സിഡ്നി: 2025-26 സീസണ് ആഷസ് ടെസ്റ്റ് ക്രിക്കറ്റിന്റെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ചുരുങ്ങിയത് മൂന്നുദിനമെങ്കിലും കളിക്കണമെന്ന അഭ്യര്‍ഥനയുമായി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്.
സിഡ്നിയില്‍ നാളെ ആരംഭിക്കാനിരിക്കുന്ന അഞ്ചാം ടെസ്റ്റിനു മുന്നോടിയായി ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും കളിക്കാര്‍ക്കു നല്കിയ വിരുന്നിനിടെയാണ് ആല്‍ബനീസിന്റെ ഈ അഭ്യര്‍ഥന. പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളിലെ രണ്ട് എണ്ണം രണ്ടാംദിനം അവസാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സിഡ്നിയിലെ അഞ്ചാം ടെസ്റ്റ് ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും കളിക്കാന്‍ ശ്രമിക്കണമെന്ന് ഇരുടീമിനോടും ആല്‍ബനീസ് സരസമായ രീതിയില്‍ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനാണ് സിഡ്നി ടെസ്റ്റ്.
11 മത്സരദിനങ്ങളില്‍ ആദ്യ മൂന്നു ടെസ്റ്റ് അവസാനിക്കുകയും ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഓസ്ട്രേലിയ എട്ടു വിക്കറ്റിനു ജയിച്ച പെര്‍ത്തിലെ ഒന്നാം ടെസ്റ്റും ഇംഗ്ലണ്ട് നാല് വിക്കറ്റിനു വിജയിച്ച മെല്‍ബണിലെ നാലാം മത്സരവുമാണ് രണ്ട് ദിനത്തിനുള്ളില്‍ അവസാനിച്ചത്. അഡ്ലെയ്ഡില് അരങ്ങേറിയ മൂന്നാം ആഷസ് മാത്രമേ അഞ്ച് ദിനം നീണ്ടുള്ളൂ.
ജെയ്ന്‍ മഗ്രാത്ത് ഡേ
ചുരുങ്ങിയത് മൂന്നുദിനം സിഡ്നി ടെസ്റ്റ് കളിക്കണമെന്ന് ആല്‍ബനീസ് പറയാന്‍ ഒരു കാരണം മാത്രം; എല്ലാ വര്‍ഷത്തിലെയും ആദ്യ സിഡ്നി ടെസ്റ്റിന്റെ മൂന്നാംദിനം ജെയ്ന്‍ മഗ്രാത്ത് ഡേ ആയി ഓസ്ട്രേലിയ കൊണ്ടാടുന്നു. ബ്രെസ്റ്റ് കാന്‍സറിനെതിരേ പോരാടുന്ന മഗ്രാത്ത് ഫൗണ്ടേഷനുവേണ്ടിയുള്ള സാമ്പത്തിക സമാഹരണദിനമാണിത്. ഇക്കാരണത്താലാണ് മൂന്നുദിനമെങ്കിലും സിഡ്നി ടെസ്റ്റ് നീണ്ടുപോകാന്‍ അനുവദിക്കണമെന്ന് ആല്‍ബനീസ് സൂചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി മൂന്നിന് ആരംഭിച്ച, ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റ് രണ്ടരദിനംമാത്രമേ നീണ്ടുള്ളൂ.
വര്‍ഷാരംഭത്തിലെ സിഡ്നി ടെസ്റ്റിനായി മൂന്നാംദിനം ഗാലറിയിലെത്തുന്ന കാണികള്‍ പിങ്ക് നിറമണിയും. മാത്രമല്ല, വര്‍ഷാരംഭത്തിലെ സിഡ്നി ടെസ്റ്റില്‍ മത്സരിക്കുന്ന ഇരുടീം അംഗങ്ങളുടെയും പേരും നമ്പറും പിങ്ക് നിറത്തിലാണ്. പിങ്ക് ക്യാപ്പാണ് ഇരു ടീമിലെയും കളിക്കാര്‍ അണിയുക. ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഗ്ലെന്‍ മഗ്രാത്തും ഭാര്യയായ ജെയ്നും ചേര്‍ന്ന് 2005ലാണ് മഗ്രാത്ത് ഫൗണ്ടേഷന് രൂപീകരിച്ചത്. ബ്രെസ്റ്റ് കാന്‍സറിനെത്തുടര്‍ന്ന് 2008ല്‍ തന്റെ 42-ാം വയസില്‍ ജെയ്ന്‍ അന്തരിച്ചു.
90.55 കോടി നഷ്ടം
2025-26 ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ നാലു മത്സരങ്ങളില്‍ രണ്ട് എണ്ണം രണ്ടാംദിനം അവസാനിച്ചതിലൂടെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സാമ്പത്തിക നഷ്ടം ഏകദേശം 90.55 കോടി രൂപയാണ്. ഒരു ടെസ്റ്റ് പരമ്പരയിലെ രണ്ടു മത്സരങ്ങള്‍ രണ്ട് ദിനത്തില്‍ അവസാനിക്കുന്നത് ചരിത്രത്തില്‍ അഞ്ചാം തവണ മാത്രമാണ്. 1888ലാണ് ആഷസില്‍ സമാന സംഭവം ഇതിനു മുമ്പ് നടന്നത്.
നീണ്ട 15 വര്‍ഷത്തിനുശേഷം ഓസ്ട്രേലിയന്‍ മണ്ണില്‍ ഇംഗ്ലണ്ട് ജയിച്ച നാലാം ടെസ്റ്റിലെ പിച്ചിനെക്കുറിച്ച് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഐസിസി മോശം പിച്ചെന്നാണ് നാലാം ടെസ്റ്റ് അരങ്ങേറിയ മെല്‍ബണിലെ പിച്ചിനെ വിശേഷിപ്പിച്ചത്. അതേസമയം, സിഡ്നിയിലെ പിച്ചിലുള്ള പച്ചപ്പ് കണ്ട് ആശങ്കപ്പെടേണ്ടെന്നാണ് ക്യൂരേറ്റര്‍ ഇന്നലെ അറിയിച്ചത്. മത്സരം തുറങ്ങുമ്പോഴേക്കും നിലവിലുള്ള പുല്ല് കരിയുമെന്നും പച്ചപ്പ് മാറുമെന്നും ക്യൂരേറ്റര്‍ വ്യക്തമാക്കി.