മലപ്പുറം: അതിവേഗ റെയിൽ പദ്ധതിയുമായി മെട്രോമാൻ ഇ. ശ്രീധരൻ മുന്നോട്ട്. ഇതിന്റെ ഭാഗമായി ഇന്നലെ പൊന്നാനിയിൽ ഓഫീസ് തുറന്നു. രാവിലെ ഒന്പതിന് ശ്രീധരന്റെ ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഓഫീസ് ഉദ്ഘാടനം ചെയ്തു.
തന്റെ ആശയത്തിലുള്ള പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ സംശയങ്ങൾ ദൂരീകരിക്കാനുമാണ് ആദ്യഘട്ടമെന്ന നിലയിൽ ഓഫീസ് ഉപയോഗിക്കുകയെന്ന് ശ്രീധരൻ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. ജനങ്ങളിലേക്കു പദ്ധതിയുടെ വിശദാംശങ്ങളുമായി ഇറങ്ങാനാണ് തീരുമാനം. ഫെബ്രുവരി 15 മുതൽ യോഗങ്ങൾ നടത്തും.
ആദ്യ യോഗങ്ങൾ മലപ്പുറത്തായിരിക്കും. പദ്ധതി പ്രകാരം ട്രെയിൻ കടന്നുപോകുന്ന മറ്റ് ജില്ലകളിലും യോഗം നടത്തി കാര്യങ്ങൾ വിശദീകരിക്കും. ഇന്ന് മുതൽ അതിവേഗ റെയിലിന്റെ ജോലികൾ ആരംഭിക്കുമെന്നും ശ്രീധരൻ പ്രതികരിച്ചു. ഡിപിആർ തയാറാക്കാൻ 13 കോടി രൂപ ആവശ്യപ്പെട്ടതായും വിഷയത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുമെന്നും ശ്രീധരൻ പറഞ്ഞു.
“നമ്മൾ എന്തു ചെയ്യുന്പോഴും നാട്ടുകാർക്ക് ഉപദ്രവമുണ്ടാകരുത്. ജനങ്ങളെ പൂർണമായും വിശ്വസത്തിലെടുത്തു മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ. ആളുകളുടെ സ്വത്ത് പരമാവധി സംരക്ഷിച്ചുകൊണ്ടാകും പദ്ധതി നടപ്പാക്കുക. ജോലിക്കായി ജീവനക്കാർ ഒരോരുത്തരായി എത്തിച്ചേരും. അവർക്കാവശ്യമായ നിർദേശം നൽകും”-ശ്രീധരൻ പറഞ്ഞു.
ഏപ്രിൽ- മേയ് മാസത്തോടെ ഫീൽഡ് വർക്ക് തുടങ്ങും. ഏതൊക്കെ സ്റ്റേഷനുകളാണു വേണ്ടതെന്നു ധാരണയായിട്ടുണ്ട്. പദ്ധതിയിൽ 22 സ്റ്റേഷനുകളാണുള്ളത്. റെയിൽവേ മന്ത്രിയുടെ നിർദേശ പ്രകാരമാണ് മുന്നോട്ടുപോകുന്നതെന്നും സംസ്ഥാന സർക്കാരിനെ ഇപ്പോൾ അറിയിക്കേണ്ട കാര്യമില്ലെന്നും ഇപ്പോഴത്തെ എതിർപ്പുകളെല്ലാം ഇല്ലാതാകുമെന്നും ഏറ്റെടുക്കുന്ന ഭൂമിക്ക് ഏറ്റവും ഉയർന്ന വില നൽകാനാകുമെന്നും ശ്രീധരൻ പറഞ്ഞു.
“ഇത്രയും മികച്ച പദ്ധതിയിൽനിന്നു സർക്കാർ മാറിനിൽക്കുമെന്നു കരുതുന്നില്ല. രേഖാമൂലമുള്ള ഉത്തരവ് ലഭിക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയും.
പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി എന്നോടു പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി എനിക്ക് ഫുൾ പവർ നൽകിയിട്ടുണ്ട്. അദ്ദേഹം നേരിട്ട് പറഞ്ഞതുകൊണ്ടാണു പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. ആരെ സർവേ ഏൽപ്പിക്കണമെന്ന്” എന്നോട് ചോദിച്ചപ്പോഴാണ് ഡിഎംആർസിയെ ഏൽപ്പിക്കാൻ പറഞ്ഞത്. എന്നോട് ചുമതല ഏറ്റെടുക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി തന്നെയാണ് പറഞ്ഞത്. ഇതൊരു ലാഭത്തിനുവേണ്ടിയുള്ള പദ്ധതിയല്ല. മറിച്ച്, ജനങ്ങൾക്കു വേണ്ടിയുള്ളതാണ്’'-ശ്രീധരൻ പറഞ്ഞു.