ന്യൂഡൽഹി: രാജ്യത്തെ സർവകലാശാലകളുടെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിനായി ഹയർ എഡ്യുക്കേഷൻ കമ്മീഷൻ സ്ഥാപിക്കാനുള്ള "വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബിൽ '2025 പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് ജോയിന്റ് പാർലമെന്ററി സമിതി(ജെപിസി)യുടെ പരിഗണനയ്ക്കു വിടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
ലോക്സഭയിൽ അവതരിപ്പിക്കുന്നതിന് ഏതാനും മണിക്കൂർ മുന്‍പ് മാത്രമാണു സഭാംഗങ്ങൾക്ക് ബിൽ നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇതടക്കമുന്നയിച്ച് ബില്ലവതരണത്തെ പ്രതിപക്ഷം എതിർത്തതോടെ കൂടുതൽ പരിശോധനയ്ക്കായി ബില്ല് ജെപിസിക്കു കൈമാറാൻ തയാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു ലോക്സഭയെ അറിയിച്ചു.
സഭാ നടപടിക്രമങ്ങൾ സംബന്ധിച്ചു രാവിലെ നൽകിയ കുറിപ്പിൽ ബില്ലവതരണം പരാമർശിച്ചിരുന്നില്ല. എന്നാൽ, ഉച്ചയ്ക്കുശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോഴാണു വികസിത് ഭാരത് ശിക്ഷ അധിഷ്ഠാൻ ബിൽ 2025 ഉൾപ്പെടെ മറ്റു മൂന്ന് ബില്ലുകൾകൂടി ലോക്സഭയിൽ അവതരിപ്പിക്കാൻ സപ്ലിമെന്ററി ലിസ്റ്റിൽ പട്ടികപ്പെടുത്തിയതായി കേന്ദ്രസർക്കാർ അറിയിച്ചത്. തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനാണു ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. എന്നാൽ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ അമിതമായ കേന്ദ്രസർക്കാർ ഇടപെടലാണു ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടി ബിൽ പിൻവലിക്കാൻ പ്രതിപക്ഷ എംപിമാർ ഒന്നടങ്കം ആവശ്യപ്പെട്ടു.
ഉന്നതവിദ്യാഭ്യാസത്തിന്റെ നിയന്ത്രണം, അക്രഡിറ്റേഷൻ, അക്കാദമിക് ക്രമീകരണം എന്നീ ഘടകങ്ങൾ ഉന്നത വിദ്യാഭ്യാസ കമ്മീഷന്റെ പരിധിയിലാക്കി മാറ്റുന്നതാണു ബിൽ.
വ്യവസ്ഥകൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരേ പത്തു ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ പിഴയീടാക്കും. ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾക്ക് കുറഞ്ഞത് 75 ലക്ഷം രൂപ പിഴയോ സസ്പെൻഷനോ ലഭിക്കുമെന്നും ബില്ലിൽ പറയുന്നു. അനുമതിയില്ലാതെ സർവകലാശാലയോ ഉന്നതവിദ്യാഭ്യാസ സ്ഥാപനമോ സ്ഥാപിച്ചാൽ രണ്ടു കോടി രൂപയിൽ കുറയാത്ത പിഴയീടാക്കുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ ആശയങ്ങളും തത്വചിന്തകളും സംസ്ഥാനങ്ങളെ അടിച്ചേൽപ്പിക്കുകയാണു ബില്ലിന്റെ ലക്ഷ്യമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി ആരോപിച്ചു. ഉന്നതവിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ള ഒരു വിഷയമാണ്.
സംസ്ഥാനങ്ങളുടെ സവിശേഷതകൾ കണക്കിലെടുത്ത് സംസ്കാരവും ഭാഷയും അനുബന്ധ വിഷയങ്ങളും പരിഗണിച്ച് വിദ്യാഭ്യാസനയം രൂപീകരിക്കാനും നടപ്പാക്കാനുമുള്ള സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതാണ് ബില്ലെന്നും അവതരണ അനുമതിയെ എതിർത്തുകൊണ്ട് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.