ വിശ്വസ്തതയില്‍ സംശയിക്കുകയും നിരന്തരം നിരീക്ഷിക്കുകയും നിര്‍ബന്ധിച്ചു ജോലി രാജിവയ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ നടപടി വിവാഹമോചനത്തിനു കാരണമാണെന്ന് ഹൈക്കോടതി. സ്നേഹവും പരസ്പരവിശ്വാസവുമാണ് വിവാഹജീവിതത്തിന്റെ അടിത്തറ.
സംശയാലുവായ ഭര്‍ത്താവിന് ദാമ്പത്യം നരകതുല്യമാക്കാനാകും. അകാരണമായ ചോദ്യംചെയ്യല്‍ പങ്കാളിയുടെ മനഃസമാധാനവും സ്വാഭിമാനവും തകര്‍ക്കുമെന്നും കോടതി പറഞ്ഞു. ഇതു വിവാഹമോചന നിയമത്തില്‍ നിര്‍വചിക്കുന്ന ക്രൂരതയായി കണക്കാക്കാമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
നഴ്സായിരുന്ന ഹര്‍ജിക്കാരി ഉന്നയിക്കുന്ന കാര്യങ്ങള്‍ക്കു തെളിവുകളില്ലെന്ന കാരണത്താലാണ് കുടുംബക്കോടതി വിവാഹമോചനം നിരസിച്ചത്. എന്നാല്‍, വാദങ്ങള്‍ വിശ്വാസയോഗ്യമാണെന്ന് വിലയിരുത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. 2013ല്‍ വിവാഹം നടന്നു. ഗര്‍ഭിണിയായ സമയം മുതല്‍ സംശയവും നിരീക്ഷണവുമുണ്ടായി.
യുവതിയെ ആക്രമിക്കുകയും മാതാപിതാക്കളെ അധിക്ഷേപിക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. മകള്‍ പിറന്നശേഷം യുവതിയുടെ ജോലി രാജിവയ്പിച്ചു. വിദേശത്ത് ഒരുമിച്ചു താമസിക്കാനെന്ന കാരണമാണു പറഞ്ഞിരുന്നത്. എന്നാല്‍ ഒരുമിച്ചു താമസിക്കുമ്പോഴും ഭര്‍ത്താവിന് സംശയമായിരുന്നെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.
Kerala
കൊച്ചി: കേരള സര്‍വകലാശാലയില്‍ നവംബര്‍ ഒന്നിനു ചേരുന്ന സിന്‍ഡിക്കറ്റ് യോഗത്തില്‍ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ അറിയിച്ചു.
സസ്പെന്ഷന് വിഷയം ചര്‍ച്ച ചെയ്യാതിരിക്കാന്‍ സിന്‍ഡിക്കറ്റ് യോഗം വിസി ബോധപൂര്‍വം വൈകിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി ഇടത് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് വിസി ഇക്കാര്യം അറിയിച്ചത്.
നവംബറിലെ യോഗത്തിന്റെ അജൻഡയായി വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന വിസിയുടെ വിശദീകരണം രേഖപ്പെടുത്തിയ കോടതി ഹര്‍ജി വീണ്ടും നവംബര്‍ പത്തിനു പരിഗണിക്കാന്‍ മാറ്റി.
Kerala
തിരുവനന്തപുരം: ശാന്തി നിയമനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി. ശബരിമല, മാളികപ്പുറം നിയുക്ത മേൽശാന്തിമാരുടെ സഹായികളുടെ പശ്ചാത്തലമെന്തെന്ന് ഹൈക്കോടതി ചോദിച്ച
തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ സത്യവാംഗ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സഹായികളിൽ ആരെങ്കിലും നിയമവിരുദ്ധ പ്രവർത്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വമെന്നും വ്യക്തമാക്കണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
രേഖകൾ പരിശോധിച്ച് ഉറപ്പ് വരുത്താനാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. പുതിയ മേൽശാന്തിമാർ ചാർജ് എടുക്കുമ്പോൾ ഇവർക്കൊപ്പം സഹായികളായി നിരവധി പേരാണ് ശബരിമലയിലെത്തുക. ഉണ്ണികൃഷ്ണൻ പോറ്റിയും ആദ്യം കീഴ്ശാന്തിയുടെ സഹായിയായിട്ടാണ് ശബരിമലയിൽ എത്തിയത്.
Kerala
കൊച്ചി: കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ച ഡ്രൈവറെ സ്ഥലംമാറ്റിയതിൽ ഗതാഗത വകുപ്പിന് തിരിച്ചടി. ഡ്രൈവർ ജയ്മോൻ ജോസഫിനെ സ്ഥലം മാറ്റിയത് ഹൈക്കോടതി റദ്ദാക്കി.
