ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വർഗീയതയുടെ രണ്ടാം ഭാഗം, അവരുടെ മൃതദേഹങ്ങളെയും വെറുതെ വിടില്ല എന്നതാണ്. ക്രൈസ്തവരായതിനാൽ മൃതദേഹം പൊതുശ്മശാനത്തിലോ ഗ്രാമത്തിലോ സ്വന്തം ഭൂമിയിലോപോലും സംസ്കരിക്കാൻ അനുവദിക്കില്ല. മൃതദേഹങ്ങൾ കുഴിമാന്തിയെടുത്ത് തീവ്രഹിന്ദുത്വവാദികൾ കൊണ്ടുപോകുന്നു.
ചിലത് ഹിന്ദു ആചാരപ്രകാരം സംസ്കരിക്കുന്നു. പോലീസ് കാവൽനിൽക്കുന്നു. ബിജെപി സർക്കാരുകൾ കണ്ണടച്ച് ഇരുട്ടാക്കുന്നു. ചില ഗ്രാമങ്ങളിൽ ക്രൈസ്തവർക്കു പ്രവേശനമില്ലെന്നുള്ള ബോർഡുകൾ സ്ഥാപിച്ച് തീവ്രഹിന്ദുത്വയ്ക്കു പുത്തൻ വ്യാഖ്യാനമെഴുതിയ ഛത്തീസ്ഗഡിൽനിന്നാണ് രണ്ടാം ഭാഗമായി ഛത്തീസ്ഗഡിലും അതിനപ്പുറവും സജീവമായ കൊടുംവർഗീയതയുടെ പുതിയ പതിപ്പ്.
പ്രചാരണവേലയല്ല, ആവർത്തിക്കരുതെന്ന ഇടക്കാല വിധിയോടെ കഴിഞ്ഞദിവസം സുപ്രീംകോടതി ഛത്തീ സ്ഗഡ് സർക്കാരിനോടു വിശദീകരണം ആവശ്യപ്പെട്ട കേസാണിത്. ഒരിടത്ത് നിർമിതബുദ്ധി ഉച്ചകോടി, മറ്റിടങ്ങളിൽ വർഗീയ ഉച്ചകോടി! ഈ രാജ്യം എവിടേക്കാണ്? ഇക്കഴിഞ്ഞ ക്രിസ്മസിനു തൊട്ടുപിന്നാലെ, ഛത്തീസ്ഗഡ് ധംതാരി ജില്ലയിലെ ബോറായ് ഗ്രാമത്തിൽ പുനിയ ബായി സാഹു എന്ന സ്ത്രീയുടെ മൃതദേഹം സംസ്കരിക്കാൻ ഒരുക്കം നടത്തുന്നതിനിടെയാണ് തീവ്രഹിന്ദുത്വർ എത്തിയത്.
ഹിന്ദു ആചാരപ്രകാരം സംസ്കരിക്കണമെന്നാവശ്യപ്പെട്ട് അവർ ശവക്കൂഴി മൂടി. ഒന്നര ദിവസമായിട്ടും മൃതദേഹം സംസ്കരിക്കാനാവാതെ വന്നതോടെ, ഖർവാപ്പസി നടത്താമെന്ന് എഴുതിക്കൊടുക്കാനും ഹൈന്ദവ ആചാരപ്രകാരം സംസ്കാരം നടത്താനും ആ ക്രൈസ്തവകുടുംബം നിർബന്ധിതരായി.
ജില്ലാ ഭരണകൂടവും പോലീസും ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിച്ചെന്നാണ് ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോടു പറഞ്ഞത്. ഇങ്ങനെയാണ് പുതിയ ഇന്ത്യയിൽ ഹിന്ദുത്വരും ബിജെപി സർക്കാരുകളും ചേർന്നു ന്യൂനപക്ഷങ്ങളെ രമ്യതയിലെത്തിക്കുന്നത്. ആറു മാസം മുന്പാണ്, സോംലാൽ റാത്തോഡിന്റെ മൃതദേഹം കുഴിമാന്തി പുറത്തെടുത്തത്.
അവർ മൃതദേഹം എവിടേക്കാണ് കൊണ്ടുപോയതെന്നുപോലും തങ്ങൾക്ക് അറിയില്ലെന്നാണ് അന്ന് കുടുംബാംഗങ്ങൾ മാധ്യമങ്ങളോടു പറഞ്ഞത്. 2025 ജനുവരിയിൽ ബസ്തർ ജില്ലയിലെ ചിന്ദ്വാഡ ഗ്രാമത്തിൽ മരിച്ച പാസ്റ്റർ സുഭാഷ് ഭാഗേലിന്റെ മൃതദേഹം പൊതുശ്മശാനത്തിലോ സ്വന്തം കൃഷിയിടത്തിലോപോലും സംസ്കരിക്കാൻ സംഘപരിവാറും പോലീസും വിസമ്മതിച്ചതിനെത്തുടർന്ന് മകൻ രമേശ് ഭാഗലിനു സുപ്രീംകോടതിവരെ കയറേണ്ടിവന്നു.
