National
ന്യൂഡല്‍ഹി: മരിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ വിധവകള്‍ പുനര്‍വിവാഹം ചെയ്താലും അവര്‍ക്ക് കുടുംബ പെന്ഷന് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. കേന്ദ്ര റിസര്‍വ് പോലീസ് സേനയിലെ അന്തരിച്ച ജവാന്റെ വിധവയ്ക്ക് പെന്ഷന് നല്‍കാനുള്ള ഉത്തരവ് ശരിവെച്ചുകൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
1972ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്ഷന് ചട്ടങ്ങളിലെ 54ാം വകുപ്പിന്റെ ഭരണഘടനാപരമായ സാധുത കോടതി ശരിവെച്ചു. കുട്ടികളില്ലാത്ത വിധവകള്‍ പുനര്‍വിവാഹം ചെയ്താലും അവര്‍ക്ക് മറ്റ് വരുമാനമാര്‍ഗങ്ങള്‍ ഇല്ലെങ്കില്‍ പെന്ഷന് നല്‍കുന്നത് നിയമപരമാണെന്ന് കോടതി വ്യക്തമാക്കി.
ജവാന്റെ മരണശേഷം പെന്ഷന് ലഭിച്ചുകൊണ്ടിരുന്ന വിധവ പുനര്‍വിവാഹം ചെയ്തതോടെ, പെന്ഷന് തങ്ങള്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജവാന്റെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. വിധവയ്ക്ക് പെന്ഷന് നല്‍കുന്നത് വിവേചനപരമാണെന്ന ഇവരുടെ വാദം കോടതി തള്ളി.
നിയമപ്രകാരം പെന്ഷന് ലഭിക്കുന്നതില്‍ ആദ്യ മുന്‍ഗണന വിധവയ്ക്കോ കുട്ടികള്‍ക്കോ ആണ്. ഇവര്‍ ഇല്ലാത്ത പക്ഷം മാത്രമേ മാതാപിതാക്കള്‍ക്ക് പെന്ഷന് അര്‍ഹതയുണ്ടാവുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.
Kerala
കണ്ണൂർ: പെൻഷൻ പരിഷ്കരണ നടപടികൾ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാതെ ഉടൻ പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നു കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പെൻഷൻ പരിഷ്കരണ ക്ഷാമാശ്വാസ കുടിശികകൾ അടിയന്തരമായി വിതരണം ചെയ്യുക, ക്ഷാമാശ്വാസം അനുവദിക്കുമ്പോൾ മുൻകാല പ്രാബല്യം അനുവദിക്കുക, മെഡിസെപ്പ് തുടർപദ്ധതിയിൽ ഒപിയും ഓപ്ഷനും ഉറപ്പു വരുത്തുക, വർധിപ്പിച്ച പ്രീമിയം തുക സർക്കാർതന്നെ നൽകുന്നതിനുള്ള നടപടി സ്വീകരിക്കുക, പെൻഷൻകാരുടെ സർവീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പ്രത്യേകമായി പെൻഷൻ വകുപ്പ് രൂപവത്കരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.
മൂന്നു ദിവസങ്ങളിലായി നടന്നുവന്ന സംസ്ഥാന സമ്മേളനത്തിന്റെ സമാപന കൗൺസിൽ കെപിസിസി ട്രഷറർ വി.എ. നാരായണൻ ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിഎ സംസ്ഥാന ട്രഷറർ പി. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു.
ഫെബ്രുവരി മൂന്നിന് എറണാകുളത്ത് നടക്കുന്ന പുതിയ കൗൺസിൽ യോഗത്തിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
District News
തേഞ്ഞിപ്പലം: പ്രതിമാസം 1000 രൂപ ലഭിക്കുന്ന സ്ത്രീസുരക്ഷാ പെൻഷന് അപേക്ഷിക്കാൻ പ്രായം തെളിയിക്കുന്ന രേഖയില്ലാത്തവർക്ക് പെടാപ്പാട്. പ്രായം തെളിയിക്കാനുള്ള രേഖകൾ ഇല്ലാത്തവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാൻ 100 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ് മൂലം നൽകണം.
