ന്യൂഡല്‍ഹി: ഇന്ത്യ- അമേരിക്ക വ്യാപാര കരാറിന്റെ സംയുക്ത പ്രസ്താവനയില്‍ സമ്പൂര്‍ണ വിശദാംശങ്ങളും ചില കാര്യങ്ങളില്‍ വ്യക്തതയുമില്ല. കാര്‍ഷിക മേഖലയില്‍ പൊതു സംരക്ഷണമുണ്ടെങ്കിലും കശുവണ്ടി, പഴവര്‍ഗങ്ങള്‍ അടക്കം ചിലയിനങ്ങളുടെ നികുതിരഹിത ഇറക്കുമതി കര്‍ഷകര്‍ക്കു തിരിച്ചടിയാകും. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷം അന്തിമകരാര്‍ അടുത്ത മാസം ഒപ്പിടും.
യുഎസ് വ്യാവസായിക ഉത്പന്നങ്ങളുടെയും വിപുലമായ ശ്രേണിയിലുള്ള ഭക്ഷ്യ, കാര്‍ഷികോത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ഇന്ത്യ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുമെന്നു സംയുക്ത പ്രസ്താവനയിലെ ആദ്യഭാഗത്തുതന്നെ പറയുന്നുണ്ട്. ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ നടപ്പിലാകുന്നതോടെ നിരവധി കാര്‍ഷിക ഉത്പന്നങ്ങള്‍ വന്‍തോതില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ഇതു വഴിതുറക്കും.
ഇന്ത്യയില്‍നിന്ന് അമേരിക്കയിലേക്കുള്ള ഇറക്കുമതികള്‍ക്കുള്ള തീരുവ 18 ശതമാനമായി കുറയ്ക്കും. എന്നാല്‍, അമേരിക്കയിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതികള്‍ക്ക് പൂജ്യം തീരുവയോ തീരെ കുറഞ്ഞ തീരുവയോ ആണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര അളവിലും വലിയ അന്തരമുണ്ട്. അമേരിക്കയില്‍നിന്ന് 500 ബില്യണ്‍ ഡോളറിന്റെ (45 ലക്ഷം കോടി രൂപ) സാധനങ്ങള്‍ ഇന്ത്യ വാങ്ങും. അടുത്ത പത്തു വര്ഷംകൊണ്ടാണിത്. ഇതേസമയം, വെറും 30 ട്രില്യണ്‍ ഡോളറിന്റെ അമേരിക്കൻ വിപണിയാണ് ഇന്ത്യയിലെ കയറ്റുമതിക്കാര്‍ക്കു ലഭിക്കുക.
അമേരിക്കന്‍ കാറുകള്‍, ഹാര്‍ലി ഡേവിഡ്സണ് അടക്കമുള്ള ഇരുചക്രവാഹനങ്ങള്‍, വിമാനങ്ങള്‍, വിമാനഭാഗങ്ങള്‍, രത്നങ്ങള്‍, വജ്രങ്ങള്‍, മദ്യം, വൈന്‍, വിമാന ഭാഗങ്ങള്‍, ഊര്‍ജ-സാങ്കേതിക ഉത്പന്നങ്ങള്‍, സ്റ്റീല്‍- ഇരുമ്പു നിര്‍മാണത്തിനുള്ള കോക്കിംഗ് കല്‍ക്കരി എന്നിവയടക്കമാണ് ഇന്ത്യ വാങ്ങുക. അമേരിക്ക ഏറ്റവും വലിയ ഇളവുകള്‍ നേടിയ ഊര്‍ജസുരക്ഷയുടെയും പ്രതിരോധ മേഖലയുടെയും ശരിയായ വിശകലനം വരുമ്പോഴാകും വ്യാപാര കരാറിലെ ഇന്ത്യയുടെ മറ്റു വെല്ലുവിളികള്‍ വിലയിരുത്താനാകൂ.
ഇന്ത്യയില്‍നിന്നുള്ള തുണിത്തരങ്ങള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, തുകലും അല്ലാത്തതുമായ പാദരക്ഷകള്‍, പ്ലാസ്റ്റിക്, റബര്‍, ജൈവ കെമിക്കലുകള്‍, ഗൃഹാലങ്കാരം (ഹോം ഡെക്കര്‍), കരകൗശല വസ്തുക്കള്‍, ചില മെഷീനറികള്‍, ദേശസുരക്ഷയ്ക്കു ഭീഷണിയില്ലാത്ത ചില വിമാനങ്ങള്‍, വിമാന-വാഹന പാര്‍ട്ടുകള്‍ എന്നിവയുടെ അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കും തീരുവ ഒഴിവാക്കും.
ഇരുരാജ്യങ്ങളിലെയും വിപണികള്‍ പരസ്പരം മുന്‍ഗണന നല്കാന് അമേരിക്കയും ഇന്ത്യയും തീരുമാനിച്ചതായും പ്രസ്താവനയിലുണ്ട്.
എന്നാല്‍, ഇന്ത്യന്‍ കാര്‍ഷിക, ക്ഷീര മേഖലകളെ സംരക്ഷിച്ചുവെന്നാണു വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റിലും ഇന്നലെ വാർത്താസമ്മേളനത്തിലും പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടമാണു കരാറെന്നും ഇന്ത്യക്കു വലിയ ഗുണം ചെയ്യുമെന്നും ഗോയല്‍ അവകാശപ്പെട്ടു. രണ്ടു പേജ് മാത്രമുള്ള സംയുക്ത പ്രസ്താവന മന്ത്രി എക്സില്‍ പങ്കുവച്ചു.