വാഷിംഗ്ടൺ ഡിസി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്ന ആവശ്യവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം പരിഹരിച്ചെന്ന അവകാശവാദം വീണ്ടും ആവർത്തിച്ച ട്രംപ് താൻ അവസാനിപ്പിച്ച എട്ടു യുദ്ധങ്ങളിൽ ഓരോന്നിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിക്കണമെന്നും പറഞ്ഞു.
എട്ടു യുദ്ധങ്ങൾ അവസാനിപ്പിച്ച ഞങ്ങൾ ഒന്നു കൂടി അവസാനിപ്പിക്കാൻ പോകുന്നെന്ന് റഷ്യ - യുക്രെയ്ൻ യുദ്ധത്തെ പരാമർശിച്ച് ട്രംപ് പറഞ്ഞു. ഓരോ യുദ്ധം അവസാനിപ്പിച്ചതിനും എനിക്ക് നൊബേൽ പുരസ്കാരം ലഭിക്കണം. പക്ഷേ അത്യാഗ്രഹിയാകാൻ എനിക്ക് താൽപ്പര്യമില്ല. ഈ യുദ്ധങ്ങളിൽ നഷ്ടപ്പെടുന്ന ജീവനുകളെക്കുറിച്ചാണ് എനിക്ക് കൂടുതൽ ആശങ്കയെന്നും ട്രംപ് പറഞ്ഞു.
ഞാൻ നൊബേൽ പുരസ്കാരം അർഹിക്കുന്നുവെന്ന് 2025ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോ പറഞ്ഞിരുന്നതായും ട്രംപ് പറഞ്ഞു.