എങ്കിലേ മെഡിക്കൽ ഓഫീസർമാർ സർട്ടിഫിക്കറ്റ് നൽകൂ. ഒൗദ്യോഗിക വിദ്യാഭ്യാസം നിർവഹിച്ചിട്ടില്ലെന്നും പ്രായം തെളിയിക്കാൻ മറ്റ് രേഖകൾ കൈവശമില്ലെന്നുമുള്ള സത്യപ്രസ്താവന 100 രൂപയുടെ മുദ്രപത്രത്തിലാണ് നൽകേണ്ടത്.
ഇതിനാൽ വെണ്ടർ ഓഫീസുകളിൽ ഏതാനും ദിവസങ്ങളായി ജനത്തിരക്കാണ്. മെഡിക്കൽ സർട്ടിഫിക്കറ്റിനായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾ മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സ്ഥിതിയുമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പ്രതിമാസം 1,000 രൂപ ലഭിക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് സ്ഥിരതാമസക്കാരായ ബിപിഎൽ കുടുംബങ്ങളിലെ 35നും 60 നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ പെൻഷന് അർഹത. എന്നാൽ പലർക്കും പെൻഷന് അപേക്ഷിക്കേണ്ടത് സംബന്ധിച്ച് ക്യത്യമായ അറിവില്ലാത്തതിനാൽ പലരും ബുദ്ധിമുട്ടുകയാണ്.
മുദ്രപത്രം വേഗത്തിൽ ലഭ്യമാക്കാൻ വേണ്ടത്ര വെണ്ടർമാർ ഇല്ലാത്തതും ജനങ്ങളെ ബാധിച്ചിട്ടുണ്ട്.
District News
തൃശൂർ: ഓഫീസിലെ സാന്പത്തികതിരിമറിയെത്തുടർന്ന് വാട്ടർ അഥോറിറ്റിയിൽ പ്യൂണായി ജോലിചെയ്തിരുന്നയാളെ 1990 ഡിസംബർ മുതൽ കാണാതായ സംഭവത്തിൽ ജീവനക്കാരന്റെ ഭാര്യക്കു കുടുംബ പെൻഷൻ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീതയുടെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണു നടപടി.
സർക്കാർ തീരുമാനം വാട്ടർ അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. ജീവനക്കാരൻ അപഹരിച്ച 46,359 രൂപ സർക്കാർ എഴുതിത്തള്ളിയതായി റിപ്പോർട്ടിൽ പറഞ്ഞു.
സ്വഭാവദൂഷ്യത്തിനു സർവീസിൽനിന്നു പുറത്തായതിനാൽ ആനുകൂല്യങ്ങൾ നൽകാൻ കഴിയില്ലെന്നായിരുന്നു വാട്ടർ അഥോറിറ്റിയുടെ നിലപാട്.
Kerala
തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക.
ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്.
ഒരുമാസത്തെ ക്ഷേമ പെന്ഷന് നല്കാന് നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പെൻഷൻ വർധിപ്പിച്ചു. 400 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ പെൻഷൻ 2000 രൂപയായി.
നവംബർ ഒന്ന് മുതലാണ് പെൻഷൻ വർധിപ്പിക്കുന്നത്. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Kerala
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേര്‍ക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 841 കോടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.
26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലും പെന്‍ഷനെത്തും. ഓണത്തിന് രണ്ടു മാസത്തെ പെന്ഷന് 3200 രൂപ വീതം വിതരണം ചെയ്തിരുന്നു.
8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടത്. ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അനുവദിച്ചു. ഈ വിഹിതം കേന്ദ്രസര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യേണ്ടത്.
Kerala
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്റ്ററിംഗിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ
ഞായറാഴ്ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് തീരുമാനം.
സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്താനാകും.