ആലപ്പുഴ: ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തയാറായതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻകൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. വോട്ടിംഗ് യന്ത്രങ്ങളുടെ പ്രാഥമിക പരിശോധന പൂർത്തിയായി.
പുതുതായി രൂപവത്കരിച്ച ബൂത്തുകൾ ഉൾപ്പെടെ ആകെ 1898 ബൂത്തുകളാണ് നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
വോട്ടിംഗിന് ആവശ്യമായ ബാലറ്റ് യൂണിറ്റുകൾ, കൺട്രോൾ യൂണിറ്റുകൾ, വിവി പാറ്റുകൾ എന്നിവയുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ഈ മാസം 20, 21 തീയതികളിൽ തെരഞ്ഞെടുക്കപ്പെട്ട യന്ത്രങ്ങളിൽ മോക് പോൾ നടത്തി കൃത്യത ഉറപ്പുവരുത്തി.
പ്രാഥമിക പരിശോധനയുടെ ഭാഗമായി നടത്തിയ മോക് പോളിൽ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും പ്രതിനിധികളും പങ്കെടുത്തു. രാഷ്ട്രീയകക്ഷി പ്രതിനിധികൾ തെരഞ്ഞെടുത്ത മോക് പോളിൽ നിശ്ചിത എണ്ണം യന്ത്രങ്ങളിൽ വോട്ടുകൾ രേഖപ്പെടുത്തി യന്ത്രങ്ങളുടെ കൃത്യത ഉറപ്പുവരുത്തി.