Kerala
കണ്ണൂർ: പോലീസുകാരെ വധിക്കാൻ ശ്രമിച്ച കേസ് പിൻവലിക്കാനുള്ള സർക്കാരിന്റെ അപേക്ഷ തള്ളി കോടതി. കണ്ണൂർ പഴയങ്ങാടി എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് പിൻവലിക്കാനായി സർക്കാർ സമർപ്പിച്ച അപേക്ഷയാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി തള്ളിയത്.
ലോക്കൽ സെക്രട്ടറി ഉൾപ്പെടെ 13 സിപിഎം പ്രവർത്തകർ പ്രതിയായ കേസിലാണ് കോടതി ഉത്തരവ്. 2015ൽ രാമന്തളിയിൽ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കോടതി നടപടി. കേസിൽ വിചാരണ തുടരാനും കോടതി നിർദേശിച്ചു.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഈ കേസിൽ ചുമത്തിയിരുന്നത്. അക്രമ സംഭവത്തിൽ എസ്ഐ ഉൾപ്പെടെയുള്ള പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
Kerala
തിരുവനന്തപുരം: ഗുണ്ടാ ബന്ധമുണ്ടെന്നു കണ്ടെത്തിയ സംസ്ഥാനത്തെ 14 പോലീസ് ഉദ്യോഗസ്ഥരും ഇപ്പോഴും സർവീസിൽ തുടരുന്നതായി രേഖകൾ.
ഗുണ്ടകളുമായി ബന്ധം പുലർത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഓരോ യോഗത്തിലും ആവർത്തിക്കുന്നതിനിടെയാണ് ഇവരെല്ലാം സർവീസിൽ തുടരുന്നതായി കണ്ടെത്തിയത്.
ഷാഫി പറന്പിൽ എംപിയെ മർദിച്ചതെന്നു പരസ്യമായി പറഞ്ഞ ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡും പിരിച്ചുവിടണമെന്നു ശിപാർശ ചെയ്ത ഉദ്യോഗസ്ഥരുടെ പട്ടികയിലുണ്ട്.
ഡിവൈഎസ്പി തസ്തികയിലുള്ള രണ്ടു പേരും ഇൻസ്പെക്ടർ തസ്തികയിലുള്ള രണ്ടുപേരും എസ്ഐ തസ്തികയിലെ ഒരാളും ഗ്രേഡ് എസ്ഐമാരായ മൂന്നു പേരും ഒന്നു വീതം ഗ്രേഡ് എഎസ്ഐ, എഎസ്ഐയും പട്ടികയിലുണ്ട്. സിപിഒ, സീനിയർ സിപിഒ തസ്തികയിലുള്ള നാലുപേരും ഗുണ്ടാ- പോലീസ് ബന്ധത്തിൽ ഉൾപ്പെട്ടവരാണ്.
Kerala
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകൻ വി.എസ്.സുജിത്തിനെ മർദിച്ച പോലീസുകാർക്ക് സസ്പെൻഷൻ. നാല് പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.
എസ്ഐ നൂഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. നാലു പോലീസുകാർക്കെതിരെയും കോടതി ക്രിമിനൽ കേസെടുത്തിട്ടുണ്ട്. തൃശൂർ റേഞ്ച് ഡിഐജി ഉത്തരമേഖലാ ഐജിക്ക് നൽകിയ റിപ്പോർട്ടിൽ പോലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്തിരുന്നു.
ശിപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറും വ്യക്തമാക്കിയിരുന്നു. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖലാ ഐജിക്ക് റിപ്പോർട്ട് നൽകിയത്.
സുജിത്തിനെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെയാണ് പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചത്. 2023 ഏപ്രിൽ അഞ്ചിനു ചൊവ്വന്നൂരിൽ വഴിയരികിൽ നിന്ന സുഹൃത്തുക്കളെ പോലീസ് ഭീഷണിപ്പെടുത്തിയതു ശ്രദ്ധയിൽപ്പെട്ട സുജിത്ത് കാര്യം തിരക്കിയതാണു പ്രകോപനമായത്.
സുജിത്തിനെ എസ്ഐ നുഹ്മാൻ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് അർധനഗ്നനാക്കി സ്റ്റേഷനിലെ ഇടിമുറിയിലെത്തിച്ചു. തുടർന്ന് എസ്ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ വളഞ്ഞിട്ടു മർദിക്കുകയായിരുന്നു.