മങ്കൊമ്പ്: നീലംപേരൂർ കൃഷിഭവനിൽ ഉൾപ്പെട്ട കോഴിച്ചാൽ തെക്ക് പാടശേഖര സമിതിയുടെ നവീകരിച്ച ഗോഡൗണിന്റെയും പുതിയതായി നിർമിച്ച ഓഫീസിന്റെയും ഉദ്ഘാടനം സമിതി പ്രസിഡന്റ് പി.ബി. രമേശൻ പാണ്ടിശേരി നിർവഹിച്ചു. നീലംപേരൂർ കൃഷി ഓഫീസർ മനോജ് അഗസ്റ്റ്യൻ, ഡോ. നിമ്മി ജോസ് എന്നിവർ സന്നിഹിതരായിരുന്നു.
തുടർന്നു വിത്തുകളുടെ പരിചരണത്തെക്കുറിച്ചും വളപ്രയോഗത്തെക്കുറിച്ചും നിമ്മി ജോസ് ബോധവത്കരണ ക്ലാസ് നയിച്ചു. സമിതി കൺവീനർ ടി.കെ. ബിജു യോഗത്തിനു സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് വി.എം. അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
ഇതേ പാടശേഖരത്തിൽ കുട്ടനാട് പാക്കേജിൽപ്പെടുത്തി നാലരക്കോടിയുടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. പൊതുമടകൾ, കലിംഗുകൾ, മോട്ടോർ തറ, ബണ്ട്, കല്ലുകെട്ട് തുടങ്ങിയവയുടെ ജോലികൾ 80 ശതമാനംവരെ പൂർത്തീകരിച്ചതായി പാടശേഖരസമിതി പ്രതിനിധികൾ അറിയിച്ചു.
അടുത്തിടെ ജില്ലാ പഞ്ചായത്തിൽനിന്ന് അനുവദിച്ച 50 എച്ച്പിയുടെ സബ്മെഴ്സിബിൾ പമ്പ് ഈ പാടശേഖരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പരമ്പരാഗത പെട്ടിയും പറയ്ക്കും പകരമായുള്ള പുതിയ ജെറ്റ് പമ്പ് വെള്ളപ്പൊക്ക നാളുകളിലെ പമ്പിംഗിനു കൂടുതൽ അനുയോജ്യമാണ്. അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ നെൽകൃഷിക്കൊപ്പം നാടിനും ഗുണകരമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.