കോട്ടയം: ചക്ക, മാങ്ങ, വാട്ടുകപ്പ... വേനല്‍ക്കാലം കര്‍ഷകര്‍ക്ക് വിളവെടുപ്പിന്റെയും സൂക്ഷിച്ചുവയ്ക്കലിന്റെയും കാലം കൂടിയാണ്. വീട്ടുമുറ്റത്തും പറമ്പിലും പ്ലാവുകളില്‍ ചക്കകള്‍ മൂത്തു തുടങ്ങി. തൊടിയിലെ മാവില്‍ കണ്ണിമാങ്ങകള്‍ പാകമായി.
വീട്ടമ്മമാര്‍ അച്ചാറിടാനുള്ള തയാറെടുപ്പിലാണ്. പറമ്പിലെ കപ്പ വാട്ടിയുണക്കി മഴക്കാലത്തേക്കുള്ള കരുതലായി സൂക്ഷിക്കുന്ന തിരക്കിലാണു കര്‍ഷകര്‍. പൗരാണികവും പുരാതനവുമായ കാര്‍ഷിക സംസ്കാരം പുതിയ കാലത്തും കര്‍ഷകര്‍ തനിമയോടെ തുടരുകയാണ്.
വാട്ടുകപ്പയ്ക്ക് ഡിമാൻഡ് ഏറി
കോട്ടയം: മധ്യകേരളത്തിന്റെ ഇഷ്ട ഭക്ഷണമായ വാട്ടുകപ്പയുടെ തലവര തെളിയുകയാണ്. വില്ക്കാന് വയ്യാതെ കെട്ടിക്കിടന്ന വാട്ടുകപ്പയുടെ കെട്ടകാലം കഴിഞ്ഞു. കിട്ടാനില്ലാതായതോടെ വിലയും വര്‍ധിച്ചു.
കിലോയ്ക്ക് 80 - 110 രൂപയാണു വില. ഡ്രയറില്‍ ഉണങ്ങാതെ, കര്‍ഷകര്‍ നേരിട്ട് വാട്ടി നിലത്തും പാറപ്പുറത്തും ഉണങ്ങുന്ന കപ്പയ്ക്കാണ് ഡിമാന്‍ഡ്.
ഉണക്കുന്നതിലെ ചെലവും സമയനഷ്ടവും കാരണം ഇടക്കാലത്ത് കര്‍ഷകര്‍ പിന്‍വാങ്ങിയിരുന്നു. തമിഴ്നാട്ടില്‍നിന്നു പായ്ക്കറ്റുകളിലാക്കിയ കപ്പ 80 - 90 രൂപയ്ക്ക് കിട്ടും. പക്ഷേ, നാടനോടാണു പ്രിയം. എന്നാല്‍ ചെലവ് വര്‍ധിച്ചതായി കര്‍ഷകര്‍ പറയുന്നു.
കണ്ണിമാങ്ങാ...കണ്ണിമാങ്ങാ...
കോട്ടയം: പതിവിലും വ്യത്യസ്തമായി ഇത്തവണ നാട്ടിലെ മാവുകള്‍ നിറയെ പൂവിട്ടു. ഇലകള്‍ പോലും കാണാത്ത രീതിയില്‍ പൂവിട്ടതെല്ലാം കണ്ണിമാങ്ങകളായി. അച്ചാറുകളുടെ രാജാവായി അംഗീകരിക്കപ്പെട്ട കണ്ണിമാങ്ങയുടെ വിപണിയും ഇതോടെ സജീവമായി. അച്ചാര്‍ നിര്‍മാണത്തിനുള്ള കണ്ണിമാങ്ങ കച്ചവടം പ്രധാനമായും പാതയോരങ്ങള്‍ കേന്ദ്രീകരിച്ചാണ്.
പുഴയോരങ്ങളിലും വനപ്രദേശങ്ങളിലുമുള്ള കാട്ടുമാങ്ങയാണ് അച്ചാറിന് ഉത്തമം. ഉയരമേറിയ മരങ്ങളില്‍നിന്നു പറിച്ചെടുക്കുന്ന മാങ്ങ ചതവും പഴക്കവുമില്ലാതെ മാര്‍ക്കറ്റിലെത്തിക്കണം. തുടക്കത്തില്‍ കിലോയ്ക്ക് 200 രൂപവരെ വിലയുണ്ടായിരുന്നു. ഇപ്പോള്‍ കുറഞ്ഞു.
മാങ്ങയുടെ ഗുണനിലവാരവും വലുപ്പവും അനുസരിച്ചു വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. വിവിധ കമ്പനിക്കാരും കണ്ണിമാങ്ങ അച്ചാര്‍ നിര്‍മാണത്തില്‍ സജീവമായിട്ടുണ്ട്.
ചക്കയ്ക്ക് 45-50 രൂപ വില കിട്ടും
നാട്ടിന്‍പുറങ്ങളില്‍ ചെറുതും വലുതുമായ ചക്കകള്‍ക്ക് കച്ചവടക്കാരെത്തിത്തുടങ്ങി. ഒരു ചക്കയ്ക്ക് 45-50 രൂപ വരെ ലഭിക്കുന്നുണ്ട്. വിയറ്റ്നാം ഏര്‍ളി പോലെയുള്ള ചക്കയിനങ്ങള്ക്ക് കിലോയ്ക്ക് 40 രൂപയും ലഭിക്കുന്നു.
കച്ചവടക്കാര്‍ എത്തി ഒരു പ്ലാവില്‍നിന്നു മുഴുവന്‍ ചക്കയും വാങ്ങുകയാണ്. ചെറുകിട കച്ചവടക്കാര്‍ ചെറുവാഹനങ്ങളില്‍ ചക്ക ശേഖരിച്ചു വടക്കഞ്ചേരിയിലെയും പെരുമ്പാവൂരിലെയും മൊത്തവ്യാപാരികള്‍ക്ക് കൈമാറുകയാണ്. കുരങ്ങ്, മലയണ്ണാന് തുടങ്ങി കാട്ടാന വരെയുള്ള വന്യജീവികള്‍ ചക്ക പഴുക്കുന്ന സീസണില്‍ ഭീഷണിയായിരുന്നു.നേരത്തെയുള്ള വില്പന മൂലം ഇത്തരം വന്യജീവി ശല്യം ഒഴിവാകുന്നതിന്റെ ആശ്വാസത്തിലാണു മലയോര നിവാസികള്‍.