മതിയായ കാരണം ഇല്ലാതെയാണ് സ്ഥലം മാറ്റം എന്ന് നിരീക്ഷിച്ചാണ് ജസ്റ്റീസ് എൻ. നഗരേഷിന്റെ നടപടി. ഹർജിക്കാരനെ പൊൻകുന്നം യൂണിറ്റിൽ തന്നെ ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന് കോടതി നിർദേശം നൽകി.
ദീർഘദൂര ഡ്രൈവർ കുടിവെള്ളം കരുതുന്നത് അത്യാവശ്യമാണെന്നും അത് തെറ്റായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. പുതുക്കാട് ഡിപ്പോയിലേക്ക് മാറ്റിയ സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഡ്രൈവർ ജയ്മോൻ ജോസഫിന്റെ ആവശ്യം.
ഡ്രൈവർ ജെയ്മോൻ ജോസഫിനെ പൊൻകുന്നത്തുനിന്ന് പുതക്കാടേക്ക് സ്ഥലം മാറ്റിയതിൽ അപാകതയില്ല. ഡ്രൈവറുടെ സ്ഥലംമാറ്റം അച്ചടക്ക നടപടിയുടെ ഭാഗമാണ്, ജീവനക്കാര്‍ക്ക് നല്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഡ്രൈവര്‍ പാലിച്ചില്ല, ബസ് വൃത്തിയായി സൂക്ഷിക്കണം എന്ന നിർദേശം പാലിച്ചില്ല, യാത്രക്കാര്‍ക്ക് മികച്ച സേവനം നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും കെഎസ്ആർടിസി ന്യായീകരിച്ചു
എന്നാൽ, ജെയ്മോന് ജോസഫിനെ സ്ഥലംമാറ്റാനുള്ള തീരുമാനം മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഹർജി പരിഗണിക്കുന്നതിനിടെ കോടതി ചൂണ്ടിക്കാട്ടി. കുപ്പി കണ്ടെത്തിയ സംഭവം സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കാന്‍ തക്കവണ്ണമുള്ള കാരണമല്ലെന്നും ജസ്റ്റീസ് എന്‍. നഗരേഷ് ചൂണ്ടിക്കാട്ടി.
ഞെട്ടിക്കുന്ന സംഭവം എന്നായിരുന്നു കോടതി നടപടിയെ പരാമര്‍ശിച്ചത്. കുപ്പിയില്‍ വെള്ളമല്ലേ, മദ്യമൊന്നുമല്ലല്ലോ. വെളളക്കുപ്പി പിന്നെ എവിടെ സൂക്ഷിക്കും. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമ്പോള്‍ തക്കതായ കാരണം വേണം. അച്ചടക്ക പ്രശ്നങ്ങള്‍, ഭരണപരമായ കാരണങ്ങള്‍ തുടങ്ങി തക്കതായ കാരണങ്ങള്‍ക്ക് അച്ചടക്ക നടപടി ആകാമെന്നും കോടതി ചൂണ്ടിക്കാട്ടി
ഒക്ടോബര്‍ ഒന്നിനാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തിയായിരുന്നു മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കൊല്ലം ആയൂരിൽ വച്ചായിരുന്നു സംഭവം.
ബസിന്റെ മുൻവശത്ത് പ്ലാസ്റ്റിക് മാലിന്യം കണ്ടതോടെ ഔദ്യോഗിക വാഹനത്തിൽ മന്ത്രി പിന്നാലെ എത്തുകയായിരുന്നു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ മന്ത്രി തടഞ്ഞു നിർത്തി.
ബസിന്റെ മുന്നിൽ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിന് ജീവനക്കാരെ പരസ്യമായി ശകാരിച്ചു. ബസുകൾ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവർക്കും കണ്ടക്ടർക്കും എതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരിക്കലും കെഎസ്ആര്‍ടിസി ബസുകള്‍ ഇങ്ങനെ വൃത്തികേടാക്കരുതെന്നും പൊതുഗതാഗത സംവിധാനമാണെന്നും ജീവനക്കാരോട് പറഞ്ഞാണ് മന്ത്രി മടങ്ങിപ്പോയത്.
Kerala
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്. കുറ്റപത്രം തള്ളിയതിനെതിരായ സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. ഹർജി ഈ മാസം 30ന് വീണ്ടും പരിഗണിക്കും.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ കാസർഗോഡ് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് സർക്കാർ അപ്പീല്‍ നൽകിയത്.
