നോയിഡ: ഗ്രെയ്റ്റർ നോയിഡയിൽ കാർ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് മുങ്ങിത്താഴ്ന്ന യുവ ടെക്കിയെ രക്ഷിക്കാതെ പോലീസും ഫയർഫോഴ്സും കാഴ്ചക്കാരായി നിന്നു. കാറിനു മുകളിൽനിന്ന് മണിക്കൂറുകളോളം രക്ഷക്കായി അപേക്ഷിച്ച യുവാവ് മരണത്തിലേക്കു മുങ്ങിത്താഴ്ന്നത് തീരാവേദനയായി.
ഗ്രെയ്റ്റർ നോയിഡയിൽ വെള്ളിയാഴ്ച അർധരാത്രിയായിരുന്നു സംഭവം. ഇരുപത്തിയേഴുകാരനായ സോഫ്റ്റ്വേർ എൻജിനിയർ യുവരാജ് മേത്തയാണ് മരിച്ചത്. രക്ഷാപ്രവർത്തനം നടക്കുമ്പോൾ യുവരാജിന്റെ പിതാവ് രാജ്കുമാർ മേത്തയും സംഭവസ്ഥലത്തുണ്ടായിരുന്നു. പിതാവിന്റെ കൺമുന്നിലാണു മകൻ മരണത്തിലേക്ക് ആഴ്ന്നുപോയത്.
കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് നിയന്ത്രണംവിട്ട് സുരക്ഷാമതിൽ തകർത്ത് കാർ 30 അടി താഴ്ചയുള്ള ഓടയിൽ വീഴുകയായിരുന്നു. പോലീസും അഗ്നിശമന സേനയും എസ്ഡിആർഎഫും എൻഡിആർഎഫും ചേർന്ന് നാലര മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവരാജിനെ ഓടയിൽനിന്നു പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
സെക്ടർ-150 ടാറ്റ യുറേക്ക പാർക്ക് സൊസൈറ്റിയിൽ താമസിക്കുന്ന യുവരാജ് ഗുരുഗ്രാമിലെ ഓഫീസിൽനിന്നു വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം. മൂടൽമഞ്ഞ് മൂലം കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമായത്.
കാറിൽനിന്ന് പുറത്തിറങ്ങിയ യുവരാജ് അപകടത്തെക്കുറിച്ച് ഫോണിലൂടെ പിതാവ് രാജ്കുമാറിനെ അറിയിച്ചു. രാജ്കുമാർ ഉടൻ പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. ഇവർ സ്ഥലത്തെത്തിയെങ്കിലും ഇരുട്ടും ശൈത്യവും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. യുവരാജ് കാറിന് മുകളിൽനിന്നുകൊണ്ട് ടോർച്ച് ഓൺ ചെയ്ത് സഹായത്തിനായി നിലവിളിച്ചുകൊണ്ടിരുന്നു. അപകടസാധ്യത കണക്കിലെടുത്ത്, ബേസ്മെന്റിനുള്ളിലെ ഓടയിലേക്ക് ഇറങ്ങാൻ പോലീസും ഫയർഫോഴ്സും തയാറായില്ല.
ഈ സമയം മകനെ രക്ഷിക്കാൻ രാജ്കുമാർ പോലീസിനോടും ഫയർഫോഴ്സിനോടും ആവർത്തിച്ച് അപേക്ഷിക്കുന്നുണ്ടായിരുന്നു. പുലർച്ചെ 1.45 ഓടെ, യുവരാജും കാറും പൂർണമായും വെള്ളത്തിൽ മുങ്ങി. എസ്ഡിആർഎഫ് സംഘം സ്ഥലത്തെത്തിയെങ്കിലും ആവശ്യമായ ഉപകരണങ്ങളില്ലാത്തതിനാൽ രക്ഷാപ്രവർത്തനം വിജയിച്ചില്ല. പിന്നീട് ഒന്നര മണിക്കൂറോളം വൈകിയെത്തിയ എൻഡിആർഎഫ് സംഘമാണ് യുവരാജിനെ പുറത്തെത്തിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രക്ഷാപ്രവർത്തനം വൈകിയതായി യുവരാജിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
Tags : Young man drowns struggling