സുൽത്താൻ ബത്തേരി: വേനൽക്കാലത്തിന്റെ കാഠിന്യം കനക്കുന്നതിനിടയിൽ നഗരത്തിന്റെ പല ഭാഗങ്ങളും പിങ്ക് പൂക്കളുടെ കുടകൾക്ക് കീഴിലായി.
ഇലകൾ കൊഴിഞ്ഞ് പൂക്കൾ മാത്രം നിറഞ്ഞുനിൽക്കുന്ന ടാബെബൂയ റോസിയ വൃക്ഷങ്ങൾ വഴിയരികുകളും സ്ഥാപനമുറ്റങ്ങളും പൊതുസ്ഥലങ്ങളും അലങ്കരിച്ച് നിൽക്കുകയാണ്.
പകൽസൂര്യന്റെ പ്രകാശത്തിൽ മൃദുലമായ പിങ്ക് നിറത്തിൽ തിളങ്ങുന്ന പൂക്കൾ കാറ്റിൽ നിലത്ത് വീണ് പരന്നുകിടക്കുന്പോൾ പിങ്ക് പരവതാനി വിരിച്ച അനുഭവമാണ് നൽകുന്നത്.
യാത്രക്കാരും വിദ്യാർഥികളും പ്രകൃതി പ്രേമികളും ഈ കാഴ്ച പകർത്തുന്ന തിരക്കിലാണ്. ചിലയിടങ്ങളിൽ വൃക്ഷത്തിൻ കീഴിൽ വീണുപരന്ന പൂക്കൾ ഫോട്ടോഷൂട്ടുകൾക്കും വേദിയാകുന്നു.നഗര സൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമായി വർഷങ്ങൾക്കുമുന്പ് നട്ടുപിടിപ്പിച്ച വൃക്ഷങ്ങളാണ് ഇപ്പോൾ പൂർണവളർച്ചയെത്തി പൂക്കളാൽ നിറഞ്ഞത്.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെ നീളുന്ന പൂക്കാലത്ത് ഇലകൾ കുറയുകയും പൂക്കൾ മാത്രം നിറഞ്ഞുനിൽക്കുകയും ചെയ്യുന്നതാണ് ഈ വൃക്ഷത്തിന്റെ പ്രത്യേകത. പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായത്തിൽ നഗരങ്ങളിൽ ഇത്തരത്തിലുള്ള അലങ്കാര വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് ചൂട് കുറയ്ക്കാനും വായു ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായകരമാണ്.