പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം പ്രവചിച്ച എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ് നേതാവ് താരിഖ് അൻവർ എംപി. എക്സിറ്റ് പോളുകൾ ശരിയായിരിക്കില്ലെന്നും മഹാസഖ്യത്തിന് തന്നെയാണ് മുൻതൂക്കമെന്നും അദ്ദേഹം പറഞ്ഞു.
"എക്സിറ്റ് പോളുകളെ വിശ്വസിക്കേണ്ടതില്ല. അതൊക്കെ വെറും പ്രവചനം മാത്രം. ഒരിക്കലും നടക്കാൻ പോകുന്നില്ല. മഹാസഖ്യം വൻ വിജയം നേടി അധികാരത്തിലെത്തും.'-താരിഖ് അൻവർ പറഞ്ഞു.
ഇന്ന് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എൻഡിഎയുടെ വിജയമാണ് പ്രവചിച്ചത്. ബിഹാറിൽ രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടപ്പ് ഇന്നാണ് പൂർത്തിയായത്.
ഇന്ന് നടന്ന രണ്ടാം ഘട്ടത്തിൽ വൈകുന്നേരം അഞ്ച് വരെ 67.14% പേരാണ് വോട്ട് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന ഒന്നാം ഘട്ടത്തിൽ 65.08 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.