കോട്ടയം: അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂളുകളില്‍ എത്തിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങൾ അധ്യാപകർക്ക് തിരിച്ചടിയാവുകയാണ്. 15 വര്‍ഷമായി സ്കൂളുകളില്‍ കെട്ടിക്കിടക്കുന്ന പഴയ പുസ്തകങ്ങളുടെ വില പിഴപ്പലിശയുള്പ്പെടെ അടയ്ക്കാനുള്ള സർക്കാർ ഉത്തരവാണ് ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.
2010 മുതല്‍ സ്കൂളുകളില്‍ മിച്ചംവന്ന പുസ്തകങ്ങളുടെ വില 18 ശതമാനം പലിശയടക്കം ട്രഷറിയില്‍ അടയ്ക്കാന്‍ 2022ല്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. അധ്യാപകരുടെ പരാതികള്‍ പരിഗണിച്ചതിനുശേഷമേ വിഷയത്തില്‍ തീരുമാനമെടുക്കാവൂ എന്ന ഹൈക്കോടതി നിര്‍ദ്ദേശം നിലനില്‍ക്കെയാണ് പിഴ അടയ്ക്കാന്‍ ഡിഇഒമാര്‍ സമ്മര്‍ദം ചെലുത്തുന്നത്. നിലവിലെ പ്രധാന അധ്യാപകര്‍ മുന്കാലം മുതലുള്ള പുസ്തകവിലയും പലിശയും അടയ്ച്ചില്ലെങ്കില് വിരമിക്കുമ്പോള്‍ പെന്‍ഷനും ഗ്രാറ്റുവിറ്റിയും ലഭിക്കില്ല.
മുന്‍കാല അധ്യാപകര്‍ വരുത്തിവച്ച ബാധ്യതയും നിലവിലെ പ്രധാനാധ്യാപകര്‍ ഒടുക്കേണ്ട ബാധ്യതയാണ്. ഇത്തരത്തില്‍ രണ്ടും മൂന്നും ലക്ഷം രൂപ അടച്ച് അടുത്ത മാസം വിരമിക്കാനൊരുങ്ങുകയാണ് പലരും. സര്‍ക്കാരുകളുടെയും പ്രസുകളുടെയും പിടിപ്പുകേടു മൂലമാണ് സ്കൂളുകളില്‍ പുസ്തകങ്ങള്‍ മിച്ചം വരിക. വൈകി വിതരണത്തിന് വരുന്ന പുസ്തകങ്ങള്‍ വിദ്യാർഥികൾ വാങ്ങാന്‍ താല്പര്യപ്പെടില്ല. സിലബസ് മാറ്റം വന്നാല്‍ പഴയ സ്റ്റോക്ക് അപ്പാടെ കെട്ടിക്കിടക്കും.
ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ എയ്ഡഡ്, ഗവ. സ്കൂളുകളില്‍ പുസ്തകം സൗജന്യമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങള്‍ക്കാണ് വില നല്‍കേണ്ടത്. അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പുസ്തകങ്ങളുടെ ഓര്‍ഡര്‍ സ്കൂളുകള്‍ തലേ വര്‍ഷം നവംബറില്‍ വിദ്യാഭ്യാസ വകുപ്പില്‍ അറിയിക്കണം. വിദ്യാർഥികളുടെ എണ്ണം കൂടിയാലും കുറഞ്ഞാലും സ്കൂളുകൾക്കു ബാധ്യതയാണ്.
2010 മുതലാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിലേക്ക് നേരിട്ട് പുസ്തകം വിതരണം ചെയ്യാന്‍ തുടങ്ങിയത്. കണക്കെടുപ്പും തലയെണ്ണലുമില്ലാതെ അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ മുന്പേയെത്തിച്ചാല് സ്കൂളുകള്‍ക്ക് ബാധ്യത കൂടുകയേയുള്ളു. അടുത്ത വര്‍ഷം കുട്ടികളുടെ കുറവുണ്ടായാല്‍ പുസ്തക ബാധ്യത അധ്യാപകരുടെ ചുമലില്‍ വരും.
അതേ സമയം പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്ന സര്‍ക്കാര്‍ പ്രസുകളിലും ഗോഡൗണുകളിലും സ്റ്റോറുകളും കെട്ടിക്കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ പാഠപുസ്തകങ്ങള്‍ പടക്കക്കമ്പനികള് കടലാസ് വിലയ്ക്ക് തൂക്കി വാങ്ങുകയാണ് പതിവ്. അവിടെനിന്നും പാഠപുസ്തകങ്ങള്‍ ബീഡിപ്പടക്കമായി തിരികെ വരുമ്പോള്‍ ഇവിടെ പാഠപുസ്തകത്തിന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ നെട്ടോട്ടത്തിലാണ് അധ്യാപകര്‍.