ചാലിശ്ശേരി: ചാലിശ്ശേരി മുലയംപറമ്പ് മൈതാനിയിൽ കുടുംബശ്രീ സരസ് മേളയിൽ ജനത്തിരിക്കേറുന്നു. കലാസ്വാദകരുടെയും ഭക്ഷണ പ്രിയരുടെയും സംരംഭകരുടെയും പ്രിയ മേളയാകാൻ മുന്നുദിവസത്തിനകം മേളയ്ക്കു കഴിഞ്ഞു.
അവധിദിനം ആഘോഷിക്കാൻ ജില്ലക്ക് അകത്തും പുറത്തു നിന്നുമായി പതിനായിരക്കണക്കിനു ജനങ്ങളാണ് സരസിലേക്ക് ഒഴുകിയെത്തിയത്. പുതിയ കാലം പുതിയ തൊഴിൽ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെമിനാറോടെയാണ് മൂന്നാം ദിനം ഉണർന്നത്. കരിയർ മെന്ററും ലൈഫോളജി സിഇഒയുമായ പ്രവീൺ പരമേശ്വർ സെമിനാർ നയിച്ചു. തുടർന്ന് കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. സ്റ്റാളിനോടു ചേർന്ന തുറന്ന വേദിയിൽ അവതരിപ്പിച്ച കളരിപ്പയറ്റ്, വീരനാട്യം,തുടങ്ങിയ കലാപരിപാടികൾക്കും വൻ ജനാവലിയായിരുന്നു.
വൈകുന്നേരം ഫുഡ് കോർട്ടിലെ മാസ്റ്റർ ഷെഫ് സുരേഷ് പിള്ള പങ്കെടുത്ത പാചക വിദഗ്ധരുടെ ഷോ ജനങ്ങൾക്കും ഏറെ ഉപകാരപ്രദമായി. പ്രധാന വേദിയിൽ നടന്ന സാംസ്കാരിക സമ്മേളനം ആദരസന്ധ്യ റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിച്ചു.
വൈകുന്നേരത്തെ കലാസന്ധ്യയിൽ റിമിടോമി നയിച്ച ഗാനമേളയും ശ്രദ്ധനേടി. ഇന്നുരാവിലെ 11 ന് സെമിനാർ- നൂതന സ്റ്റാർട്ടപ് സാധ്യതകൾ എന്ന വിഷയത്തിൽ അനൂപ് അംബിക ക്ലാസെടുക്കും. ഉച്ചയ്ക്കു രണ്ടിനു പെൺപെരുമ- കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറും.
നാലിനു വള്ളുവനാട് ഫോക്ക് അക്കാദമി അവതരിപ്പിക്കുന്ന പുനർജനി നാടൻ പാട്ടുകളുണ്ടായിരിക്കും. അഞ്ചിനു സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ ചന്ദ്രൻ അവതരിപ്പിക്കുന്ന ഏക കഥാപാത്രം നാടകം ഒറ്റ ഞാവൽമരം. സാംസ്കാരിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുഷ്പാവതി പൊയ് പാടത്ത് നയിക്കുന്ന നിലാവയിൽ ഗാനസന്ധ്യയുമുണ്ടാകും.
ഒഡീഷയിലെ പുല്ലിനുമുണ്ട് സൗന്ദര്യം
ചാലിശ്ശേരി: ഒഡീഷയിലെ നദീകരകളിൽ തിളങ്ങി നിൽക്കുന്ന ഗോൾഡൺ ഗ്രാസിന് സൗന്ദര്യം മാത്രമല്ല അലങ്കാര വസ്തുക്കളുടെ മനോഹാരിത കൂടിയുണ്ട്. ചാലിശ്ശേരിയിൽ നടക്കുന്ന സരസ് മേളയിലെ 189-ാം നമ്പർ സ്റ്റാളിലെ ഒഡീഷയിലെ പുല്ലുകൊണ്ട് തയാറാക്കിയ കരകൗശല വസ്തുക്കളുടെ വിപണി കീഴടക്കുകയാണ്.
ചെറിയ വീശറി , ഹാൻഡ് ബാഗ്, കൊട്ട, വിവിധ തരം പെട്ടികൾ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് സ്റ്റാളിലുള്ളത്. ഒഡീഷ്യയിലെ ഗ്രാമീണ സ്വയം സഹായ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രഗതി ഗോൾഡൺ ഗ്രാസ് പ്രൊഡ്യൂസർ ഗ്രൂപ്പ് അംഗങ്ങളാണ് മനോഹരങ്ങായ കരകൗശല വസ്തുക്കൾ തയ്യാറാക്കിയത്. മൂന്നുറിലധികം തൊഴിലാളികളുടെ അധ്വാനമാണ് ഈ മനോഹാരിതയ്ക്ക് പിന്നിൽ.
മേളയിൽ ഹിറ്റായി ചക്കക്കുരു ബിസ്കറ്റ്
ചാലിശ്ശേരി: പാലക്കാട് ജില്ലക്കാർക്ക് സുപരിചിതമായ ലാമോസ് ബ്രാന്റിന്റെ ചക്കക്കുരു ബിസ്കറ്റ് ദേശീയ സരസ് മേളയിൽ വമ്പൻ ഹിറ്റായി മാറുകയാണ്. കുടുംബശ്രീ പ്രവർത്തകയും തൃത്താല സ്വദേശിനിയുമായ ലത മോഹന്റെ സംരംഭമാണ് മേളയെ കീഴടക്കുന്നത്. 80 രൂപയാണ് ചക്കക്കുരു ബിസ്ക്കറ്റിന്റെ വില. ഇതു മാത്രമല്ല ചക്കപ്പായസവും നിമിഷ നേരത്തിനകം കാലിയാകുന്നത്. സരസ് മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിക്കും വിശിഷ്ടാതിഥികൾക്കും നൽകിയ സ്നേഹ സമ്മാനവും ലത മോഹന്റെ ലാമോസ് വിഭവങ്ങളായിരുന്നു.
Tags : Kudumbashree nattuvishasham local news