സ്വന്തം ഭൂമിയിൽ സംസ്കരിക്കുന്നത് തടയാനാവില്ലെന്നു ജസ്റ്റീസ് ബി.വി. നാഗരത്ന വിധിച്ചപ്പോൾ, 25 കിലോമീറ്റർ അകലെയുള്ള ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കാൻ ജസ്റ്റീസ് സതീഷ് ചന്ദ്ര ഭിന്നവിധിയെഴുതി. ഭരണകൂട താത്പര്യങ്ങൾക്കൊപ്പം ഭരണഘടനാസ്ഥാപനങ്ങൾ പൂർണമായി മാറിയിട്ടില്ലെങ്കിലും ആശങ്കകൾ ഏറുകയാണ്.
ബിജെപി ഭരിക്കുന്നിടത്തൊക്കെ മതപരിവർത്തന നിരോധന നിയമത്തിന്റെ മറവിൽ ക്രൈസ്തവരെ വേട്ടയാടുന്നവർ, ഘർവാപ്പസി നിർബാധം നടത്തുകയാണ്. ഇത് ഒറ്റപ്പെട്ട തീരുമാനമൊന്നുമല്ല. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കഴിഞ്ഞദിവസം ലക്നൗവിൽ പറഞ്ഞത്, ഭിന്നിപ്പിക്കലല്ല, ഒന്നിപ്പിക്കലാണ് കാലത്തിന്റെ ആവശ്യം എന്നാണ്. ഒപ്പം മറ്റൊന്നുകൂടി ഓർമിപ്പിച്ചു.
“മുസ്ലിംകൾ അറബിനാടുകളിൽനിന്നു വന്നവരല്ല. അവരുടെ ഘർവാപസി എടുത്തുചാടി നടത്തേണ്ടതല്ല, സംഭാഷണങ്ങളിലൂടെയും ധാരണകളിലൂടെയും നടത്തേണ്ടതാണ്.” ഇതാണ്, ന്യൂനപക്ഷങ്ങളെ രണ്ടാംതരക്കാരായി ചവിട്ടിത്താഴ്ത്തുന്ന വിചാരധാരയുടെ ഒളിച്ചുകളി അഥവാ ദീർഘകാല പദ്ധതി. സമൂഹമാധ്യമങ്ങളിലെ സർക്കാർ വിമർശനങ്ങളും നിർമിതബുദ്ധി ഉള്ളടക്കങ്ങളും നിയന്ത്രിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന കേന്ദ്രസർക്കാർ, വർഗീയ-ന്യൂനപക്ഷവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളെ തടയാത്തത് ഇതിന്റെ മറുവശമാണ്.
മുസ്ലിം വേഷധാരികൾക്കു നേരേ തോക്കുചൂണ്ടുന്ന ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ‘പോയിന്റ് ബ്ലാങ്ക്’ ചിത്രം ബിജെപിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽനിന്നാണു പുറത്തുവന്നത്. ബിജെപി-സംഘപരിവാറുകാർ പൗരന്മാരെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യത്തിനുത്തരം ഒരു വംശീയ പ്രത്യയശാസ്ത്രവും ഭരണകൂട പിന്തുണയും അവർക്കുണ്ട് എന്നതാണ്.
ഛത്തീസ്ഗഡ് അസോസിയേഷൻ ഫോർ ജസ്റ്റീസ് ആൻഡ് ഇക്വാലിറ്റിയുടെ ഹർജിയിൽ സുപ്രീംകോടതി ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ പുറത്തെടുക്കുന്ന സംഭവം ആവർത്തിക്കരുതെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരുടെ ബെഞ്ച് ഛത്തീസ്ഗഡ് സർക്കാരിനു നോട്ടീസും അയച്ചു.
ഇത്തരം 350 സംഭവങ്ങളാണ് രണ്ടു വർഷത്തിനിടെ സംസ്ഥാനത്തുണ്ടായത്. നമുക്കു വേണമെങ്കിൽ ഇതൊന്നും വലിയ സംഭവമല്ല, അത് ഉത്തരേന്ത്യയിലല്ലേ, ക്രിസ്ത്യാനികളാണെങ്കിലും നമ്മുടെ വിഭാഗത്തിൽ പെട്ടവരല്ലല്ലോ, ന്യൂനപക്ഷങ്ങൾ ഇന്ത്യയിൽ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്, ക്രിസ്ത്യാനികൾ മുസ്ലിം രാജ്യങ്ങളിലും പീഡിപ്പിക്കപ്പെടുന്നില്ലേ തുടങ്ങിയ വർഗീയദുർഗന്ധം വമിക്കുന്ന ന്യായീകരണങ്ങളിൽ നമ്മുടെ രാഷ്ട്രീയം ഒളിച്ചുവയ്ക്കാം.
