Kerala
കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഇഡി റെയ്ഡില്‍ നിര്‍ണായക കണ്ടെത്തലുകള്‍. 1.3 കോടി വില വരുന്ന ആസ്തികൾ മരവിപ്പിച്ചെന്ന് ഇഡി അറിയിച്ചു . കേസിലെ പ്രധാന പ്രതികളുടെ സ്വത്തുക്കളാണ് മരവിപ്പിച്ചത്.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. സ്മാർട്ട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണം പിടിച്ചെടുത്തെന്നും ഇഡി അറിയിച്ചു. സ്വർണ കട്ടികളാണ് കണ്ടെത്തിയത്. സ്വർണം ചെമ്പാക്കിയ രേഖയും റെയ്ഡില്‍ കണ്ടെത്തിയെന്ന് ഇഡി അറിയിച്ചു.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നാണ് രേഖകൾ പിടിച്ചെടുത്തത്. 2019 നും 2024 നും ഇടയിൽ പുറപ്പെടുവിച്ച ഉത്തരവും ഇഡി കസ്റ്റഡിയിലെടുത്തു.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥരുടെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലായിരുന്നു ഇന്നലെ ഇഡി വ്യാപക റെയ്ഡ് നടത്തിയത്.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സത്യം അന്വേഷിക്കുന്ന ഏത് പ്രവർത്തിക്കുമൊപ്പവും നിൽക്കുമെന്നും ജയകുമാർ വ്യക്തമാക്കി.
ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം ആണെന്നും ഭാവിയിൽ അതുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഞങ്ങളുടെ ജോലിയെന്നും ജയകുമാർ പറഞ്ഞു. കോടതി നിർദേശത്തിൽ അന്വേഷിക്കുന്ന ഒരു കേസിൽ ഒരു അഭിപ്രായവും താൻ പറയില്ലെന്നും അന്വേഷണത്തിൽ കൂടുതൽ സുതാര്യത ഉണ്ടാകണമെന്നും ജയകുമാർ പറഞ്ഞു.
ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളിൽ വിശ്വാസികൾക്ക് സംശയങ്ങളുണ്ട്. അത് വീണ്ടെടുക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എസ്ഐടി സംഘം പരിശോധനയ്ക്കായി സന്നിധാനത്തെത്തി.
Kerala
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി കേരളമടക്കം മൂന്നു സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായി സ്ഥിരീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവന. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം, കൊച്ചി സോണൽ ഓഫീസിലെ ഇഡി വിഭാഗം കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി 21 സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ഇഡി കുറിപ്പിൽ പറയുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, സ്വകാര്യ വ്യക്തികൾ, ഇടനിലക്കാർ, ജ്വല്ലറികൾ എന്നിവർ അടക്കം എഫ്ഐആറുകളിൽ പരാമർശിക്കപ്പെടുന്ന കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സ്വർണം പൊതിഞ്ഞ വിശുദ്ധ വസ്തുക്കൾ മനഃപൂർവം "ചെമ്പ് തകിടുകൾ" ആയി തെറ്റായി ചിത്രീകരിച്ചു നിയമവിരുദ്ധമായി കടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിലെയും കർണാടകയിലെയും സ്വകാര്യ സൗകര്യങ്ങളിൽ രാസപ്രക്രിയകൾ വഴി സ്വർണം വേർതിരിച്ചെടുത്തതായും ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ വസ്തുതകൾ കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുറ്റകൃത്യങ്ങൾ, അഴിമതി, കള്ളപ്പണം വെളിപ്പിക്കൽ തുടങ്ങിയവ അന്വേഷണ പരിധിയിലുണ്ടെന്നു കുറിപ്പിൽ പറയുന്നു.
Kerala
ആലപ്പുഴ: ചെങ്ങന്നൂരിൽ എട്ട് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. റെയിൽവേ സ്റ്റേഷനു സമീപം വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ എക്സൈസ് സംഘം ആണ് പിടികൂടിയത്.
ആയിരത്തോളം കിലോ വരുന്ന ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ എക്സൈസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനു സമീപം അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിലായിരുന്നു പുകയില ഉത്പന്നങ്ങൾ ശേഖരിച്ചിരുന്നത്.
