ചെമ്പ് (വൈക്കം): മൂന്നു വർഷം മുമ്പ് പുല്ലാന്തിയാർ കണ്ടിട്ടുള്ള ആരും കരുതിയിരുന്നില്ല, വള്ളം തുഴഞ്ഞു പോകാൻ കഴിയുന്ന, ഇറങ്ങിക്കുളിക്കാൻ കഴിയുന്ന ഒരു പുഴയായി ഇതു മാറുമെന്ന്. പുല്ലും പോളയും പായലും വളർന്നു തിങ്ങി നീരൊഴുക്കും തടസപ്പെട്ട് മരണത്തിന്‍റെ വക്കിലായിരുന്നു പുല്ലാന്തിയാർ. ഒൻപതു കിലോമീറ്റർ ദൂരമുണ്ട് പുല്ലാന്തിയാറിന്. മൂവാറ്റുപുഴ ആറിന്‍റെ കൈവഴി. പുല്ലു വളർന്നു കയറുകയും പോള നിറയുകയും ചെയ്തതോടെ ചെറു വള്ളത്തിൽപ്പോലും ഇതുവഴി യാത്ര അസാധ്യമായിരുന്നു.
ഒഴുക്കു നിലച്ചതോടെ പുഴയിൽ വെള്ളം മലിനമായി. ഇറങ്ങുന്നവർക്കു ചൊറിച്ചിലും അസ്വസ്ഥതയും. ഇങ്ങനെ ആകെ നാശത്തിന്‍റെ വക്കിൽ നിൽക്കുന്പോഴാണ് ഏനാദി ചുറുതുരുത്തിൽ അനിൽകുമാർ
പ്രധാനമന്ത്രി പ്രചോദനമായി
പ്രധാനമന്ത്രി നരേന്ദ്രമോദി ചൂലുകൊണ്ട് റോഡ് വൃത്തിയാക്കുന്ന രംഗങ്ങൾ ടെലിവിഷനിൽ കാണുന്നത്. ഇതു കണ്ടതോടെ പുല്ലാന്തിയാർ വൃത്തിയാക്കാൻ ഒന്നു ശ്രമിച്ചാൽ എന്താണെന്നു തടിവെട്ട് തൊഴിലാളി കൂടിയായ അനിൽകുമാറിനു തോന്നി. പിന്നെ അതൊരു തീരുമാനവും നിശ്ചയദാർഢ്യവുമായി.
പിറ്റേന്നു മുതൽ രാവിലെ തന്‍റെ വള്ളത്തിൽ പുല്ലാന്തിയാറിൽ ഇറങ്ങി ശുചീകരണം നടത്തിത്തുടങ്ങി. ആരോടും പ്രതിഫലം ആവശ്യപ്പെടാതെ സഹായം തേടാതെ എല്ലാ ദിവസം രാവിലെ മുതൽ ഉച്ചവരെ പുല്ലാന്തിയാർ വൃത്തിയാക്കൽ അദ്ദേഹത്തിന്‍റെ ദിനചര്യയായി മാറി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും പിന്നിട്ടിട്ടും അനിൽകുമാർ തന്‍റെ ദൗത്യത്തിൽനിന്നു പിൻമാറിയില്ല.

പിന്മാറാതെ അനിൽകുമാർ
ഇതിനിടെ, അനിൽകുമാറിന്‍റെ തന്നെയുള്ള ശ്രമവും പ്രതിബദ്ധതയും നാട്ടിൽ ചർച്ചയായി. അതോടെ പഞ്ചായത്ത് ഭരണസമിതി തന്നെ മുൻകൈയെടുത്ത് പുഴ ശുചീകരിക്കാൻ ഒരു ശ്രമം നടത്തി. 65 പേരുടെ സംഘത്തെ രൂപപ്പെടുത്തി. എന്നാൽ, ഇവർ ഒരാഴ്ച കിണഞ്ഞു പരിശ്രമിച്ചിട്ടും 100 മീറ്റർ ദൂരത്തിലെ പോളയും പായലും നീക്കാനേ കഴിഞ്ഞുള്ളൂ. അത്രയ്ക്കു ദുഷ്കരമായിരുന്നു ജോലി.
എന്നാൽ, തന്‍റെ ശ്രമംകൊണ്ട് ഒാരോ ദിവസവും അല്പാല്പമായി പായൽ നീങ്ങി വെള്ളം തെളിയുന്നത് കണ്ടതോടെ അനിൽകുമാറിന് ആവേശമായി. അങ്ങനെ മൂന്നര വർഷംകൊണ്ട് അഞ്ചു കിലോമീറ്റർ ഭാഗം വൃത്തിയാക്കി പുല്ലാന്തിയാറിനെ വീണ്ടെടുത്തിരിക്കുകയാണ് ഈ സാമൂഹ്യസ്നേഹി.
തിരിച്ചുവന്ന കൃഷി
പുഴ പുല്ലുകയറി കടന്ന സമയത്ത് ശുദ്ധജലം കിട്ടാതെ ഇരുകരകളിലെയും കൃഷികളും മറ്റും നിലച്ചു പോയിരുന്നു. എന്നാൽ, ഇപ്പോൾ ആറ്റിലെ വെള്ളം തെളിഞ്ഞു നീരൊഴുക്കായതോടെ ഇരുകരകളിലും വാഴ കൃഷിയും പച്ചക്കറി കൃഷിയുമടക്കം സജീവമായി. തെളിഞ്ഞൊഴുകുന്ന പുല്ലാന്തിയാറിന്‍റെയും ഹരിതാഭമായ ഇരുകരകളുടെയും ഈ മാറ്റത്തിനു കാരണക്കാരൻ അനിൽകുമാർ എന്ന ഒറ്റ വ്യക്തിയാണെന്ന് നാട്ടുകാർ ഒറ്റക്കെട്ടായി പറയുന്നു. ചെമ്പ് ഏനാദി കാട്ടിത്തറ മുതൽ കല്ലുകുത്താംകടവ് വരെയും മണപ്പുറം മുതൽ ചെമ്പകശേരി പാലം, ചെറുതുരുത്തി ദേവസ്വംകരിവരെയുള്ള അഞ്ചു കിലോമീറ്റർ ദൂരം പുല്ലാന്തിയാറിലൂടെ ആളുകൾ വള്ളത്തിൽ സഞ്ചരിക്കുന്നതു കാണുമ്പോൾ അനിൽകുമാറിനും അഭിമാന നിമിഷം. പുല്ലാന്തിയാറിനെ വീണ്ടെടുക്കാൻ ഒറ്റയ്ക്കിറങ്ങിയ അനിൽകുമാറിനെ വിവിധ സംഘടനകൾ കഴിഞ്ഞദിവസം ഉപഹാരം നൽകി ആദരിച്ചു. എന്നാൽ, പുല്ലാന്തിയാറിന്‍റെ ശേഷിക്കുന്ന ഭാഗം കൂടി വൃത്തിയാക്കി പുഴ പൂർണമായി വീണ്ടെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇദ്ദേഹം. അവിവാഹിതനായ അനിൽകുമാർ ഒറ്റയ്ക്കാണ് താമസം.
Tags : cleaned a river Modi's broom swachh bharat Swachh Bharat Mission cleaned a river alone vaikam river pullathiyar Inspired by Narendra Modi