തിരുവനന്തപുരം: പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങള്‍ ക്രമീകരിച്ചു നല്‍കാനുള്ള സോഫ്റ്റ്വേർ സജ്ജമായതായി റവന്യു മന്ത്രി കെ. രാജന് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് www. klarc.kerala.gov.in എന്ന പോര്‍ട്ടല്‍ ലിങ്കിലൂടെ ഇന്നുമുതല്‍ അപേക്ഷ സമര്‍പ്പിക്കാം.
കേരള ലാൻഡ് അസൈന്മെന്റ് (റെഗുലറൈസേഷന് ഓഫ് കോണ്ട്രാവന്ഷന്സ്) ചട്ടങ്ങള്‍ 2025 പ്രകാരമുള്ള പട്ടയ വ്യവസ്ഥകളിലെ ലംഘനങ്ങളാണ് ക്രമീകരിച്ചുനല്കുക. ഇതിനുള്ള പോര്‍ട്ടലില്‍ എങ്ങനെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്ന് മനസിലാക്കാനുള്ള വീഡിയോയുമുണ്ട്.
താമസത്തിനുള്ള കെട്ടിടങ്ങളും 3000 ചതുരശ്ര അടി വരെയുളള വാണിജ്യ കെട്ടിടങ്ങളുടെയും നിര്‍മിതികള്‍ ക്രമവത്കരിക്കാനുളള ഫോറം എ, പൊതു ഇടങ്ങള്‍, പൊതു കെട്ടിടങ്ങള്‍, എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്കായുള്ള ഫോറം ബി, ഇവയില്‍ ഉള്പ്പെടാത്തവയ്ക്കായുള്ള ഫോറം ഡി എന്നിവയുണ്ട്. ഭൂമിയുള്ള ജില്ല, താലൂക്ക്, വില്ലേജ്, തണ്ടപ്പേര് എന്നിവ രേഖപ്പെടുത്തണം. ചെലാന്‍ അടയ്ക്കല്‍ വരെ പൂര്‍ണമായും ഓണ്‍ലൈന്‍ ആണ്.
സുവീഥി പോര്‍ട്ടല്‍ ഫ്ലഡ് റോഡുകളുടെ നിര്‍മാണ അനുമതി മുതല്‍ ബില്‍ വിതരണംവരെയുള്ള എല്ലാ പ്രവൃത്തികള്‍ക്കുമായി സുവീഥി പോര്‍ട്ടല്‍ ദുരന്തനിവാരണ വകുപ്പ് സജ്ജീകരിച്ചു. ജനപ്രതിനിധികള്‍ക്ക് പ്രകൃതി ദുരന്തത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് അപേക്ഷിക്കാനും ആയതിന്റെ അനുമതി മുതല്‍ അന്തിമ ബില്‍ സമര്പ്പണംവരെയുള്ള പുരോഗതിയും ഓണ്‍ലൈനായി നിരീക്ഷിക്കാം.
നഗരങ്ങളിലും ഗ്രാമങ്ങളിലും പട്ടയ വിതരണത്തിന് നിലവിലുണ്ടായിരുന്ന വരുമാന പരിധി 2.5 ലക്ഷമാക്കിയാതയും മന്ത്രി പറഞ്ഞു. മുനിസിപ്പല്‍, കോര്പറേഷന് പരിധിയില്‍ രണ്ടര ലക്ഷമാക്കി നേരത്തേ ഉത്തരവിറക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതിവിനായുള്ള 65 ലെ ഭൂപതിവ് ചട്ടം ഭേദഗതി വരുത്തി ഒരുലക്ഷം രൂപയില്‍നിന്ന് 2.5 ലക്ഷമാക്കുന്നത്.ഭൂരേഖയ്ക്കുവേണ്ടി കാത്തിരിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് ആശ്വാസമാകുന്നതാണിത്.