കോഴിക്കോട്: പാതിവഴിയിൽ നിന്നു പോയ പാവങ്ങാട് –പുതിയാപ്പ മേൽപ്പാലത്തിന്റെ നിർമാണത്തിന് പുതുവേഗം. പൈലിംഗ് പ്രവൃത്തി രണ്ടാഴ്ചയ്ക്കകം ആരംഭിക്കും.
സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കോടതി കേസ് നിലനിന്നതിനാൽ വർഷങ്ങളായി പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ബിപിസിഎൽ അടക്കം അപ്രോച്ച് റോഡ് നിർമിക്കാനായി സ്ഥലം വിട്ടു നൽകാതെ കോടതിയെ സമീപിച്ചിരുന്നു. കേസ് അവസാനിച്ചതോടെ പ്രദേശവാസികളിൽ നിന്നും 49 സെന്റ് ഭൂമി ഏറ്റെടുത്തു.
സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായെങ്കിലും ഫണ്ട് ലഭിക്കാൻ വൈകിയതായിരുന്നു പിന്നീടുള്ള തടസം. എം.കെ.രാഘവൻ എംപിയുടെ ശ്രമഫലമായി അന്നത്തെ യുഡിഎഫ് സർക്കാർ മേൽപ്പാലം നിർമിക്കുന്നതിനായി തുക അനുവദിച്ചിരുന്നു. പതിനൊന്നു വർഷം മുമ്പ് റെയിൽവേ മേൽപ്പാലത്തിന്റെ പണി പൂർത്തിയായതാണ്.
റെയിൽവേ മേൽപ്പാലത്തിന്റെ തൂണുകളുടെ പണി പൂർത്തിയായ ശേഷം റെയിൽവേ അധികൃതർ പ്രദേശവാസികൾ ഉപയോഗിച്ചുവരുന്ന വഴി അടച്ചതോടെഎട്ട് കുടുംബങ്ങളാണ് ഇവിടെ ദുരിതത്തിലായത്. അപ്രോച്ച് റോഡ് നിർമാണം ആരംഭിച്ചു പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു
2025 ജനുവരിയിൽ മേൽപാല അപ്രോച്ച് റോഡിന്റെ രൂപകൽപന പൂർത്തിയായി.
കേന്ദ്രസർക്കാർ ഏജൻസിയായ റൈറ്റ്സ് (റെയിൽ ഇന്ത്യ ടെക്നിക്കൽ ആൻഡ് എക്കണോമിക് സർവീസ്) ആണ് റോഡിന്റെ ഡിസൈൻ തയാറാക്കിയത്. 12.82 കോടി നിർമാണത്തിനായി അനുവദിച്ചു. കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനാണ് നിർമാണ ചുമതല. പ്രവൃത്തിക്കു മുന്നോടിയായി ആർബിഡിസികെയുടെ നേതൃത്വത്തിൽ സ്ഥല പരിശോധന പൂർത്തിയായി.
പുതിയാപ്പ, വെള്ളയിൽ പ്രദേശങ്ങളെ ദേശീയ പാതയുമായി എളുപ്പം ബന്ധിപ്പിക്കാനാണ് മേൽപാലം നിർമിച്ചത്. പുതിയാപ്പ ഹാർബറിലേക്ക് പുതിയനിരത്ത് മേൽപാലത്തിനു സമീപത്തെ വീതി കുറഞ്ഞ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നത്.
മേൽപാലം വരുന്നതോടെ ഹാർബറിൽ എത്തുന്ന മത്സ്യത്തൊഴിലാളികൾക്കും വാഹനങ്ങൾക്കും എളുപ്പം കോഴിക്കോട് - കണ്ണൂർ ദേശീയപാതയിൽ എത്താം. പാവങ്ങാട് നിന്നും മേൽപാലത്തിലൂടെ ബീച്ച് വഴി ഗതാഗതക്കുരുക്കില്ലാതെ നഗരത്തിൽ എത്താനും കഴിയും.