ടെൽ അവീവ്: ഹോളോകോസ്റ്റ് അതിജീവിതയും ഇസ്രയേലിന്റെ സ്വാതന്ത്ര്യയുദ്ധത്തിൽ പങ്കാളിയും ഒക്ടോബർ ഏഴ് ഭീകരാക്രമണത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത യൊഹെവെദ് ഗോൾഡ് (102) അന്തരിച്ചു. 1936-ലെ ബർലിൻ ഒളിമ്പിക്സിൽ ഹിറ്റ്ലർക്കു പൂവ് കൊടുക്കാതിരുന്നതിലൂടെയാണ് യൊഹെവെദ് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടത്.
അന്ന് 12 വയസുകാരിയായിരുന്ന യൊഹെവെദ് നാസി ജർമനിയിൽ നടന്ന ഒളിന്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു. ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന അഡോൾഫ് ഹിറ്റ്ലർക്ക് പൂവ് നൽകാൻ ഏതാനും കുട്ടികൾക്കൊപ്പം യഹൂദയാണെന്ന് അറിയാതെ സംഘാടകർ യൊഹെവെദിനെയും ക്ഷണിക്കുകയായിരുന്നു.
വേദിയിൽ പൂവ് നൽകാനെത്തിയെങ്കിലും ഹിറ്റ്ലറെ മുഖാമുഖം നോക്കിയതല്ലാതെ പൂവ് നൽകാൻ അവൾ തയാറായില്ല. പെട്ടെന്നുതന്നെ വേദിയിൽനിന്നിറങ്ങി പുറത്തേക്ക് ഓടുകയും ചെയ്തു.
ഇസ്രയേലിലെ ഗാസ അതിർത്തിയോടു ചേർന്ന കിബുട്സ് സാ ആദ് സ്വദേശിനിയായ യൊഹെവെദ് 2023 ഒക്ടോബർ ഏഴിലെ ഹമാസ് ഭീകരാക്രമണത്തിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. അന്ന് 100 വയസുണ്ടായിരുന്ന യൊഹെവെദ് 30 മണിക്കൂറോളം സ്വന്തം വീടിന്റെ സേഫ് റൂമിൽ ചെലവഴിച്ചാണു ഭീകരരിൽനിന്നു രക്ഷപ്പെട്ടത്.