പാലക്കാട്: രേഖകളില്ലാതെ കടത്തുകയായിരുന്ന എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണവുമായി രണ്ടു യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേശ് ശിവരാം സേലങ്കി (23) എന്നിവർ പിടിയിലായത്.
വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ നടന്ന വാഹനപരിശോധനയിലാണ് കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന 8.696 കിലോ സ്വർണവുമായി പ്രതികൾ പിടിയിലായത്. കോയന്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കുള്ള ബസിലെ യാത്രക്കാരായിരുന്നു ഇരുവരും.
തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കു കൊണ്ടുപോകുകയായിരുന്നു സ്വർണമെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. ആഭരണങ്ങളാക്കിയ സ്വർണം മുംബൈയിൽനിന്നാണ് കൊണ്ടുവന്നത്. മേൽനടപടികൾക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്ക്വാഡ് സ്റ്റേറ്റ് ജിഎസ്ടി വകുപ്പിനു കൈമാറി.