നേരത്തെ നല്കിയ റിവിഷന്‍ ഹർജി പിന്‍വലിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്പീല്‍ . കെ. സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമവിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം.
പോലീസ് നല്കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. എസ്സി, എസ്ടി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ കെ. സുരേന്ദ്രന് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ നിലനില്‍ക്കുമെന്നുമാണ് സര്‍ക്കാരിന്റെ വാദം.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ. സുന്ദരയ്യക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി കോഴ നല്‍കിയെന്നാണ് ബദിയടുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.
സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കോഴ നല്‍കിയെന്നാണ് കെ. സുരേന്ദ്രന് ഉള്‍പ്പടെയുള്ള ആറ് നേതാക്കള്‍ക്കെതിരായ ആരോപണം.
Kerala
കൊച്ചി: പുകവലിക്കുന്ന ചിത്രം കവര്‍ പേജിലുള്പ്പെടുത്തിയ അരുന്ധതി റോയിയുടെ മദര്‍ മേരി കംസ് ടു മി എന്ന പുസ്തകത്തിന്റെ വില്പന തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റീസ് നിതിന്‍ ജംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
നിര്‍ബന്ധിത ആരോഗ്യ മുന്നറിയിപ്പ് കവര്‍പേജ് ചിത്രത്തില്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ പുസ്തകത്തിന്റെ പിന്‍ഭാഗത്ത് ഇതുള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള വേദിയല്ല ഇതെന്നും കോടതി ചൂണ്ടിക്കാട്ടി. 2003ലെ കോട്പ നിയമവും ചട്ടങ്ങളും അനുസരിച്ച് നിയമപ്രകാരം രൂപീകരിച്ച വിദഗ്ധ സമിതികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. പൊതുതാല്പര്യത്തിനാണോ അതോ പരസ്യതാല്പര്യമാണോ ഹര്‍ജിക്ക് പിന്നിലെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.
പൊതുതാല്പര്യ ഹര്‍ജികള്‍ സ്വയം പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് കോടതികള്‍ ഉറപ്പാക്കണമെന്ന മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഹര്‍ജി തള്ളുന്നുവെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അഭിഭാഷകനായ രാജസിംഹന് ആണ് പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തേയോ സാഹിത്യ സത്തയേയോ താന്‍ വെല്ലുവിളിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പുകവലി ഒരു ഫാഷനാണെന്ന് തോന്നുന്ന യുവാക്കള്‍ക്ക് പ്രത്യേകിച്ച് കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശമാണ് ഇതിലൂടെ നല്കുന്നതെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നത്.
പുസ്തകത്തിന്റെ കവര്‍ പുകവലിയുടെയും പുകയില ഉല്പന്നങ്ങളുടെയും പരോക്ഷ പരസ്യത്തിനും പ്രോത്സാഹനത്തിനും തുല്യമാണ്. പ്രത്യേകിച്ചും അരുന്ധതി റോയ് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ യുവാക്കളിലും വായനക്കാരിലും, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ ശക്തമായ സ്വാധീനം ചെലുത്താറുണ്ട്.
സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും (വ്യാപാരം, വാണിജ്യം, ഉത്പാദനം, വിതരണം എന്നിവയുടെ പരസ്യവും നിയന്ത്രണവും നിരോധിക്കല്‍) നിയമം, 2003 (കോപ്റ്റ) യിലെയും 2008 ലെ നിയമങ്ങളിലെയും വ്യവസ്ഥകളുടെ ലംഘനമാണ് ഇത്തരം ചിത്രീകരണം എന്ന് ഹര്‍ജിയില്‍ പറയുന്നു.
District News
കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി. എഡിജിപി എച്ച്. വെങ്കടേശിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. അഞ്ച് പേരായിരിക്കും അന്വേഷണ സംഘത്തിലുണ്ടാകുക.
ഒരു മാസത്തിനുള്ളിൽ റിപ്പോര്‍ട്ട് നൽകണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുന്നു. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി വ്യക്തമാക്കി.
അതേസമയം ശബരിമല ക്ഷേത്രം ശ്രീകോവിലിനു മുന്പിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ദേവസ്വം ബോർഡിലെ ചില മുൻ ഉദ്യോഗസ്ഥർ നടത്തിയ വെളിപ്പെടുത്തലുകൾ നിർണായകമായത്. 2019ല്‍ 14 ചെമ്പുപാളികളാണ് സ്വര്‍ണം പൂശാന്‍ നല്‍കിയതെന്ന കരാറുകാരന്റെ മൊഴിയാണ് വിവാദമായത്.