ചൊവ്വാഴ്ച രാത്രി 8:30 ഓടെ വീട്ടിലെ അസ്വാഭാവികമായ സാഹചര്യങ്ങളിൽ സംശയം തോന്നിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. ഉടൻതന്നെ വാർഡ് കൗൺസിലർ സിനി ബിജുവിനെ വിവരമറിയിക്കുകയും അവർ പോലീസിനും എക്സൈസിനും വിവരം കൈമാറുകയുമായിരുന്നു.
എക്സൈസ് ഇൻസ്പെക്ടർ കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നടത്തിയ വിശദമായ പരിശോധനയിലാണ് ചാക്കുകളിലും പെട്ടികളിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെടുത്തത്. പിടിച്ചെടുത്ത ഉത്പന്നങ്ങൾക്ക് വിപണിയിൽ എട്ടു ലക്ഷത്തോളം രൂപ വില വരുമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
കോഡ്പ നിയമപ്രകാരമാണ് ഏഴു പേർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിവന്റീവ് ഓഫീസർ ബി. സുനിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആർ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ. രതീഷ്, വിഷ്ണു വിജയൻ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
International
അങ്കാറ: വടക്കുപടിഞ്ഞാറൻ തുർക്കിയിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ആറ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കൊല്ലപ്പെട്ടു.
മൂന്നു പോലീസുകാരും കൊല്ലപ്പെട്ടു. എട്ടു പോലീസുകാർക്കും ഒരു നൈറ്റ് ഗാർഡിനും പരിക്കേറ്റു. യാലോവ പ്രവിശ്യയിലെ എൽമാലി ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ.
ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് പോലീസ് ഇരച്ചുകയറുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന അഞ്ച് സ്ത്രീകളെയും ആറ് കുട്ടികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. കൊല്ലപ്പെട്ട ഭീകരരെല്ലാം തുർക്കി പൗരന്മാരാണ്.
രാജ്യത്തെ 15 പ്രവിശ്യകളിൽ റെയ്ഡ് നടന്നുവെന്ന് ആഭ്യന്തരമന്ത്രി അലി യേർലികയ പറഞ്ഞു. കഴിഞ്ഞയാഴ്ച പോലീസ് നടത്തിയ റെയ്ഡിൽ 115 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നുവെന്നു പോലീസ് പറഞ്ഞു.
National
മുംബൈ: നടി ശിൽപ ഷെട്ടിയുടെ മുംബൈയിലെ വസതിയിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തി. നടിയുടെ ഉടമസ്ഥതയിലുള്ള ബംഗുളൂരുവിലെ റസ്റ്റോറന്റുമായി ബന്ധപ്പെട്ട കേസിലാണ് ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
അതേസമയം, അനുവദനീയമായ സമയത്തിനു ശേഷവും പ്രവർത്തിച്ചതിനും നിയമങ്ങൾ ലംഘിച്ച് രാത്രി വൈകിയുള്ള പാർട്ടികൾ നടത്തിയതിനും നടിയുടെ ഉടമസ്ഥതയിലുള്ള ബാസ്റ്റ്യൻ റെസ്റ്റൊറന്റിനെതിരെ കർണാടക പോലീസ് കേസെടുത്തിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഡിസംബർ 11 ന്, ബാസ്റ്റ്യൻ റസ്റ്റോറന്റ് നിശ്ചിത സമയത്തിനു ശേഷവും പുലർച്ചെ 1.30 വരെ പ്രവർത്തനം തുടർന്നു. നിയമം ലംഘിച്ചതിന് ഔട്ട്ലെറ്റിന്റെ മാനേജർമാർക്കും ജീവനക്കാർക്കുമെതിരെ കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. നഗരത്തിലെ സെന്റ് മാർക്ക്സ് റോഡിലാണ് റസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്.
നിയമങ്ങള്‍ ലംഘിച്ചതിന് സ്ഥാപനത്തിന്റെ മാനേജര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ബാസ്റ്റ്യന്‍ കൂടാതെ റസിഡന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന സോര്‍ ബെറി പബ്ബിനെതിരെയും കേസെടുത്തിട്ടുണ്ട്.
