കാഞ്ഞിരപ്പള്ളി: വിദ്യാർഥികള്‍ സമൂഹത്തെക്കുറിച്ച് സ്വപ്നങ്ങള്‍ കാണണമെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍. ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിന്റെ 40-ാമത് വാര്‍ഷികാഘോഷവും റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ തോമസ് തറയില്‍.
ഓരോ കുട്ടിയും തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള വ്യത്യസ്തമായ കഴിവുകള്‍ കണ്ടെത്തണമെന്നും നാടിനും രാജ്യത്തിനും ഉപകാരപ്രദമായ സ്വപ്നങ്ങള്‍ കാണണമെന്നും അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. കേരളത്തിലെ മനോഹരമായ വിദ്യാഭ്യാസ കേന്ദ്രമാണ് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേർത്തു.
രാജ്യത്തെ വിദ്യാഭ്യാസ സംസ്കാരിക ഭൂമികയിൽ അതുല്യമായ ചലനങ്ങളും അദ്ഭുതകരമായ സ്വാധീനവും ചെലുത്തിയ ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളെന്ന് കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കുട്ടികൾ തങ്ങളുടെ കഴിവുകളും അവസരങ്ങളും നല്ല രീതിയിൽ ഉപയോഗിച്ച് ദൈവത്തെ കൂട്ടുപിടിച്ച് കഠിനാധ്വാനം ചെയ്ത് മുന്നോട്ട് വളരണമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേർത്തു.
പ്രിന്‍സിപ്പല്‍ ഫാ. ആന്റണി തോക്കനാട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മാനേജര്‍ ഫാ. ജോസഫ് പൊങ്ങന്താനത്ത്, ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, പിടിഎ പ്രസിഡന്റ് ജോസ് ആന്റണി, സ്റ്റാഫ് സെക്രട്ടറി തനുജ മാത്യു, സ്കൂള്‍ ക്യാപ്റ്റന്‍ ഫെലിക്സ് ജസ്റ്റിന് എന്നിവര്‍ പ്രസംഗിച്ചു.
സര്‍വീസില്‍ 25 വര്‍ഷം പൂര്‍ത്തിയായ അധ്യാപകരെ സമ്മേളനത്തില്‍ ആദരിച്ചു. പാഠ്യ - പാഠ്യേതര വിഷയങ്ങളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള സമ്മാനങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.