ഇന്ന് ഇതെഴുതാൻ കാരണം നമ്മുടെ കലാസാഹിത്യ മേഖലയിൽ പെരുമഴ പോലെ പെയ്തിറങ്ങുന്ന അവാർഡ് ദാനങ്ങൾ വെറും ഉത്സവ പ്രേഷകചാപല്യങ്ങളായി മാറുന്നതു കൊണ്ടാണ്.
ചെറുശേരി കൃഷ്ണഗാഥ എഴുതിയത് പാമരന്മാരെ രസിപ്പിക്കുവാൻ വേണ്ടിയാണ്. അല്ലാതെ പണ്ഡിതരെ ത്രസിപ്പിക്കാനായിരുന്നില്ല. ഇന്നത്തെ അവാർഡ് തന്ത്രങ്ങൾ കണ്ടാൽ പണ്ഡിതരും പ്രമുഖരും ചിരിക്കുമെന്നുറപ്പാണ്. അല്ലെങ്കിൽ അവർ ശിവ ശിവ എന്ന് വിളിച്ചു തലയിൽ കൈ വച്ചു പോകും.
സാഹിത്യ രംഗത്ത് നൽകുന്ന പുരസ്കാരങ്ങളെപ്പറ്റി ഒരു ബോധ്യം എഴുത്തുകാ ർക്കുള്ളത് നല്ലതാണ്. കഴിഞ്ഞ ആഴ്ചയിൽ ആണല്ലോ എം. ലീലാവതി ടീച്ചർക്ക് ഇന്ദിരാ ഗാന്ധിയുടെ പ്രിയദർശിനി സാഹിത്യ പുരസ്കാരം കൊച്ചുമകൻ രാഹുൽ ഗാന്ധിയിൽ നിന്ന് വാങ്ങുന്നത് കാണാനിടയായത്. അതു കണ്ട ആരിലാണ് സന്തോഷം അലയടിക്കാത്തത്? ഏകദേശം എഴുപത് വർഷത്തോളമെത്തുന്ന അവ രുടെ അതിമഹത്തായ ഭാഷാസേവനയ ജ്ഞത്തിനാണ് ആ മഹതിക്ക് ഈ അത്യുന്നത പുരസ്കാരം ലഭ്യമായത്.
ഇത് രാഷ്ട്രീയപ്രേരിതമെന്നോ ഏതെങ്കിലും വിധേനയുള്ള സ്വാധിനമെന്നോ ആരും പറയുമെന്ന് കരുതുന്നില്ല. പുലർച്ചെ മൂന്നിന് എഴുന്നേറ്റ് അക്ഷരപൂജ തുടങ്ങുന്ന ടീച്ചർക്ക് ലഭിച്ച ഈ പുരസ്കാരം മലയാള ഭാഷയ്ക്കാണ്, സാഹിത്യത്തിനാണ്, അവരുടെ യോഗ്യതക്കാണ്.
ഇതു പറയുമ്പോൾ മറ്റു ചിലതുകൂടി ഓർമപ്പെടുത്താനുണ്ട്. കാലങ്ങളോളം എഴുതിയ, എഴുതിക്കൊണ്ടിരിക്കുന്ന പല പ്രമുഖരും സ്വദേശത്തും വിദേശത്തുമുള്ളവർ രാഷ്ട്രീയമായോ, ജാതീയമായോ, മതപരമായോ അവഗണിക്കപ്പെടുന്നില്ലേ? ഇല്ലെന്ന് തറപ്പിച്ചു പറയാനാവുമോ?
എന്റെ അറിവിൽ മലയാള സാഹിത്യത്തിൽ അരനൂറ്റാണ്ടായി സ്വദേശത്തും വിദേശത്തും തിളങ്ങി നിൽക്കുന്ന യുആർഎഫ് വേൾഡ് റെക്കോർഡിന് ഉടമയും വിത്യസ്ത മേഖലകളിലായി മലയാളവും ഇംഗ്ലീഷ് അടക്കം എഴുപത്തിരണ്ട് കൃതികളുടെ സൃഷ്ടി കർത്താവ് കാരൂർ സോമൻ ഈ അവഗ ണിക്കപ്പെട്ടവരുടെ ഗണത്തിൽ വരാതിരിക്കില്ല.
റിട്ടയർമെന്റിന് ശേഷം "കാവ്യാരാമം' സാഹിത്യഗ്രൂപ്പിലൂടെ എഴുതി. ഡിസി ബുക്ക്സ് പുറത്തിറക്കിയ "എന്റെ കാവ്യാരാമരചനകൾ' എന്ന കവിതാ സമാഹാരത്തിനാണ് ലണ്ടൻ മലയാളി കൗൺസിലിന്റെ 2024ലെ സാഹിത്യ പുരസ്കാരം എനിക്കു ലഭിച്ചത്.
കുട്ടികൾക്കും മുതിർന്നവർക്കുമായി "അ'മുതൽ "അം'വരെയുള്ള അക്ഷരമാല ക്രമത്തിലും മാധ്യമങ്ങളിൽ നിന്നുള്ള വസ്തുതകളെ അടിസ്ഥാനമാക്കിയും ചില ആൽമീക ചിന്തകളെക്കുറിച്ചും എഴുതിയ നൂറു കവിതകളുടെ ഒരു സമാഹാരം.
ഇന്നു ഞാൻ എൺപതിന്റെ പടിവാതിലിൽ എത്തി നിൽക്കുന്നു.ആറര പതിറ്റാണ്ടായി ഞാൻ എഴുതുന്നത് എന്റെ മനസിന്റെ സംതൃപ്തിക്കു വേണ്ടി മാത്രമാണ്. ഏഴ് പുസ്തകങ്ങൾ പുറത്തിറക്കാനും സാധ്യമായി.
ലണ്ടൻ മലയാളി കൗൺസിൽ സാഹിത്യ പുരസ്കാരത്തെപ്പറ്റി മാധ്യമങ്ങളിലൂടെയും അല്ലാതെയും ഞാൻ മനസിലാക്കിയിട്ടുള്ളത് രോഗികളെ സഹായിക്കാനുള്ള ഒരു ചാരിറ്റി ഗ്രൂപ്പായിട്ടാണ്. 2004ൽ കാരൂർ സോമൻ ആണ് ഇതാരംഭിക്കുന്നത്. അധികം അംഗങ്ങൾ ഉൾപ്പെടാത്ത ഒരു ചെറിയ സംഘടന.