വേടൻ എന്ന ഹിരണ്‍ദാസ് മുരളി എഴുതിയ "വിയർപ്പുതുന്നിയിട്ട കുപ്പായ'ത്തിന് മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന പുരസ്കാരം ലഭിക്കുന്പോൾ പല കോണുകളിൽനിന്ന് ചോദ്യങ്ങൾ ഉയരുന്നു. അതിൽ പ്രധാനം രണ്ടെണ്ണമാണ്. വേടനേക്കാൾ നന്നായി പാട്ടുകൾ എഴുതിയവർ ഇല്ലേ? കേസുകളിൽ പെട്ട ഒരു വ്യക്തിയെ അവാർഡിനു പരിഗണിക്കേണ്ടതുണ്ടോ? ചർച്ചകൾ അതിന്റെ വഴിക്കു നടക്കട്ടെ. വേടൻ എന്ന റാപ്പർ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾക്കും നിലപാടുകൾക്കും ചേരുന്ന വരികളാണ് അദ്ദേഹം എഴുതുന്നത്. അവ പരക്കേ സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. സിനിമയ്ക്ക് ഇണങ്ങുന്നതിനാൽ ആവണമല്ലോ വേടന്റെ പാട്ട് അതിൽ ഉൾപ്പെടുത്തിയതും.
"ഉത്തമരെല്ലാരും കല്ലെറിഞ്ഞേ
ആ കല്ലുകൊണ്ടെന്റെ
മുഖം മുറിഞ്ഞേ
ആ കല്ലുപെറുക്കി ഞാൻ
പാതവിരിച്ചതിൽ
വില്ലുവണ്ടിയേറിപ്പായുന്പോൾ
എന്റെ തലപ്പാവിനെന്തു തിളക്കം'
എന്നതുപോലുള്ള വരികൾ വേടന്റെ ശബ്ദത്തിൽ കേൾക്കുന്പോൾ ഉയർന്നുവരുന്ന ആവേശമാണ് അതിന്റെ ലക്ഷ്യം. അതിൽ കവിത്വം തെരഞ്ഞുചെല്ലുന്നതിൽ വലിയ കഴന്പില്ല. ആശയങ്ങൾക്കാവശ്യമുള്ള വരികൾ വേടൻ എഴുതുന്നു, ആളുകൾ ഇഷ്ടപ്പെടുന്നു- അത്രയും ലളിതമാണ് കാര്യം. മലയാളം ഇതുവരെ കണ്ടും കേട്ടും ശീലിച്ച ഗാനരചയിതാക്കളുമായി വേടൻ എന്ന റാപ്പറെ താരതമ്യംചെയ്യുക അസാധ്യമാണ്. അതിന്റെ ആവശ്യവുമില്ല.
പാട്ടിന്റെ പലവഴികൾ
ഓരോ പാട്ടും പിറന്നുവീഴുന്നതിനു പിന്നിലെ കഥകൾ വിസ്മയിപ്പിക്കുന്നവയാണ്. ആദ്യമുണ്ടായത് ഈണമോ വരികളോ ആവാം. പലർക്കും പലവഴികൾ. കഥാസന്ദർഭം നീണ്ടനാളുകൾ മനസിലിട്ടുരുക്കി പാട്ടെഴുതിയ കവികളുണ്ട്. നല്ലൊരു പാട്ടുകേട്ട് ഇഷ്ടപ്പെട്ട് അതിനുചേരുന്ന രംഗം സിനിമയിൽ ഉൾപ്പെടുത്തിയ സംവിധായകരുണ്ട്. എഴുതിവച്ച വരികളുടെ ഭംഗികണ്ട് മോഹിച്ച് ഈണമൊരുക്കിയ സംഗീതസംവിധായകരുമുണ്ട്.
നാളെ റെക്കോർഡ് ചെയ്യേണ്ട പാട്ടാണ്, വരികൾ വേഗം വേണം എന്ന കർശന നിർദേശം ഒരു ചെവിയിലൂടെ കേട്ട് ഒരക്ഷരംപോലും എഴുതാതെ കിടന്നുറങ്ങിയ കവികളുടെ കുറുന്പുകൾ പലതവണ കേട്ടിട്ടുണ്ട്. സങ്കീർണമായ സാഹചര്യങ്ങളിൽ ഒരു തയാറെടുപ്പുമില്ലാതെ, ഒരു പരിശ്രമവും നടത്താതെയിരിക്കുന്ന വേളയിൽ പാട്ടുകൾ വന്ന് രചയിതാവിന്റെ മനസിൽ മുട്ടിവിളിച്ചാലോ? അത്തരം മനോഹരമായ അനുഭവങ്ങൾ ഓർമിച്ചിട്ടുണ്ട് അനശ്വരനായ ഗിരീഷ് പുത്തഞ്ചേരി. അങ്ങനെ വന്ന പാട്ടുകൾ പലതും സൂപ്പർ ഹിറ്റുകളുമായി.
കണ്ണുനട്ടു കാത്തിരുന്നപ്പോൾ!
അക്ഷമയോടെ, ഏറെനേരമായുള്ള കാത്തിരിപ്പിനെയാണ് "കണ്ണുനട്ട്' എന്നു വിശേഷിപ്പിക്കാറ്. പാട്ടിനുവേണ്ടി കാത്തിരുന്ന് അതേ വരികളിൽ പാട്ടുണ്ടായാലോ? ആ അനുഭവമാണ് കണ്ണുനട്ടു കാത്തിരുന്നിട്ടും (ചിത്രം: കഥാവശേഷൻ) എന്ന പാട്ടിനുപിന്നിൽ.
