കോട്ടയം: വെച്ചൂർ കോലാംപുറത്തുകരി പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. പാടത്തും വരമ്പിലുമായി 20 ഓളം താറാവുകളാണ് ചത്തത്. കൊയ്ത്തു കഴിഞ്ഞ പാടത്ത് താറാവുകളെ കർഷകർ കൂട്ടത്തോടെ തീറ്റതേടാനായി വിടാറുണ്ട്. ഇങ്ങനെ വിട്ട താറാവുകളാണ് ചത്തത്.
ചത്ത താറാവുകൾ ചീഞ്ഞളിഞ്ഞ് കടുത്ത ദുർഗന്ധമുയരുന്നതിനാൽ റോഡിലൂടെ മൂക്കുപൊത്തി പോകേണ്ട സ്ഥിതിയാണ്. താറാവുകൾ ചത്തതിന്റെ കാരണം അറിവായിട്ടില്ല. ജല മലിനീകരണമോ അസുഖബാധ മൂലമോ ആകാം താറാവുകൾ ചത്തതെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധന മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.