കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം നേടിയ സോമനെ കാണണോ... ഇതാ ഗജവീരന്മാരുടെ കളിയാട്ട വേദിയിലേക്ക് നിങ്ങൾക്ക് കൊമ്പുകുലുക്കിയുള്ള സ്വാഗതം.
അഗസ്ത്യമലയുടെ അടിവാരത്ത് നിർമിച്ച രാജ്യാന്തര നിലവാരത്തിലുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം പ്രവർത്തനസജ്ജം. കിഫ്ബി അനുവദിച്ച ഏഴ് കോടിയോളം രൂപ ചെലവിട്ട് 176 ഹെക്ടർ വന ഭൂമിയിലെ വിപുലവും വിശാലവുമായ ആന പുനരധിവാസ കേന്ദ്രം രാജ്യത്ത് ആദ്യം.
നെയ്യാർ വന്യജീവിസങ്കേതത്തിലെ കോട്ടൂർ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തിൽ ആനകൾ സഞ്ചാരികൾക്ക് കൗതുകവും അത്ഭുതവുമാകുന്നു. കാടിന്റെ ചാരുതയും ഔഷധസമ്പന്നമായ കുളിർക്കാറ്റും ഒക്കെ ഇണചേരുന്ന ഈ വനതാഴ് വാരം കാണാൻ എത്തുന്നവർ മടങ്ങുന്നത് അനൽപ്പമായ അനുഭൂതിയോടെയാണ്.