Kerala
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ നിമ്മി റപ്പായി രാജിവച്ചു. കോർപ്പറേഷനിലേക്ക് മൽസരിക്കാൻ കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി വച്ചത്.
എൻസിപിയിൽ ചേരുമെന്നും ഒല്ലൂർ ഡിവിഷനിൽ എൻസിപി ടിക്കറ്റിൽ മൽസരിക്കുമെന്നും നിമ്മി പറഞ്ഞു. കുരിയച്ചിറ ഡിവിഷൻ കൗൺസിലറായിരുന്നു നിമ്മി റപ്പായി.
കോൺഗ്രസ് ചതിച്ചുവെന്നും അവസാന നിമിഷം വരെ സ്ഥാനാർഥിയാക്കാം എന്ന് പറഞ്ഞു പറ്റിക്കുകയുമായിരുന്നു. ഇനി എൽഡിഎഫിനൊപ്പം മത്സരിച്ച് കൗൺസിലിലേക്ക് തിരിച്ചുവരുമെന്നും നിമ്മി കൂട്ടിച്ചേർത്തു.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദത്തിൽ ബിബിസിയിൽ രാജി. ഡയറക്ടർ ജനറൽ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറാ ടർണസും രാജിവച്ചു.
2021 ജനുവരി ആറിന് വാഷിംഗ്ടണിലെ ക്യാപിറ്റോൾ ആക്രമിക്കുന്നതിന് മുമ്പ് ട്രംപ് നടത്തിയ പ്രസംഗം എഡിറ്റ് ചെയ്തുവെന്നാണ് ആരോപണം.
അഞ്ച് വർഷത്തിന് ശേഷം ജോലി ഉപേക്ഷിക്കുന്നത് 'പൂർണമായും എന്റെ തീരുമാനമാണെന്ന്' ഡേവി ജീവനക്കാർക്ക് അയച്ച കത്തിൽ പറഞ്ഞു.
ട്രംപ് ഡോക്യുമെന്ററിയെക്കുറിച്ചുള്ള വിവാദം 'ബിബിസിക്ക് - ഞാൻ സ്നേഹിക്കുന്ന ഒരു സ്ഥാപനത്തിന് - നാശനഷ്ടം വരുത്തുന്ന ഒരു ഘട്ടത്തിലെത്തിയിരിക്കുന്നു. ബിബിസി ന്യൂസ് ആൻഡ് കറന്റ് അഫയേഴ്സിന്റെ സിഇഒ എന്ന നിലയിൽ, ഇതിന്റെ ഉത്തരവാദിത്വം എന്റേത് മാത്രമാണ്' -ടർണസ് പറഞ്ഞു.
International
പാരീസ്: പാരീസ് ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ വീഴ്ച സമ്മതിച്ച് മ്യൂസിയം ഡയറക്ടർ ലുവാൻസ് ഡെസ് കാർസ്. കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിസന്നദ്ധത അറിയിച്ചതായും അവർ പറഞ്ഞു.
താൻ രാജി സമർപ്പിച്ചതായും സാംസ്കാരിക മന്ത്രി അത് സ്വീകരിക്കാൻ വിസമ്മതിച്ചതായും സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ലുവാൻസ് പറഞ്ഞു. ലൂവ്റിൽ വലിയ സുരക്ഷാവീഴ്ചയാണുണ്ടായത്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു- അവർ പറഞ്ഞു. കവർച്ചയെത്തുടർന്ന് മ്യൂസിയത്തിന്റെ സുരക്ഷാവീഴ്ചകൾ വെളിവായി.
മ്യൂസിയത്തിൽ സുരക്ഷാ കാമറകളുടെ കുറവുണ്ടെന്നും ലുവാൻസ് അറിയിച്ചു. മ്യൂസിയത്തിലെ അലാറങ്ങൾ ശരിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ നിലവിൽ മ്യൂസിയത്തിനു പുറത്ത് പൂർണ വീഡിയോ നിരീക്ഷണം ഇല്ലെന്നും അവർ പറഞ്ഞു. മ്യൂസിയത്തിന്റെ കെട്ടിടങ്ങൾക്കു സമീപം വാഹനങ്ങൾ നേരിട്ട് പാർക്ക് ചെയ്യുന്നത് തടയണമെന്നും അവർ നിർദേശിച്ചു.
National
അഹമ്മദാബാദ്: ഗുജറാത്തിൽ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ ഒഴികെയുള്ള 16 മന്ത്രിമാരും രാജിവച്ചു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് മന്ത്രിമാർ രാജിവച്ചത്.
എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. ഉടൻതന്നെ പുതിയ മന്ത്രിസഭരൂപീകരിക്കുമെന്നും ഇതിന് മുന്നോടിയായി ഗവർണർ ആചാര്യ ദേവവ്രതിനെ മുഖ്യമന്ത്രി കാണുമെന്നുമാണ് റിപ്പോർട്ട്.
പുതിയ മന്ത്രിസഭ വെള്ളിയാഴ്ച രാവിലെ 11.30 ന് ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദയുടെയും സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്യും. പഞ്ചായത്ത് തെരഞ്ഞെടുപ്പിനും 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് മന്ത്രിസഭയാകെ ഉടച്ചുവാർക്കുന്നത്.
16 അംഗങ്ങളുള്ള നിലവിലെ ഗുജറാത്ത് മന്ത്രിസഭ വികസിപ്പിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ എണ്ണം 26 ആക്കിയേക്കും. 182 അംഗങ്ങളുള്ള നിയമസഭയിൽ 27 മന്ത്രിമാർ വരെ ആകാം.