കടുത്തുരുത്തി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ഇന്നു കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കടുത്തുരുത്തിയിൽ സ്വീകരണം നല്‍കും. യാത്രയ്ക്കു നിയോജകമണ്ഡലത്തില്‍ വരവേല്‍പ്പ് നല്‍കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചതായി യുഡിഎഫ് നിയോജകമണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കീല്‍, കണ്‍വീനര്‍ മാഞ്ഞൂര്‍ മോഹന്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ 10.30ന് കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ടിലെ വേദിയില്‍ പൊതുസമ്മേളനം ആരംഭിക്കും. 11ന് കടുത്തുരുത്തി പുതിയ ബൈപാസ് ജംഗ്ഷനില്‍ പുതുയുഗ യാത്രക്ക് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ജാഥാ അംഗങ്ങളെയും മോന്‍സ് ജോസഫ് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്വീകരിക്കും. തുടര്‍ന്ന് പ്രകടനമായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രതിപക്ഷ നേതാവിനെ കടുത്തുരുത്തി ടൗണിലെ സമ്മേളന വേദിയിലേക്ക് ആനയിക്കും.
യുഡിഎഫ് യുവജന-വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് ജാഥയെ വരവേല്‍ക്കുന്നത്. പൊതുസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, ബെന്നി ബഹനാന് എംപി, കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വി.കെ. ശ്രീകണ്ഠന് എംപി, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍, യുഡിഎഫ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്, നാട്ടകം സുരേഷ്, ഇ.ജെ. അഗസ്തി, ഫില്‍സണ്‍ മാത്യൂസ്, ജെയ്സണ്‍ ജോസഫ്, അസീസ് ബഡായി, സുനു ജോര്‍ജ്, ജയിംസ് പുല്ലാപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിക്കും.
വാഹന ക്രമീകരണം
കടുത്തുരുത്തി: ജാഥയില്‍ പങ്കെടുക്കാനെത്തുന്ന ഏറ്റുമാനൂര്‍, കുറവിലങ്ങാട്, ഉഴവൂര്‍, മരങ്ങാട്ടുപള്ളി ഭാഗത്തുന്നു വരുന്ന വാഹനങ്ങള്‍ ബൈപാസ് റോഡിലും മുട്ടുചിറ ഭാഗത്തുമായി ക്രമീകരിക്കണമെന്നും മുളക്കുളം, ഞീഴൂര്‍, ആപ്പാഞ്ചിറ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മാര്‍ക്കറ്റ് ജംഗ്ഷനു സമീപത്തും ഗൗരീശങ്കരം ഓഡിറ്റോറിയത്തിന്റെ ഭാഗത്തും ക്രമീകരിക്കണമെന്നും സംഘാടകര്‍ അറിയിച്ചു.