Kerala
കണ്ണൂർ: അമ്പായത്തോട് - പാല്‍ചുരം റോഡിൽ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ കണ്ണൂർ പാൽചുരത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.
അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ 13 വരെ ചുരം വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വയനാട് ജില്ലയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ നിടുംപൊയില്‍ ചുരം വഴി കടന്നുപോകണം.
District News
കൊച്ചി: രാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഗതാഗത നിയന്ത്രണവും, ഡ്രോണ്‍ നിയന്ത്രണവും ഉണ്ടായിരിക്കും. വാഹനങ്ങള്‍ താഴെ പറയുന്ന രീതിയില്‍ വഴിതിരിഞ്ഞു പോകേണ്ടതാണ്:
ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നര്‍ റോഡ്, ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തു തിരിഞ്ഞ് അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍, വൈറ്റില, കടവന്ത്ര ജംഗ്ഷനുകൾ പിന്നിട്ട് കെകെ റോഡിലൂടെ കലൂര്‍ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോര്‍ട്ട്-കണ്ടെയ്നര്‍ റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജംങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം.
തേവര ഫെറി ഭാഗത്തുനിന്നും കലൂര്‍ ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന് റോഡിലൂടെ മട്ടമ്മല്‍ ജംഗ്ഷൻ, പനമ്പിള്ളി നഗര്‍ വഴി മനോരമ ജംഗ്ഷനില്‍ നിന്നും വലത്തു തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂര്‍ ജംഗഷനിലേക്ക് പോകേണ്ടതാണ്.
വൈപ്പിന്‍ ഭാഗത്തുനിന്നും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കലൂര്‍ ജംഗ്ഷനിലെത്തി കെ.കെ. റോഡിലൂടെ കടവന്ത്ര ജംഗ്ഷനും സഹോദരന് അയ്യപ്പന് റോഡിലൂടെ വൈറ്റിലയും പിന്നിട്ട് കുണ്ടന്നൂര്‍ പാലം വഴി പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജംങ്കാര്‍ സര്‍വീസ് ഉപയോഗിക്കേണ്ടതാണ്.
വിവിഐപി വാഹന വ്യൂഹം കടന്നു പോകുന്ന വഴിയില്‍ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും വിവിഐപി സന്ദര്‍ശനം ഉളളതിനാല്‍ കൊച്ചി സിറ്റി പരിധിയില്‍ ഇന്ന് സമ്പൂര്‍ണ ഡ്രോണ്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
District News
പത്തനംതിട്ട: നഗരറോഡുകളുടെ നിലവാരം ഉയര്‍ത്തി ചെറിയ ഗതാഗതക്കുരുക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.പത്തനംതിട്ട നഗരത്തിലെ രണ്ട് റോഡുകളുടെ പൂര്‍ത്തീകരണ ഉദ്ഘാടനവും രണ്ട് റോഡുകളുടെ നവീകരണ ഉദ്ഘാടനവും കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നഗര റോഡുകളുടെ മുഖച്ഛായ മാറ്റി നവീകരിക്കും. മികച്ച സൗകര്യത്തോടെ യൂട്ടിലിറ്റി ഡക്ടുകളുള്ളവയായി റോഡുകള്‍ മാറണം. അതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നഗരങ്ങളില്‍ ഗതാഗതം സുഗമമാക്കുന്നതിന് ബൈപാസ്, ഫ്ളൈ ഓവർ, ജംഗ്ഷന് വികസനം തുടങ്ങിയവ ലക്ഷ്യമിടുന്നു. ഗ്രേഡ് സെപ്പറേറ്റര്‍ നിര്‍മിക്കും. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്കുള്ള പരിശ്രമം മുന്നോട്ട് പോകുന്നു.
