പാലാ: വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ നിരവധിപ്പേർക്ക് പരിക്ക്. പാലാ-തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്കു സമീപം ചൂരപ്പട്ട വളവിൽ ഇന്നു പുലര്‍ച്ചെ 12.45-നാണ് അപകടമുണ്ടായത്. തിരുവനന്തപുരം തോന്നയ്ക്കല്‍ സർക്കാർ എച്ച്എസ്എസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.
വിനോദയാത്ര സംഘത്തിലെ മൂന്നു ബസുകളില്‍ ഒരെണ്ണമാണ് മറിഞ്ഞത്. കൊടൈക്കനാൽ യാത്രകഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം. ബസില്‍ 42 കുട്ടികളും നാല് അധ്യാപകരുമുണ്ടായിരുന്നു. വളവുതിരിഞ്ഞതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.