ചാലിശ്ശേരി: സ്ത്രീകളുടെ സമഗ്ര മേഖലയിലും ശാക്തീകരിക്കാൻ കുടുംബശ്രീ പ്രസ്ഥാനത്തിനു കഴിഞ്ഞുവെന്നു മന്ത്രി എം.ബി. രാജേഷ്. ചാലിശ്ശേരിയിൽ നടന്ന പതിമൂന്നാമത് ദേശീയ സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കി തൃത്താല ഹൃദയം കൊണ്ട് ഏറ്റെടുത്ത മേളയായി ചാലിശ്ശേരിയിലെ സരസ് മേള മാറിയെന്നും മന്ത്രി പറഞ്ഞു.
ഫുഡ് കോർട്ടിൻ ഒമ്പതുദിവസത്തിനകം 1.60 കോടി വില്പനയിലൂടെ ചാലിശ്ശേരി ചരിത്രം കുറിച്ചു. സരസ് മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച വിവിധ സ്റ്റോളുകളെയും സംരംഭകരെയും മന്ത്രി ആദരിച്ചു.
പരിപാടിയിൽ പി. മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷനായി. എംഎൽഎമായ കെ.ടി. ജലീൽ, പി.പി. സുമോദ് എന്നിവർ വിശിഷ്ടാതിഥികളും സിനിമാ താരം മഞ്ജു വാര്യർ മുഖ്യാതിഥിയുമായി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി , ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ പി. ഉണ്ണികൃഷ്ണൻ, ചാലിശ്ശേരി സിഡിഎസ് ചെയർപേഴ്സൺ ലത സത്ഗുണൻ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ,സാമൂഹ്യ സാംസ്കാരിക പ്രമുഖർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഫുഡ് കോർട്ടിലെ
വിറ്റുവരവ് 1.60 കോടി
ചാലിശ്ശേരി: ചാലിശ്ശേരിയിൽ കുടുംബശ്രീ ദേശീയ സരസ് മേള ആരംഭിച്ച് ഒമ്പതു ദിവസം കൊണ്ട് 1.60 കോടി രൂപയുടെ വിറ്റുവരവ് നേടി സംരംഭകർ. ഇവരുടെ കുതിപ്പിനൊപ്പം കൈയ്യടി നേടുകയാണ് കുടുംബശ്രീയുടെ തന്നെ യുവശ്രീ സംരംഭമായ ഐഫ്രം- അഥവാ അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ച് ആൻഡ് മാനേജ്മെന്റ് അഥവാ ഐഫ്രം. കൊടിയേറിയ ദിനം മുതൽ രാപകലില്ലാതെ കഠിനാധ്വാനം ചെയ്ത ടീമിനു പ്രശംസകൊണ്ടു മൂടിയാണ് മേളയ്ക്കു സമാപനമായത്.