ദാരുശില്പത്തില്നിന്ന് അറ്റകുറ്റപ്പണികള്‍ക്കായി പാളികള്‍ ഇളക്കിയെടുത്തപ്പോള്‍ ദേവസ്വം മഹസറില്‍ ചെമ്പ് പാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു ശരിയല്ലെന്നും സ്വർണപ്പാളികൾ തന്നെയാണ് കൊടുത്തുവിട്ടതെന്നും അന്ന് ശബരിമലയുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു.
42.8 കിലോഗ്രാം തൂക്കമുണ്ടായിരുന്ന പാളികള്‍ തിരികെ എത്തിയപ്പോള്‍ 4.41 കിലോഗ്രാം കുറഞ്ഞുവെന്നാണ് പറയുന്നത്. ദേവസ്വം പ്രതിനിധി പോലുമില്ലാതെയാണ് കരാറുകാരനായ ഉണ്ണിക്കൃഷ്ണൻ പാളികളുമായി ചെന്നൈയിലേക്ക് പോയത്.
39 ദിവസങ്ങൾക്കുശേഷമാണ് ഈ പാളികൾ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻ എന്ന സ്ഥാപനത്തിലെത്തിയത്. തങ്ങൾക്കു ലഭിച്ചത് ചെന്പുപാളികളാണെന്നും അതിൽ സ്വർണം പൂശുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്ഥാപനം വിശദീകരിച്ചിട്ടുണ്ട്.
ഇത് ദേവസ്വം ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശാനായി പുറത്തു കൊണ്ടുപോയത് ആരുടെ അനുമതിയോടെയെന്നും വ്യക്തമല്ല. ദേവസ്വം ചട്ടപ്രകാരം ഇതു സാധ്യമല്ല. ഇക്കാര്യം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും സാക്ഷ്യപ്പെടുത്തുന്നു.
പാളികള്‍ക്ക് 40 വര്‍ഷം വാറന്റിയുള്ളതാണെന്നും ചെന്നൈയില്‍ സ്വര്‍ണ പൂശിയ സ്ഥാപനംതന്നെ ഇതു ശരിയാക്കി നല്‍കുമെന്നും ഉണ്ണിക്കൃഷ്ണന് പോറ്റി പറഞ്ഞതു പ്രകാരമാണ് കൊടുത്തുവിട്ടതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്.
ഇതോടെയാണ് അന്വേഷണം ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ദേവസ്വംമന്ത്രി വി.എൻ.വാസവൻ പറഞ്ഞു.
District News
കൊച്ചി: ശബരിമല സ്വർണപാളി വിവാദത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തര വിട്ട് ഹൈക്കോടതി. ചീഫ് വിജിലൻസ് ഓഫീസർ വിശദമായി അന്വേഷിക്കണമെ ന്നും വിരമിച്ച ജില്ലാ ജഡ്ജി അന്വേഷണത്തിന് നേതൃത്വം നൽകണമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.
സന്നിധാനത്തെ കാര്യങ്ങളിൽ സമഗ്രമായ പരിശോധന ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. ദ്വാരപാലക ശില്പത്തിൻ്റെ സ്വർണപ്പാളിയിൽ സ്വർണം പൂശിയതിലട ക്കം വലിയ സംശയങ്ങളും ആശയങ്ങളും നിലനിൽക്കുന്നെന്ന് ചൂണ്ടിക്കാട്ടിയ കോട തി, വിശദമായ അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും അന്വേഷണ വിവരങ്ങൾ ആർ ക്കും കൈമാറരുതെന്നും കോടതി നിർദ്ദേശിച്ചു. ജില്ലാ ജഡ്ജി റാങ്കിൽ കുറയാത്ത ആ ളാകണം അന്വേഷണം നടത്തേണ്ടത്. അതിന് ദേവസ്വം ബോർഡിന് പേര് ശിപാർശ ചെയ്യാം. എന്നാൽ കോടതിയാകും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുക.
സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകണം. ദേവ സ്വം ബോർഡ് അടക്കം ആരുമായും അന്വേഷണത്തിലെ വിവരങ്ങൾ കൈമാറരുത്. ര ഹസ്യസ്വഭാവത്തിലുള്ള റിപ്പോർട്ട് കോടതിക്ക് നേരിട്ട് സമർപ്പിക്കാനും ജസ്റ്റീസുമാരാ യ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യ ക്തമാക്കി.