കൂടാതെ, 2015 മുതല്‍ 2023 വരെ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 60 കോടി നിക്ഷേപിക്കാന്‍ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ചേര്‍ന്ന് പ്രേരിപ്പിക്കുകയും നിക്ഷേപിച്ച തുക അവര്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനാല്‍ വഞ്ചിക്കപ്പെട്ടെന്നും കാണിച്ച് ദീപക് കോത്താരി എന്നയാള്‍ നല്കിയ കേസ് ശിൽപയ്ക്കും ഭര്‍ത്താവിനുമെതിരെ നിലനില്‍ക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച ചാരായവും കോടയും പിടികൂടി. എക്സൈസ് നടത്തിയ പരിശോധയിലാണ് ചാരായവും കോടയും കണ്ടെത്തിയത്. തുടർന്ന് 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു.
സംഭവത്തിൽ കാട്ടിലകുഴി മധു എന്നറിയപ്പെടുന്ന മധുവിനെ അറസ്റ്റ് ചെയ്തെന്ന് എക്സൈസ് അറിയിച്ചു. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ നിഷാദ് എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലും പത്തിൽ അധികം ക്രിമിനൽ അബ്കാരി കേസുകളിലെയും പ്രതിയാണ് മധു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ മോൻസി, രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുബിൻ, ആരോമൽ രാജൻ, ശരത്, ഗോകുൽ, അക്ഷയ്, ശരൺ, വനിത സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുടെ മകൻ ജയ് അൻമോൽ അനിൽ അംബാനിയുടെ വീട്ടിൽ സിബിഐ റെയ്ഡ്.
228 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കേസെടുത്തതിനു പിന്നാലെയാണ് ജയ് അൻമോലിന്റെ വീട്ടിൽ സിബിഐ സംഘമെത്തിയത്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയെ 228 കോടി രൂപ വഞ്ചിച്ചെന്നാണു പരാതി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (ആർഎച്ച്എഫ്എൽ), മുൻ സിഇഒ രവീന്ദ്ര ശരദ് സുധാകർ എന്നിവർക്കെതിരേയും കേസെടുത്തിട്ടുണ്ട്. മുംബൈ കഫേ പരേഡിലുള്ള ജയ് അൻമോലിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
National
ശ്രീനഗർ: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകാഷ്മീരിലെ അനന്ത്നാഗിലും കുൽഗാമിലും എൻഐഎ റെയ്ഡ്.
ഒളിത്താവളങ്ങളെക്കുറിച്ച് പ്രതികൾ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ അനന്ത്നാഗിലെ വനമേഖലയിലും കുൽഗാമിലെ വാൻപോറയിലും റെയ്ഡ് നടത്തുകയായിരുന്നു.
സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. അദീൽ റാത്തർ, ജാസിർ ബിലാൽ വാനി എന്നിവരുമായി പ്രദേശത്ത് തെളിവെടുപ്പും നടത്തി.
Kerala
തിരുവനന്തപുരം: യുട്യൂബർ കെ.എം. ഷാജഹാന്റെ വീട്ടിൽ പോലീസ് പരിശോധന. ഉള്ളൂരിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്.
ഷാജഹാനും കുടുംബവും വീട്ടിലില്ലാത്ത സമയത്താണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. പോലീസ് സംഘം എത്തിയപ്പോൾ വീട്ടിലെ ജോലിക്കാരി തടഞ്ഞുവെങ്കിലും പോലീസ് അകത്ത് കടക്കുകയായിരുന്നു.
കോടതിയുടെ സേർച്ച് വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഷാജഹാൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ്. ശ്രീജിത്ത് മ്യൂസിയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
National
ശ്രീനഗർ: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി (ജെഇഐ)യുമായി ബന്ധമുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി പോലീസ്. എട്ട് ജില്ലകളിലായി 20 ലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി.
പുൽവാമ പോലീസ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തെക്കൻ കാഷ്മീർ മേഖലയിൽ പുലർച്ചെയാണ് തിരച്ചിൽ ആരംഭിച്ചത്. പിന്നീട് മധ്യ, വടക്കൻ കാഷ്മീരിലെ മറ്റ് ജില്ലകളിലും പരിശോധന നടത്തി.