പക്ഷേ, വിലയ്ക്ക് എടുക്കപ്പെട്ടവരുടെയും കെണിയിലകപ്പെട്ടവരുടെയും ഇതരമത-അപരവിദ്വേഷികളുടെയും ആ മനുഷ്യവിരുദ്ധത എല്ലാവർക്കും സാധ്യമല്ല. ഹിന്ദുത്വ-മുസ്ലിം-ക്രിസ്ത്യൻ വർഗീയതകളെ എതിർക്കുന്നവരുടെ അഭാവം ഇന്ത്യക്കില്ല. പക്ഷേ, എല്ലാത്തിനെയും ഒന്നിച്ചെതിർക്കുന്നതിനു പകരം, ഒന്നിനെയെങ്കിലും പ്രീണിപ്പിക്കുന്ന രാഷ്ട്രീയം ശക്തമാണ്.
ആ വ്യാജ മതേതരത്വം, രാഷ്ട്രീയ ഹിന്ദുത്വയെയും വളർത്തി. അതുപോലെ, വർഗീയവാദികൾക്കു മത ധ്രുവീകരണം സാധ്യമായിട്ടും മതേതര രാഷ്ട്രീയ-മതനേതാക്കൾക്ക് മതേതര ധ്രുവീകരണം സാധ്യമായില്ല. വർഗീയതയ്ക്കെതിരേയുള്ള പോരാട്ടം, മതവിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിയും പ്രകോപിപ്പിച്ചുമല്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
വർഗീയതയ്ക്കും തീവ്രവാദത്തിനുമെതിരേ ഉയർത്തുന്ന സമൂഹമാധ്യമ വാളുകൾ യഥാർഥ വിശ്വാസികളെ പരിക്കേൽപ്പിക്കുന്നത് വർഗീയതയ്ക്ക് ആളെക്കൂട്ടുന്ന പരിപാടിയാണ്. ബിജെപി ഉൾപ്പെടെ ഒരു രാഷ്ട്രീയ പാർട്ടിയിലെയും എല്ലാ അംഗങ്ങളും അനുഭാവികളും വർഗീയവാദികളല്ല. പക്ഷേ, അവരെ നിശബ്ദരാക്കാൻ പ്രത്യയശാസ്ത്ര ‘വിശുദ്ധ’ ഗ്രന്ഥങ്ങൾക്കും അതിന്റെ കാവൽക്കാർക്കും കഴിയും.
അത്തരം വർഗീയധാരകൾ ഉത്തരേന്ത്യക്കുവേണ്ടി മാത്രമുള്ളതല്ലെന്നു മറക്കരുത്. ഇന്ത്യയിൽ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ വലിയ വർധനയുണ്ടായെന്നും അതിൽ 88 ശതമാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നുമുള്ള അമേരിക്ക ആസ്ഥാനമായുള്ള ഇന്ത്യ ഹെയ്റ്റ് ലാബിന്റെ റിപ്പോർട്ടും കൂട്ടക്കൊലകൾക്കു സാധ്യതയുള്ള 168 രാജ്യങ്ങളുടെ സാധ്യതാ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണെന്ന യുഎസ് ഹോളോകോസ്റ്റ് മ്യൂസിയത്തിന്റെ റിപ്പോർട്ടും അടുത്തയിടെയാണ് പുറത്തുവന്നത്.
നിർവികാരത പാടില്ല. പുറമേയുള്ള വൈവിധ്യങ്ങളല്ലാതെ അകമേ ഒരൊറ്റ വംശമാണ് നാം. അതല്ലെന്നു ചിന്തിപ്പിക്കാനുള്ള മസ്തിഷ്ക ശസ്ത്രക്രിയയ്ക്കായി വർഗീയമേശയിൽ കിടന്നുകൊടുക്കരുത്. സഹപൗരനെ വെറുക്കുന്നതിന്റെ കൂടുതൽ വിഷലിപ്തമായ രണ്ടാം ഭാഗത്തിലാണ് അവന്റെ മൃതദേഹത്തെയും വെറുക്കുന്ന ദൃശ്യങ്ങളുള്ളത്. അതു മറ്റിടങ്ങളിലും വ്യാപിക്കരുത്. നമുക്കതിനെ തോൽപ്പിച്ചേ തീരൂ. ഇന്ത്യ നമ്മുടേതുമാണ്.