ഏറെനേരം ഒരുമിച്ചിരുന്നിട്ടും ഗിരീഷ് പുത്തഞ്ചേരിക്കും സംഗീതസംവിധായകൻ എം. ജയചന്ദ്രനും ആശയമൊന്നും തെളിഞ്ഞിട്ടില്ല. "കുട്ടാ, ഒരു ട്യൂണ്‍ താ, ഞാൻ എഴുതാം' എന്ന് പുത്തഞ്ചേരി. "ഗിരീഷേട്ടാ, എന്തെങ്കിലും ഒരക്ഷരം തരൂ' എന്ന് ജയചന്ദ്രനും. ഒന്നും നടക്കുന്നില്ല. സിനിമയും പാട്ടുമെല്ലാം മാറ്റിവച്ച് ഇരുവരും ലോകകാര്യങ്ങളിലേക്കു കടന്നു. അപ്പോഴും ഇരുവരുടെയും ഹൃദയങ്ങളിൽ പാട്ടിനുവേണ്ടിയുള്ള തീവ്രമായ കാത്തിരിപ്പുണ്ട്. സംസാരത്തിനിടയിലെപ്പോഴോ പാട്ടുപിറന്നു.
ട്യൂണ്‍ ആണോ വരിയാണോ ആദ്യമുണ്ടായതെന്ന് ഇരുവർക്കും വലിയ നിശ്ചയമില്ല. കുന്പിളിൽ വിളന്പിയ പൈന്പാലെന്നോർത്തു ഞാൻ അന്പിളിക്കിണ്ണത്തെ കൊതിച്ചിരുന്നു എന്നുള്ള വരികൾ പിന്നീടു പലപ്പോഴും നെഞ്ചിൽവന്നു തറയ്ക്കാറുണ്ടെന്ന് എം. ജയചന്ദ്രന്റെ ഓർമ. പട്ടിണിയടക്കമുള്ള കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ തന്റെ ബാല്യം ഓർമപ്പെടുത്തുന്ന ആത്മകഥാപരമായ വരികളാണ് അതെന്ന് ഗിരീഷ് പുത്തഞ്ചേരി പറഞ്ഞിട്ടുണ്ട്. തീവ്രാനുഭവങ്ങൾ സുന്ദരഗാനങ്ങളാകുന്നവിധം!
എഴുതാത്ത ഹരിമുരളീരവം
"ദാസേട്ടൻ ഇന്നു കാലത്തു വരുമെടാ, നമ്മൾ പാട്ടുണ്ടാക്കിയിട്ടില്ല'- ഈ വാക്കുകൾ സംഗീതസംവിധായകൻ രവീന്ദ്രന്റേതാണ്. പറഞ്ഞത് ഗിരീഷ് പുത്തഞ്ചേരിയോടുതന്നെ.
പാട്ടുണ്ടാക്കാൻ ഹോട്ടൽമുറിയിൽ ഒരുമിച്ചിരുന്ന് രാത്രിമുഴുവൻ സംസാരത്തിലും ആഘോഷത്തിലും തീർന്നു. രാവിലെ സിനിമയുടെ അണിയറക്കാർ വന്നു വാതിലിൽ മുട്ടുന്നു. എട്ടുമണിക്ക് സിനിമയുടെ പൂജയാണ്.
"നിന്റെ കൈയിൽ വല്ലതുമുണ്ടോ' എന്ന് രവീന്ദ്രന്റെ ചോദ്യം. "ഇല്ല, നിങ്ങളുടെ കൈയിൽ എന്തെങ്കിലുമുണ്ടോ' എന്നു പുത്തഞ്ചേരിയുടെ മറുചോദ്യം!.
എന്തായാലും കുളിച്ചൊരുങ്ങി കാറിൽ കയറി. പരിഭ്രമമുണ്ട് കൂടെ. അക്ഷരവും സംഗീതവും വന്നിട്ടില്ല. പകുതിവഴി എത്തിയപ്പോൾ ഗിരീഷ് ഡ്രൈവറോടു പറയുന്നു, വണ്ടി സൈഡാക്കൂ. ആ വഴിയിൽവച്ച് രവീന്ദ്രനു പറഞ്ഞുകൊടുത്ത വരികളാണ് ഹരിമുരളീരവം.. ഹരിതവൃന്ദാവനം... (ചിത്രം: ആറാം തന്പുരാൻ). ഈ വരികൾ എങ്ങനെ സംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നാണ് പുത്തഞ്ചേരി പിന്നീടു പറഞ്ഞത്. സ്റ്റുഡിയോയിൽ എത്തുന്പോഴേക്കും വരികളും ട്യൂണും തയാർ!
ഒരുപക്ഷേ സ്നേഹത്തിൽനിന്നും സൗഹൃദത്തിൽനിന്നും പരസ്പരവിശ്വാസത്തിൽനിന്നും ഒഴുകിവന്ന പാട്ടുകളാവണം ഇവയെല്ലാം. ഓരോ എഴുത്തുകാരനും സംഗീതസംവിധായകനും പറയാനുണ്ടാവും ഇതുപോലുള്ള നൂറുനൂറു കഥകൾ, അനുഭവങ്ങൾ... സംഗീതപ്രേമികളിൽ ആ പാട്ടുകളോരോന്നും അവ കേട്ട കാലങ്ങളെ തിളക്കമുള്ളതാക്കുന്നു. അവാർഡിൽ ഒതുങ്ങുന്നതല്ലല്ലോ പാട്ടനുഭവങ്ങൾ!.