മുംബൈ: ഹെൻലി ആൻഡ് പാർട്ണേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ കരുത്തുറ്റ പാസ്പോർട്ടുകളുടെ പട്ടികയിൽ ഇന്ത്യ 75-ാം സ്ഥാനത്ത്. ഇതുവഴി 56 രാജ്യങ്ങളിലേക്ക് വീസയില്ലാതെ യാത്ര ചെയ്യാൻ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കു സാധിക്കും.
2025ൽ 85-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഈ വർഷം 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. റാങ്കിംഗിൽ മുന്നേറിയെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വീസയില്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ ഈ വർഷം ഒന്നിന്റെ കുറവുണ്ടാകും.
ഐവറി കോസ്റ്റ്, ഗാബണ്, മഡ്ഗാസ്കർ, മൗറിടാനിയ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യ റാങ്ക് പങ്കിടുന്നത്.
ഒരു രാജ്യത്തിന്റെ വിദേശനയത്തിന്റെ കരുത്തും ആഗോള രാഷ്ട്രീയത്തിൽ അതിന്റെ സ്ഥാനവുമാണ് പാസ്പോർട്ട് ഇൻഡക്സ് പ്രതിഫലിപ്പിക്കുന്നത്. 2000ത്തിന്റെ മധ്യം മുതലാണ് ഹെൻലി പാസ്പോർട്ട് ഇൻഡെക്സ് ആരംഭിക്കുന്നത്. അന്ന് മുതൽ സിംഗപ്പൂർ, ജപ്പാൻ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ രാജ്യങ്ങളാണ് പട്ടികയിൽ ആധിപത്യം പുലർത്തുന്നത്. സിംഗപ്പൂരാണ് ഒന്നാമത് വിസയില്ലാതെ പാസ്പോർട്ടുമായി 192 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.
ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. ഇവയുടെ പാസ്പോർട്ടുമായി 187 രാജ്യങ്ങൾ സന്ദർശിക്കാം. മൂന്നാം സ്ഥാനത്തുള്ള സ്വീഡൻ, യുഎഇ രാജ്യങ്ങളുടെ പാസ്പോർട്ടിൽ 186 രാജ്യങ്ങളിലെത്താം.
ഫ്രാൻസ്, ജർമനി, ഇറ്റലി, സ്പെയിൻ, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങൾ നാലാം സ്ഥാനത്താണ്. വീസയില്ലാതെ 185 രാജ്യങ്ങളിൽ രാത്ര ചെയ്യാം. ഓസ്ട്രിയ, ഗ്രീസ്, മാൾട്ട, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങൾ അഞ്ചാം സ്ഥാനത്താണ്. ഇവരുടെ പാസ്പോർട്ടുമായി 184 രാജ്യങ്ങൾ സന്ദർശിക്കാം.
ഇത്തവണത്തെ പ്രധാന മാറ്റം, യുഎസും (ഏഴാമത്) യുകെയും (10-ാമത്) ഹെൻലി പാസ്പോർട്ട് ഇൻഡക്സിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇല്ല എന്നതാണ്. ആദ്യ പത്തു സ്ഥാനങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യമാണ്. നോർഡിക് രാജ്യങ്ങളിൽ ഡെന്മാർക്ക്, ഫിൻലാൻഡ്, സ്വീഡൻ, നോർവെ രാജ്യങ്ങൾ ആദ്യ അഞ്ചിൽ ഉൾപ്പെടുന്നു.
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ മാലദ്വീപ് 49-ാം സ്ഥാനത്തും ചൈന 56-ാമതുമാണ്. പട്ടികയിൽ ഏറ്റവും താഴെയുള്ളവരിൽ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണ്. പാക്കിസ്ഥാൻ 97-ാമതും പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള അഫ്ഗാന് 101-ാം സ്ഥാനവുമാണ്. പാക് പാസ്പോർട്ടിൽ വീസയില്ലാതെ 32 കേന്ദ്രങ്ങളും അഫ്ഗാൻ പാസ്പോർട്ടിൽ 24 കേന്ദ്രങ്ങളും സന്ദർശിക്കാം.