എച്ച്ഐവി ബാധിതര്‍ക്ക് ആയുഷ്കാലം മുഴുവന്‍ മരുന്നുകള്‍ കഴിക്കേണ്ടി വരുന്ന അവസ്ഥയ്ക്കു വിരാമമാകുന്നു. ഏറ്റവും പുതിയ ക്ലിനിക്കല്‍ ട്രയലുകള്‍ നല്കുന്ന സൂചനകളാണിത്.
വൈറസിനെ പൂര്‍ണമായി ഇല്ലാതാക്കുന്നതിനു പകരം, മരുന്നുകളുടെ സഹായമില്ലാതെ തന്നെ ദീര്‍ഘകാലം വൈറസിനെ ശരീരത്തില്‍ നിയന്ത്രിച്ചു നിര്‍ത്തുന്ന ഫംഗ്ഷണല്‍ ക്യുര്‍ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ശാസ്ത്രലോകം.
ലോകമെമ്പാടുമുള്ള നാലു കോടിയോളം വരുന്ന എച്ച്ഐവി ബാധിതര്‍ക്കു വലിയ ആശ്വാസം നല്‍കുന്നതാണ് ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും നടന്ന പുതിയ പരീക്ഷണങ്ങള്‍.
എന്താണ് ഫംഗ്ഷണല്‍ ക്യുര്‍
എച്ച്ഐവി ബാധിതര്‍ നിലവില്‍ ആന്റി റിട്രോവൈറല്‍ മരുന്നുകളെയാണ് ആശ്രയിക്കുന്നത്. ദിവസേനയുള്ള ഗുളികകളോ അല്ലെങ്കില്‍ മാസത്തിലൊരിക്കലുള്ള കുത്തിവയ്പോ വഴി വൈറസിനെ നിയന്ത്രിക്കാന്‍ മാത്രമേ കഴിയൂ.
എന്നാല്‍ മരുന്നുകള്‍ നിര്‍ത്തിയാലും വൈറസ് പെരുകാത്ത അവസ്ഥയെയാണ് ഫംഗ്ഷണല്‍ ക്യുര്‍ എന്നു വിളിക്കുന്നത്. പ്രത്യേക തരം ആന്റിബോഡികള്‍ ഉപയോഗിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
വഴിത്തിരിവായ രണ്ടു പരീക്ഷണങ്ങൾ
ഫ്രഷ് ട്രയൽ: ദക്ഷിണാഫ്രിക്കയിലെ ക്വാ സുലു-നറ്റല് സര്‍വകലാശാലയിലെ ഗവേഷകര്‍, രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ ചികിത്സ തുടങ്ങിയ യുവതികളിലാണ് പഠനം നടത്തിയത്.
ഇവര്‍ക്ക് നല്കിയ പ്രത്യേക ആന്റിബോഡി കുത്തിവയ്പിലൂടെ, മരുന്നുകള്‍ നിര്‍ത്തിയിട്ടും ഒന്നര വര്‍ഷത്തിലേറെ വൈറസ് നില നിയന്ത്രണവിധേയമായി തുടര്‍ന്നു.
റിയോ ട്രയല്‍: ബ്രിട്ടനിലും ഡെന്മാര്ക്കിലും നടന്ന പരീക്ഷണത്തില്‍, രണ്ടു വര്‍ഷത്തിലേറെയായി മരുന്നുകളില്ലാതെ വൈറസിനെ പ്രതിരോധിക്കാന്‍ ആറു രോഗികള്‍ക്ക് സാധിച്ചു.
ആന്റിബോഡികള്‍ ശരീരത്തില്‍നിന്ന് അപ്രത്യക്ഷമായിട്ടും പ്രതിരോധ സംവിധാനം വൈറസിനെ നേരിടാന്‍ സ്വയം സജ്ജമായി എന്നതാണ് ഇതിലെ അത്ഭുതകരമായ വസ്തുത.
നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ മിടുക്കുണ്ട് എച്ച്ഐവി വൈറസിന്. എന്നാല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബ്രോഡ്ലി ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ വൈറസിന്റെ സുപ്രധാന ഭാഗങ്ങളെ ലക്ഷ്യം വയ്ക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നു.
കൂടാതെ, ഈ ആന്റിബോഡികള്‍ ശരീരത്തിലെ ടി സെല്ലുകളെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഇത് ഒരു വാക്സിന് നല്കുന്ന ഫലമാണ് നല്‍കുന്നത്.
ഒളിഞ്ഞിരിക്കുന്ന വൈറസുകളെയും തുരത്താം
എച്ച്ഐവി ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി ശരീരത്തിലെ കോശങ്ങള്‍ക്കുള്ളില്‍ സജീവമല്ലാതെ ഒളിഞ്ഞിരിക്കുന്ന വൈറസ് ശേഖരങ്ങളാണ്. മരുന്നുകള്‍ നിര്‍ത്തുമ്പോള്‍ ഇവ പുറത്തുവരികയും വീണ്ടും രോഗം വര്‍ധിക്കുകയും ചെയ്യും.
എന്നാല്‍ പുതിയ ചികിത്സാ രീതി ഈ റിസര്‍വോയറുകളെയും ആക്രമിക്കുന്നു എന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ പരീക്ഷണങ്ങള്‍ ചെറിയൊരു വിഭാഗം ആളുകളിലാണ് നടത്തിയതെങ്കിലും ഫലം തികച്ചും ആവേശകരമാണ്.
ഇനി വരാനിരിക്കുന്ന വലിയ തോതിലുള്ള പരീക്ഷണങ്ങള്‍ വിജയിക്കുകയാണെങ്കില്‍, ദിവസേനയുള്ള മരുന്നുകള്‍ക്ക് പകരം വല്ലപ്പോഴും നല്കുന്ന കുത്തിവയ്പിലൂടെ എച്ച്ഐവി നിയന്ത്രിക്കാന്‍ സാധിക്കും.
ചികിത്സാ രംഗത്തെ വലിയ മാറ്റമായിരിക്കുമിതെന്ന് പരീക്ഷണങ്ങള്‍ക്കു നേതൃത്വം നല്കിയ ലണ്ടൻ ഇംപീരിയല്‍ കോളജിലെ ഡോ. സാറ ഫിഡ്ലർ പറഞ്ഞു.
ഒരു പൂര്‍ണ രോഗശമനത്തിലേക്ക് എത്താന്‍ ഇനിയും ദൂരമുണ്ടെങ്കിലും എച്ച്ഐവി ബാധിതര്‍ക്ക് സാധാരണ ജീവിതം നയിക്കാനുള്ള ഫലപ്രദ മാര്‍ഗമായി ഗവേഷകർ ഇതിനെ വിശേഷിപ്പിക്കുന്നു.