കവൻട്രി: ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ. മാലാഖമാരുടെ സ്വർഗീയ സംഗീതത്തോടൊപ്പം അവർ ചേർന്നു പാടിയപ്പോൾ കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഉയർന്നു കേട്ടത് ശാന്തിയുടെയും പ്രത്യാശയുടെയും സുവർണ ഗീതങ്ങൾ.
കാരൾ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ച് ഡിസംബർ ആറിന് കവൻട്രി വില്ലൻഹാൾ സോഷ്യൽ ക്ലബിൽ ഗർഷോം ടിവിയും, ലണ്ടൻ അസഫിയൻസും ചേർന്നൊരുക്കിയ ജോയ് ടു ദി വേൾഡ് കാരൾ ഗാന മത്സരത്തിന്റെ എട്ടാം സീസണിൽ പങ്കെടുത്തത് യുകെയിലെ മികച്ച പന്ത്രണ്ട് ഗായകസംഘങ്ങൾ.
'ജോയ് ടു ദി വേൾഡ്’ സീസൺ 8 ഓൾ യുകെ കാരൾ ഗാന മത്സരത്തിൽ കിരീടം ചൂടിയ സാൾട്ലി സെൻറ് ബെനഡിക്ട് സീറോ മലബാർ മിഷൻ ക്വയർ ഗ്രൂപ്പിന് ആയിരം പൗണ്ട് കാഷ് അവാർഡും 'ജോയ് ടു ദി വേൾഡ്’ വിന്നേഴ്സ് ട്രോഫിയും ലഭിച്ചു.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ വിവിധ പള്ളികളെയും, സംഘടനകളെയും പ്രതിനിധീകരിച്ച് എത്തിയ പന്ത്രണ്ട് ഗായകസംഘങ്ങൾ മാറ്റുരച്ചപ്പോൾ സിനായ് മാർത്തോമ്മാ ചർച്ച് നോർത്ത് ലണ്ടൻ രണ്ടാം സ്ഥാനവും, മാഞ്ചസ്റ്റർ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ക്വയർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഹെർമോൻ മാർത്തോമ്മ ചർച്ച് മിഡ്ലാൻഡ്സ് നാലാം സ്ഥാനവും, സെന്റ് ചാവറ സീറോ മലബാർ മിഷൻ ചർച്ച് ക്വയർ അഞ്ചാം സ്ഥാനവും സെന്റ് ഹെലെന ക്വയർ വാറിംഗ്ടൺ ആറാം സ്ഥാനവും നേടി.