കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള മൂന്ന് അപേക്ഷകളും പൂരിപ്പിച്ച് ഉത്തരവിന്റെ പകര്‍പ്പ് സഹിതം ഒറ്റക്കവറില്‍ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തിലെ ഏതു വരണാധികാരിക്കും നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്കി.
പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിക്കുന്നവര്‍ നഗരസഭകളില്‍ സമ്മതിദായകന്റെ പേര് ഉള്‍പ്പെടുന്ന വാര്‍ഡിന്റെ ചുമതലയുള്ള വരണാധികാരിക്ക് വേണം നല്കാന്. ഒരു അപേക്ഷ നല്കിയാല് മതിയാകും.
അപേക്ഷയില്‍ സമ്മതിദായകന്റെ പേരും പോസ്റ്റല്‍ മേല്‍വിലാസവും വോട്ടര്‍പട്ടികയുടെ ക്രമനമ്പരും. ഭാഗം (വിഭാഗം) നമ്പരും കൃത്യമായി രേഖപ്പെടുത്തണം.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ പോസ്റ്റല്‍ ബാലറ്റുകള്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയും ഗ്രാമപഞ്ചായത്തുകളുടെ ബാലറ്റുകള്‍ ഗ്രാമ പഞ്ചായത്ത് വരണാധികാരിയുമാണ് സമ്മതിദായകര്‍ക്ക് അയയ്ക്കുക.
ഈ വരണാധികാരികള്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് പേപ്പറുകളും രേഖകളും കവറുകളും ഒന്നിച്ചായിരിക്കും അയയ്ക്കുക. വോട്ടെണ്ണല്‍ ദിവസം രാവിലെ എട്ടിനു മുന്‍പ് തന്നെ വരണാധികാരിക്ക് ലഭിക്കും വിധം വോട്ട് രേഖപ്പെടുത്തിയ പോസ്റ്റല്‍ ബാലറ്റുകള്‍ അയയ്ക്കണം.