മസ്കറ്റ്: യുദ്ധാശങ്കകൾക്കിടെ ഇറാൻ-അമേരിക്ക ചർച്ച ഒമാനിൽ പുനരാരംഭിച്ചു. ഇറേനിൽനിന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കയിൽനിന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമാണ് പങ്കെടുത്തത്. പരോക്ഷ ചർച്ചയിൽ ഒമാനി അധികൃതർ ഇരുവിഭാഗത്തിനും സന്ദേശങ്ങൾ കൈമാറുകയായിരുന്നു.
നയതന്ത്രത്തിനു സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കുമിടയിൽ പല കാര്യങ്ങളിലും തർക്കം തുടരുന്നതായാണു റിപ്പോർട്ട്. ചർച്ചയുടെ അജൻഡ വികസിപ്പിക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ അംഗീകരിക്കാത്തത് ഇതിലൊന്നാണ്.
ആണവപദ്ധതികൾ സംബന്ധിച്ച ചർച്ച മാത്രം മതിയെന്നാണ് ഇറാൻ പറയുന്നത്. എന്നാൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ, പശ്ചിമേഷ്യയിൽ വിവിധ സായുധ ഗ്രൂപ്പുകളെ തീറ്റിപ്പോറ്റൽ, സ്വന്തം ജനതയോടുള്ള സമീപനം എന്നീ കാര്യങ്ങളിലും ചർച്ച വേണമെന്നാണു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച പറഞ്ഞത്.
യുഎസ് സൈനിക പ്രതിനിധികൾ പങ്കെടുത്താൽ ചർച്ച അവതാളത്തിലാകുമെന്നും ഇറാൻ മുന്നറിയിപ്പു നല്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധസജ്ജരായി നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സേന ആക്രമണത്തിനു മുതിർന്നേക്കുമെന്ന ആശങ്കയിലാണ് ഇറേനിയൻ നേതൃത്വം ചർച്ചയ്ക്കു വഴങ്ങിയതെന്നു സൂചനയുണ്ട്. കഴിഞ്ഞ വർഷം ജൂണിലെ 12 ദിന യുദ്ധത്തിന്റെ അവസാന ദിവസം ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനിൽ ബോംബിട്ടിരുന്നു. ഇതുപോലൊരാക്രമണത്തിന് അമേരിക്ക വീണ്ടും മുതിരുന്നത് പശ്ചിമേഷ്യയെ മുഴുവൻ ഗ്രസിക്കുന്ന യുദ്ധമായി മാറുമെന്ന ആശങ്കയും ശക്തമാണ്.
നയതന്ത്രത്തിനു പുറമേ മറ്റു പല മാർഗങ്ങളും പ്രസിഡന്റ് ട്രംപിനു മുന്നിലുണ്ടെന്നാണ് വൈറ്റ്ഹൗസ് പ്രസ്് സെക്രട്ടറി കരോളിൻ ലെവിറ്റ് വ്യാഴാഴ്ച അറിയിച്ചത്.