Kerala
ആലപ്പുഴ : ക്രിസ്മസ്- പുതുവത്സര വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും
ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധന.
നിലവിൽ കോഴിമുട്ടയ്ക്ക് എട്ടു രൂപയും, താറാവ് മുട്ടയ്ക്ക് 12 രൂപയും ആണ് വില. കഴിഞ്ഞവർഷം ഇതേ മാസം കോഴിമുട്ടയ്ക്ക് 5.50 രൂപയും താറാവ് മുട്ടയ്ക്ക് എട്ടു രൂപയുമായിരുന്നു വില. ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ടുകൊണ്ട് വൻതോതിൽ കേക്ക് നിർമാണം നടക്കുന്നതും മുട്ട വില ഉയരാൻ കാരണമായി.
പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്- പുതുവത്സര സീസൺ. ഡിസംബർ ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് ഉല്പാദന ചിലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. എന്നാൽ കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി- താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
തുടർച്ചയായുള്ള വിപണി ഇടിവിനെ തുടർന്ന് കർഷകർ കൃഷി ഇറക്കിയിരുന്നില്ല. നാമക്കലിൽ മുട്ടവില ഉയരുന്നതും, സംസ്ഥാനത്തെ മുട്ട വില വർധനവിന് കാരണമായി. കേരളത്തിൽ ദിനംപ്രതി രണ്ട് കോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്.
ലൈവ് ചിക്കൻ 135- 140 രൂപയാണ് വില. താറാവ് (ഡ്രസ്സ് ചെയ്തത്)400-450 രൂപയും വിലയുണ്ട്. ഇത് ക്രിസ്മസ് പുതുവത്സര ദിനങ്ങൾ അടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു.
Kerala
കൽപ്പറ്റ: വയനാട്ടില്‍ വന്യമൃഗവേട്ട സംഘം പിടിയിൽ. ആറംഗ സംഘമാണ് പിടിയിലായത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്‍പ്പെട്ട കാപ്പിസെറ്റ് ഭാഗത്ത് നിന്നുമാണ് സംഘം പിടിയിലായത്.
കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), കാരക്കാട്ടില്‍ ഷിജോഷ് (42), നെല്ലിക്കുന്നേല്‍ രാജേഷ് (49), വെട്ടുവെളിയില് റെജി മാത്യു (54) അഴിക്കണ്ണില് ബിജേഷ് (49) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 45 കിലോ ഇറച്ചി, ഇന്നോവ കാര്‍, ജീപ്പ്, സ്കൂട്ടര്‍, തോക്ക്, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു.
സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ. രാമന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുള്ളതായി വനംവകുപ്പ് അറിയിച്ചു.