പത്തനംതിട്ട നഗരത്തില്‍ ശബരിമല നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപ ചെലവഴിച്ച് ഏഴു റോഡ് നവീകരിച്ചു. 6.5 കോടി രൂപ ചെലവഴിച്ച് പത്തനംതിട്ട റിംഗ് റോഡ് സൗന്ദര്യവത്കരണവും 5.75 കോടി രൂപ ചെലവഴിച്ച് തിരുവല്ല-കുമ്പഴ റോഡിലെ ബിസി ഓവര്‍ലേ പ്രവൃത്തിയും നഗരത്തിന്റെ മുഖഛായ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആറന്മുള മണ്ഡലത്തിലെ ഭൂരിഭാഗം റോഡുകളും മികച്ച നിലവാരത്തിലായെന്ന് അധ്യക്ഷത വഹിച്ച മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മണ്ഡലത്തിലെ വികസനത്തിന് പൊതുമരാമത്ത് വകുപ്പ് 585 കോടി രൂപ അനുവദിച്ചു. അബാന്‍ മേല്‍പ്പാലം പൂര്‍ത്തിയാകുന്നു. കോഴഞ്ചേരി, ആഞ്ഞിലിമൂട്ടില്‍ കടവ് പാലങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തിയായ കുമ്പഴ - പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍ - പത്തനംതിട്ട, പത്തനംതിട്ട - മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട - താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍- കാതോലിക്കേറ്റ് കോളജ് എന്നിവയുടെ ഉദ്ഘാടനവും തിരുവല്ല - കുമ്പഴ റോഡില്‍ പരിയാരം- സെന്റ് പീറ്റേഴ്സ് ജംഗ്ഷന്, പത്തനംതിട്ട നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ ഹുസൈൻ, നഗരസഭ കൗൺസിലർ എ. സുരേഷ് കുമാർ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.വി. സഞ്ജു, മനോജ് മാധവശേരിൽ, ഡി. ഹരിദാസ്, എം. സജികുമാര്‍, നൗഷാദ് കണ്ണങ്കര, മുഹമ്മദ് സാലി, നിസാര്‍ നൂർമഹല്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയര്‍ ബാബുരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പത്തനംതിട്ട നഗരസഭയും തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ്ങും ചേര്‍ന്ന് തയാറാക്കിയ റിസ്ക് ഇന്‍ഫോംഡ് മാസ്റ്റര്‍ പ്ലാനിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പദ്ധതികളുടെ ബ്രോഷര്‍ മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസിന് പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ ടി. സക്കീര്‍ഹുസൈന്‍ നല്കി പ്രകാശനം ചെയ്തു. ജില്ലാ ടൗണ്‍പ്ലാനര്‍ ജി. അരുൺ, ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ നിമ്മി കുര്യന് എന്നിവര്‍ പങ്കെടുത്തു.
District News
പഴയ ഗതാഗത പരിഷ്കാരം പിന്‍വലിച്ചു
കോട്ടയം: നഗരത്തില്‍ വീണ്ടും ഗതാഗത പരിഷ്കാരവുമായി പോലീസ്. ബേക്കര്‍ ജംഗ്ഷനിലാണ് കുരുക്കൊഴിവാക്കാന്‍ പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കുരുക്കൊഴിവാക്കാന്‍ കാര്യമായി പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല, യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തത്. ഇതു പരിഗണിച്ചാണ് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ഇന്നു മുതല്‍ പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
ഇതിന്‍പ്രകാരം കുമരകം, അയ്മനം, കുടമാളൂര്‍ ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും എംസി റോഡില്‍ ഇറക്കി നിര്‍ത്താതെ സൂഡിയോ കടയുടെ മുന്‍വശത്തു നിര്‍ത്തി യാത്രക്കാരെ ഇറക്കി സീസേഴ്സ് ജംഗ്ഷന് വഴി നാഗമ്പടം സ്റ്റാന്‍ഡിലേക്ക് പോകണം. ഈ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി ശാസ്ത്രീ റോഡ് ബസ്റ്റോപ്പില്‍ ആളെ ഇറക്കി കുര്യന് ഉതുപ്പ് റോഡുവഴി നാഗമ്പടത്തേക്ക് പോകുന്ന രീതിയായിരുന്നു മൂന്നാഴ്ച നടപ്പാക്കിയിരുന്നത്. ഇതു യാത്രക്കാരെ വലച്ചിരുന്നു.
