ചെമ്പ് (വൈക്കം): മൂന്നു വർഷം മുമ്പ് പുല്ലാന്തിയാർ കണ്ടിട്ടുള്ള ആരും കരുതിയിരുന്നില്ല, വള്ളം തുഴഞ്ഞു പോകാൻ കഴിയുന്ന, ഇറങ്ങിക്കുളിക്കാൻ കഴിയുന്ന ഒരു പുഴയായി ഇതു മാറുമെന്ന്. പുല്ലും പോളയും പായലും വളർന്നു തിങ്ങി നീരൊഴുക്കും തടസപ്പെട്ട് മരണത്തിന്‍റെ വക്കിലായിരുന്നു പുല്ലാന്തിയാർ. ഒൻപതു കിലോമീറ്റർ ദൂരമുണ്ട് പുല്ലാന്തിയാറിന്. മൂവാറ്റുപുഴ ആറിന്‍റെ കൈവഴി. പുല്ലു വളർന്നു കയറുകയും പോള നിറയുകയും ചെയ്തതോടെ ചെറു വള്ളത്തിൽപ്പോലും ഇതുവഴി യാത്ര അസാധ്യമായിരുന്നു.
ഒഴുക്കു നിലച്ചതോടെ പുഴയിൽ വെള്ളം മലിനമായി. ഇറങ്ങുന്നവർക്കു ചൊറിച്ചിലും അസ്വസ്ഥതയും. ഇങ്ങനെ ആകെ നാശത്തിന്‍റെ വക്കിൽ നിൽക്കുന്പോഴാണ് ഏനാദി ചുറുതുരുത്തിൽ അനിൽകുമാർ
പ്രധാനമന്ത്രി പ്രചോദനമായി
പ്രധാനമന്ത്രി നരേന്ദ്രമോദി ചൂലുകൊണ്ട് റോഡ് വൃത്തിയാക്കുന്ന രംഗങ്ങൾ ടെലിവിഷനിൽ കാണുന്നത്. ഇതു കണ്ടതോടെ പുല്ലാന്തിയാർ വൃത്തിയാക്കാൻ ഒന്നു ശ്രമിച്ചാൽ എന്താണെന്നു തടിവെട്ട് തൊഴിലാളി കൂടിയായ അനിൽകുമാറിനു തോന്നി. പിന്നെ അതൊരു തീരുമാനവും നിശ്ചയദാർഢ്യവുമായി.
പിറ്റേന്നു മുതൽ രാവിലെ തന്‍റെ വള്ളത്തിൽ പുല്ലാന്തിയാറിൽ ഇറങ്ങി ശുചീകരണം നടത്തിത്തുടങ്ങി. ആരോടും പ്രതിഫലം ആവശ്യപ്പെടാതെ സഹായം തേടാതെ എല്ലാ ദിവസം രാവിലെ മുതൽ ഉച്ചവരെ പുല്ലാന്തിയാർ വൃത്തിയാക്കൽ അദ്ദേഹത്തിന്‍റെ ദിനചര്യയായി മാറി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും അനിൽകുമാർ തന്‍റെ ദൗത്യത്തിൽനിന്നു പിൻമാറിയില്ല.