സ്ട്രോംഗ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം, തിരുവാഭരണം രജിസ്റ്റർ ഉൾപ്പ ടെ പരിശോധിക്കണം, ദേവസ്വത്തിൻ്റെ ഭാഗത്ത് പിഴവുണ്ടെങ്കിൽ പറയണമെന്നും കോടതി നിർദേശിക്കുന്നു. കേസ് ഒക്ടോബർ 15ന് വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: ഓപ്പറേഷൻ നുംഖൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖര്‍ സൽമാൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകി. കസ്റ്റംസ് നടപടി ചോദ്യം ചെയ്താണ് ഹര്‍ജി നൽകിയിരിക്കുന്നത്.
എല്ലാ നിയമ നടപടികളും പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്നും വാഹനം വിട്ടുകിട്ടണമെന്നും ദുല്‍ഖര്‍ ആവശ്യപ്പെട്ടു.
ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനം മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് ദുല്‍ഖര്‍ സല്‍മാന്റെ പനമ്പള്ളി നഗറിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലും കസ്റ്റംസിന്റെ പരിശോധന നടന്നത്. പിന്നാലെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു.
പൃഥ്വിരാജിന്റെ വീട്ടില്‍ പരിശോധന നടന്നെങ്കിലും വാഹനം കണ്ടെത്താന്‍ കഴിഞ്ഞില്ല. നടന് അമിത് ചക്കാലയ്ക്കലിന്റെ എളമക്കര പൊറ്റക്കുഴിയിലെ വീട്ടിലും പരിശോധന നടന്നിരുന്നു. അമിതിന് എട്ടോളം വാഹനങ്ങളുണ്ടെന്നാണ് വിവരം. അമിതിനെ കസ്റ്റംസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.
Kerala
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി തീരുമാനം ഇന്ന്. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും.
കളക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ചശേഷമായിരിക്കും ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടർന്ന് ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്.
ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് സെപ്റ്റംബര്‍ 22 ന് ഉണ്ടാകും എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോൾ പിരിവ് പുരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റിവയ്ക്കുകയും ചെയ്തു.
Kerala
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈകോടതി ഇന്നും അനുമതി നൽകിയില്ല. നേരത്തെ ടോൾപിരിവിന് വ്യവസ്ഥകളോടെ തിങ്കളാഴ്ച മുതൽ അനുമതി നൽകാമെന്നായിരുന്നു ഹൈകോടതി അറിയിച്ചത്.
എന്നാൽ, മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടിയാണ് ടോൾ പിരിവിന് കോടതി അനുമതി നിഷേധിച്ചത്. കേസ് പരിഗണിച്ചപ്പോൾ തന്നെ മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞ സംഭവം ഹൈകോടതി ഉന്നയിച്ചു.
മുരിങ്ങൂരിൽ റോഡ് ഇടിഞ്ഞിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചു. തുടർന്ന് ഹരജികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയ കോടതി മുരിങ്ങൂരിലെ പ്രശ്നം പരിഹരിക്കാൻ ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിച്ച നടപടി ജില്ലാ കളക്ടറെ അറിയിക്കണമെന്ന് നിർദേശിച്ചു. ഇതു കൂടി പരിഗണിച്ചാവും ടോൾ പിരിവിന് കോടതി അന്തിമ അനുമതി നൽകുക.
Kerala
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്‍വലിച്ചു. തന്നെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തെന്നും ഹര്‍ജി പിന്‍വലിക്കുകയാണെന്നും ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ തന്നെ രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.
താന്‍ ചുമതല തിരികെ ഏറ്റെടുത്തതായും അനില്‍കുമാര്‍ കോടതിയിൽ പറഞ്ഞു. ഇതോടെ ഹര്‍ജി പിന്‍വലിക്കാന്‍ ഹര്ജിക്കാരന് കോടതി അനുമതി നല്കി.
വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകന് ഹർജിക്കാരന്റെ നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു
അനില്‍കുമാറിനെ രജിസ്ട്രാറായി തിരിച്ചെടുത്ത സിന്‍ഡിക്കേറ്റ് നടപടിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട ഫോറത്തിനോ അഥോറിറ്റിക്കോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
രജിസ്ട്രാര്‍ പദവിയില്‍ നിന്ന് തന്നെ വിസി സസ്പെന്‍ഡ് ചെയ്തതിനെതിരെയാണ് കെ.എസ്. അനില്‍കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാൽ ഇതിന് പിന്നാലെ ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കിയിരുന്നു. ഇതോടെയാണ് ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിച്ചത്.