എംസി റോഡു വഴി ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ് ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ശക്തി ഹോട്ടലിനു സമീപമുള്ള വെയിറ്റിംഗ് ഷെഡിനു മുന്‍വശം നിര്‍ത്തി യാത്രക്കാരെ കയറ്റി ഉടന്‍ തന്നെ പേകണം. ഇതാണ് പുതിയ പരിഷ്കാരം.
പരിഷ്കാരത്തിന്റെ ഭാഗമായി ബേക്കര്‍ ജംഗ്ഷനില്‍ ഇപ്പോള്‍ ബസ് നിര്‍ത്തുന്ന എവിജി പമ്പിനു സമീപം ട്രാഫിക് കോണ്‍ ഉപയോഗിച്ച് കയര്‍ കെട്ടി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ മുന്നോട്ടു മാറി വെയിറ്റിംഗ് ഷെഡിൽ നില്‍ക്കണമെന്ന ബോര്‍ഡുമുണ്ട്. പുതിയ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കാനും നിയന്ത്രിക്കാനും ഇന്നു മുതല്‍ പോലീസന്റെ നിരീക്ഷണവുമുണ്ടാകും.
പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയാലും പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നതയാണ് കാണാന്‍ കഴിയുന്നത്. ബേക്കര്‍ ജംഗ്ഷനിലെ ബസ്റ്റോപ്പ് മാറ്റം എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതാണ്.
ഇവിടെ പോലീസിന്റെ നിയന്ത്രണം ഉണ്ടെങ്കിലേ പരിഷ്കാരം വിജയിക്കുകയുള്ളൂ. അല്ലെങ്കില്‍ ബസുകള്‍ തോന്നും പടി നിര്‍ത്തും. ബേക്കര്‍ ജംഗ്ഷനില്‍ ശക്തി ഹോട്ടലിനു മുന്‍വശത്തു വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസ് തയാറാകുന്നില്ല. അതേപോലെ, കുമരകം റോഡിലും ട്രാഫിക് കോണുകള്‍ തീരുന്ന ഭാഗത്ത് വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നു.
ഇതു നിയന്ത്രിക്കണം. സൂഡിയോയ്ക്കു മുമ്പിലുടെയുള്ള റോഡില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുമുണ്ട്. ഇവിടെ പലപ്പോഴും രണ്ടു വരിയായിട്ടാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യുന്നത്. കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാനേ സാധിക്കുന്നുള്ളൂ. അതേപോലെ വണ്‍വേയായ റോഡില്‍ കൂടി വാഹനങ്ങള്‍ കയറി വരുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്. ഇവിടെ വണ്വേയാണെന്നുള്ള ബോര്‍ഡ് പോലുമില്ല.
District News
കോട്ടയം: എംസി റോഡില്‍ ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയിലെ ഗതാഗതക്കൂരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. തെള്ളകം, സംക്രാന്തി, ചവിട്ടുവരി, എസ്എച്ച് മൗണ്ട് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. സംക്രാന്തിയില്‍ പഴയ എംസി റോഡില്‍നിന്നു വണ്‍വേയായി വാഹനങ്ങള്‍ തിരിഞ്ഞുവരുന്നതും ജംഗ്ഷനില്‍ തന്നെയുള്ള ബസ് സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തുന്നതുമാണ് കുരുക്കിനു കാരണം.
ബസ്റ്റോപ്പിനോടു ചേര്‍ന്നു തന്നെയാണ് ഇവിടെ ഓട്ടോറിക്ഷ-ടാക്സി സ്റ്റാന്‍ഡും. ബസ്സ്റ്റോപ്പുകള്‍ ജംഗ്ഷനില്‍നിന്ന് അല്പം മാറ്റിയാലും ടാക്സി സ്റ്റാന്‍ഡിനു പുനഃക്രമീകരണം നടത്തിയാലും ഇവിടത്തെ കുരുക്ക് ഒഴിവാക്കാനാകുന്നതാണ്.
