പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ ആയിരിക്കും വിജയിക്കുകയെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് പിന്നാലെ ആഘോഷത്തിന് തയാറെടുത്ത് ബിജെപി പ്രവർത്തകർ. വെള്ളിയാഴ്ചത്തേയ്ക്ക് വേണ്ടി 501 കിലോ ലഡുവാണ് പ്രവർത്തകർ തയാറാക്കിയിരിക്കുന്നത്.
പാറ്റ്നയിൽ ഒത്തുച്ചേർന്ന പ്രവർത്തകരാണ് ലഡു തയാറാക്കിയിരിക്കുന്നത്. വൻ ഭൂരിപക്ഷത്തോടെയായിരിക്കും ഇത്തവണ എൻഡിഎ വിജയിക്കുകയെന്ന് പ്രവർത്തകർ പറഞ്ഞു. എക്സിറ്റ് പോളുകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നതെന്നും അവർ പറഞ്ഞു. ഭരണ തുടർച്ചയ്ക്ക് വേണ്ടി വോട്ട് ചെയ്ത ജനങ്ങൾക്ക് വെള്ളിയാഴ്ച ലഡു വിതരണം ചെയ്യുമെന്നും പ്രവർത്തകർ അറിയിച്ചു.
ജെഡി-യുവിന്റെ പാർട്ടി ഓഫീസുകളിലും സമാനമായ രീതിയിൽ ആഘോഷത്തിനുള്ള ഒരുക്കൾ നടക്കുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് ശേഷം എൻഡിഎ പ്രവർത്തകരെല്ലാം ആവേശത്തിലാണ്. എന്നാൽ എക്സിറ്റ് പോളുകളെ തള്ളുകയാണ് മഹാസഖ്യം. ശരിക്കുള്ള ഫലം വെള്ളിയാഴ്ച മാത്രമാണ് പുറത്തുവരുകയെന്നുമാണ് മഹാസഖ്യത്തിലെ നേതാക്കൾ പറഞ്ഞത്.
രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പിൽ 66.91% പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്.