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ തീവ്രവാദ ശൃംഖലകൾ തകർക്കുന്നതിനും ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള ജമ്മുകാഷ്മീർ പോലീസിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധനകൾ നടന്നത്.
അതേസമയം, തീവ്രവാദ ബന്ധം ആരോപിച്ച് ജമ്മു പോലീസ് റിയാസി ജില്ലയിൽ നിന്നുള്ള 19കാരനെ അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനിലും മറ്റ് രാജ്യങ്ങളിലും ഉള്ള വ്യക്തികളുമായി പ്രതിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Kerala
പാലക്കാട്: മണ്ണാർക്കാട് വട്ടമ്പലം പിലാപ്പടിയിൽ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ അറസ്റ്റിൽ. രഞ്ജൻകുമാർ, ഗണഷേ ബിഷോയ് എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസിന്റെ പ്രത്യേക സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 12 കിലോ കഞ്ചാവുമായാണ് ഇവർ അറസ്റ്റിലായത്.
സ്വകാര്യ ബസിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Kerala
മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. അൻവറിന്റെ മലപ്പുറത്തെ വീട്ടിലും മഞ്ചേരി പാർക്കിലും സഹായി സിയാദിന്റെ വീട്ടിലും ഇഡി പരിശോധന നടക്കുന്നുണ്ട്.
ഇന്നു രാവിലെ 6.30യോടെയാണ് അൻവറിന്റെ വീട്ടിലെ പരിശോധന തുടങ്ങിയത്. ചെന്നൈ, കോഴിക്കോട്, കൊച്ചി യൂണിറ്റുകളാണ് പരിശോധന നടത്തുന്നത്.
2015 ലാണ് അൻവറും സഹായി സിയാദും ചേര്‍ന്ന് 12 കോടി രൂപ
കെഎഫ്സി(കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന്)യില്നിന്ന് കടമെടുത്തത്. ഈ കേസ് നിലവിൽ വിജിലൻസും അന്വേഷിക്കുന്നുണ്ട്.
അൻവറിന്റെ സിൽസില പാർക്കിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. മതിയായ രേഖകളില്ലാതെയാണ് അൻവർ മലപ്പുറത്തെ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ലോണെടുത്തത്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് വായ്പയെടുത്തെന്നാണ് ആക്ഷേപം.
ഇക്കാലയളവിൽ അൻവർ എൽഡിഎഫിനൊപ്പം ചേർന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ഭരണസ്വാധീനം ഉപയോഗിച്ച് വായ്പയെടുത്തെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഞ്ചു കോടിയുടെ മുകളിലേക്കുള്ള സാമ്പത്തിക തിരിമറി ആയതിനാലാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്.
Kerala
ഇടുക്കി: വാഗമണ്ണിൽ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺതാര എന്നിവരാണ് പിടിയിലായത്.
പീരുമേട് എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വാഗമൺ കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്.
Kerala
കൊച്ചി: വിദേശ പഠനം, തൊഴില്‍ റിക്രൂട്ട്മെന്റ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അജിനോറയുടെ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്.
12 ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ വന്‍ നികുതിവെട്ടിപ്പ് കണ്ടെത്തി. ആദായനികുതി റിട്ടേണ്‍ സമര്പ്പിക്കാതെയാണു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
കൊച്ചി ഇടപ്പള്ളിയിലെ ആസ്ഥാനത്തും രാജ്യത്തെ ശാഖകളിലുമാണ് റെയ്ഡ് നടത്തിയത്. ബുധനാഴ്ച ആരംഭിച്ച റെയ്ഡ് ഇന്നലെ വൈകുന്നേരം വരെ നീണ്ടു. കഴിഞ്ഞ ആറുവര്‍ഷത്തെ ഇടപാടുകളാണു പരിശോധിച്ചത്.
Kerala
കൊല്ലം: പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.
വിവിധ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ‘ഓപ്പറേഷൻ ഷൈലോക്’ എന്ന പേരിൽ പോലീസ് റെയ്ഡ് നടത്തിയത്.
പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിൽ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. റെയ്ഡിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പോലീസ് അറിയിച്ചു.