ചവിട്ടുവരിയിലും ഇതേ സ്ഥിതിയാണ്. ഇവിടത്തെ മുക്കവലയിലാണ് ഇരുവശങ്ങളിലേക്കുമുള്ള സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും. ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ കുരുക്കാകും. ഇതിനിടയിലേക്കാണ് പാറമ്പുഴ റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ എത്തുന്നതും. ഈ സമയം ഒരു വശത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇവിടെയും രണ്ടു വശങ്ങളിലേക്കും ബസ് സ്റ്റോപ്പുകള്‍ മാറ്റി ക്രമീകരിച്ചാല്‍ കുരുക്കിനു പരിഹാരമുണ്ടാകും. രണ്ടിടങ്ങളിലും നേരത്തേ ട്രാഫിക് പോലീസിന്റെ സേവനമുണ്ടായിരുന്നു സ്കൂള്‍ തുറന്ന് തിരക്ക് വര്‍ധിച്ച ഈ സമയത്ത് ട്രാഫിക് പോലീസിന്റെ സേവനം പലപ്പോഴും ലഭ്യമല്ലാത്ത സ്ഥിതിയുമാണ്.
തെള്ളകം കാരിത്താസ് ജംഗ്ഷനിലും എസ്എച്ച് മൗണ്ടിലും സമാനമായ കുരുക്കാണ്. ജംഗ്ഷനുകളിലെ അനധികൃത പാര്‍ക്കിംഗും കൈയേറ്റവും ഒഴിപ്പിച്ച് ജംഗ്ഷന് വീതികൂട്ടിയാലും കുരുക്ക് ഒഴിവാക്കാം.
District News
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. മഴയും റോഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങളും ഗതാഗതക്കുരുക്ക് വർധിപ്പിക്കാൻ കാരണമായി.
ഈ സാഹചര്യത്തിൽ, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് നിർമ്മാണം വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. നിലവിലുള്ള ബൈപ്പാസ് നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നു. പദ്ധതി പൂർത്തീകരണത്തിൽ കാലതാമസം വരുത്തരുതെന്നും സമയബന്ധിതമായി പണി പൂർത്തിയാക്കണമെന്നും നിർദേശം നൽകി.
ദീർഘകാലാടിസ്ഥാനത്തിൽ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ ഫ്ലൈഓവറുകളും അടിപ്പാതകളും നിർമ്മിക്കുന്നതിനുള്ള സാധ്യതകളും പരിഗണിച്ചുവരുന്നുണ്ട്. നഗരസഭയും ഗതാഗത വകുപ്പും സംയുക്തമായി ഗതാഗത നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനിച്ചു.
District News
കോട്ടയം: നഗരത്തില്‍ നടപ്പാക്കിയ ഗതാഗതപരിഷ്കാരം പാളിയതായും കുരുക്ക് രൂക്ഷമായതായും ആക്ഷേപം. കുരുക്ക് ഒഴിവാക്കുന്നതിനായി കുമരകം ഭാഗത്തുനിന്നു സിഎംഎസ് കോളജ് റോഡില്കൂടിയെത്തുന്ന സ്വകാര്യബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നല്‍ കടന്ന് ശാസ്ത്രിറോഡില്‍ നിര്‍ത്തി ആളെയിറക്കി, കുര്യന് ഉതുപ്പ് റോഡുവഴി നാഗമ്പടത്ത് എത്തുന്ന രീതിയിലാണു പരിഷ്കാരം നടപ്പാക്കിയത്. പോലീസ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്കാരം ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുന്നതെന്ന് ഒരു വിഭാഗം ബസുടമകളും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.
കോളജ് റോഡില്‍ കൂടിയെത്തുന്ന ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലില്‍ കാത്തുകിടക്കേണ്ടി വന്നതോടെ കുരുക്ക് വര്‍ധിച്ചു. ബസുകള്‍ ട്രാഫിക് സിഗ്നല്കടന്ന് ആകാശപാതയ്ക്കു മുന്നിലെത്തി ശാസ്ത്രി റോഡിലേ ഇറക്കം ഇറങ്ങുന്നതോടെ ഇവിടെയും കുരുക്കായി. ഈ സമയത്ത് സെന്‍ട്രല്‍ ജംഗ്ഷനില്‍നിന്നു വന്നു ശാസ്ത്രി റോഡിലൂടെ പോകേണ്ട വാഹനങ്ങളും സുഗമമായി കടന്നുപോകാന്‍ സാധിക്കാതെ കുരുക്കിലാകും. ബേക്കര്‍ ജംഗ്ഷന് ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളും കുരുക്കിലാകും.
ശാസ്ത്രി റോഡിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിലവില്‍ നല്ല തിരക്കാണ്. ഇപ്പോള്‍ കുമരകം ബസുകള്‍കൂടി എത്തിയതോടെ തിരക്ക് കൂടി. ബസുകള്‍ നിര്‍ത്താന്‍പോലും സ്ഥലമില്ലാതായി. ബസുകള്‍ ശാസ്ത്രി റോഡില്‍നിന്നും കുര്യന് ഉതുപ്പ് റോഡിലേക്ക് തിരിയുന്നിടത്തും നാഗമ്പടത്തെത്തി ബസ് സ്റ്റാന്‍ഡിലേക്ക് തിരിയുന്നിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമായി.
പുതിയ പരിഷ്കാരത്തില്‍ ബസുകള്‍ നാഗമ്പടം സ്റ്റാന്ഡിലെത്തുമ്പോള് ഇരട്ടിയിലധികം സമയമാണ് എടുക്കുന്നത്. ഇപ്പോള്‍ കുമരകം, ചേര്‍ത്തല ഭാഗത്തുനിന്നു വരുന്ന രോഗികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വളരെയധികം ബുദ്ധിമുട്ടുകയാണ്.
പുതിയ പരിഷ്കാരം ഗതാഗതക്കുരുക്കു വര്‍ധിപ്പിച്ചെന്നും ഇതു നടപ്പാക്കിയവരുടെ അജ്ഞതയാണിതിനു കാരണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് സംസ്ഥാനപ്രസിഡന്റ് ജോയി ചെട്ടിശേരി ആരോപിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് നാഗമ്പടം സ്റ്റാന്‍ഡില്‍ അപകടമരണങ്ങള്‍ സംഭവിക്കുകയും ഗതാഗതം താറുമാറാകുകയും ചെയ്ത അവസരത്തില്‍ ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടര്‍ക്ക് നല്കിയ നിവേദനത്തെത്തുടര്‍ന്നാണ് ആര്‍ടിഎ ബോര്‍ഡ് നിലവിലുള്ള സംവിധാനം നടപ്പിലാക്കിയത്. ഗതാഗത പരിഷ്കാരം ഉടന്‍ പിന്‍വലിച്ച്, ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രൈവറ്റ് ബസ് ഓണേഴ്സ് ഓര്ഗനൈസേഷന് ആവശ്യപ്പെട്ടു.
District News
കണ്ണൂർ നഗരത്തിലെ തിരക്കേറിയ മേഖലകളിൽ നടപ്പിലാക്കിയ പുതിയ ഗതാഗത പരിഷ്കരണം യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്നു. പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളും വൺവേ സംവിധാനങ്ങളും കർശനമാക്കിയതോടെ ഗതാഗതക്കുരുക്കിന് ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നഗരത്തിലൂടെയുള്ള യാത്ര കൂടുതൽ സുഗമമായതായി വാഹനയാത്രികരും കാൽനടയാത്രക്കാരും അഭിപ്രായപ്പെടുന്നു.
ദിവസവും പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നഗരഹൃദയത്തിൽ നേരത്തെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് പതിവായിരുന്നു. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി കൂടുതൽ ട്രാഫിക് പോലീസിനെയും ഹോം ഗാർഡുകളെയും വിന്യസിക്കുകയും, തിരക്ക് നിയന്ത്രിക്കാൻ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഈ മാറ്റത്തിന് പ്രധാന കാരണമായി.
ഈ ഗതാഗത പരിഷ്കരണം വിജയകരമാക്കാൻ എല്ലാ ഭാഗത്തുനിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.