സിഡ്നി: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ യഹൂദ ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ് ഭീകരാക്രമണമാണെന്ന് ഓസ്ട്രേലിയൻ ഫെഡറൽ പോലീസ്. ഐഎസിൽനിന്നു പ്രചോദനമുൾക്കൊണ്ട് നടത്തിയ ഭീകരാക്രമണമായിരുന്നെന്ന് ഫെഡറൽ പോലീസ് കമ്മീഷണർ ക്രിസി ബാരറ്റ് പറഞ്ഞു.
പ്രദേശത്തുനിന്നും പിടിച്ചെടുത്ത വാഹനത്തിൽ കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകയുടെ സാന്നിധ്യമുൾപ്പെടെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഭീകരാക്രമണമെന്ന നിഗമനത്തിലെത്തിയതെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ 25 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 10 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരിൽ മൂന്നു പേർ കുട്ടികളാണ്. പ്രതികൾ കഴിഞ്ഞ മാസം ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്തതായി ന്യൂ സൗത്ത് വെയിൽസ് സംസ്ഥാന പോലീസ് കമ്മീഷണർ മാൽ ലാൻയോൺ പറഞ്ഞു.
അവരുടെ യാത്രയ്ക്കുള്ള കാരണങ്ങളും ഫിലിപ്പീൻസിൽ അവർ എവിടേക്ക് പോയി എന്നതും അന്വേഷിക്കുമെന്ന് ലാൻയോൺ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്ത പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്ത വാഹനത്തിൽ സ്ഫോടകവസ്തുക്കളുണ്ടായിരുന്നു. ഐഎസ് പതാകകളും വാഹനത്തിലുണ്ടായിരുന്നതായി ലാൻയോൺ കൂട്ടിച്ചേർത്തു.
സിഡ്നി: ഭീകരരിലൊരാളെ മൽപ്പിടിത്തത്തിലൂടെ കീഴ്പ്പെടുത്തിയ അഹമ്മദ് അൽ അഹമ്മദിനെ (42) പ്രധാനമന്ത്രി ആന്തണി ആൽബനീസ് ആശുപത്രിയിൽ സന്ദർശിച്ചു. സിറിയയിൽ ജനിച്ച പഴക്കച്ചവടക്കാരനായ അഹമ്മദിന് ഇന്ന് കൂടുതൽ ശസ്ത്രക്രിയ നടത്തുമെന്ന് ആൽബനീസ് അറിയിച്ചു. അഹമ്മദ് ഓസ്ട്രേലിയയുടെ യഥാർഥ ഹീറോയാണെന്ന് പ്രധാനമന്ത്രി പ്രശംസിച്ചു.
അഹമ്മദിനെ കാണാൻ സാധിച്ചത് വലിയ ബഹുമതിയാണ്. അദ്ദേഹം യഥാർഥ ഓസ്ട്രേലിയൻ ഹീറോയാണ്. ഓസ്ട്രേലിയ ധീരരാജ്യമാണ്. രാജ്യത്തിന്റെ ഏറ്റവും മികച്ച പ്രതിനിധാനമാണ് അൽ അഹമ്മദ്. ഈ രാജ്യത്തെ വിഭജിക്കാൻ നമ്മൾ അനുവദിക്കില്ല. ഭീകരർ ആഗ്രഹിക്കുന്നത് അതാണ്. ഞങ്ങൾ പരസ്പരം ആശ്ലേഷിക്കുകയും ഇതിനെ മറികടക്കുകയും ചെയ്യുമെന്ന് ആൽബനീസ് കൂട്ടിച്ചേർത്തു.
അഹമ്മദിനും അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കും ഒപ്പം പ്രധാനമന്ത്രി 30 മിനിറ്റ് നേരമാണ് ആശുപത്രിയിൽ ചെലവഴിച്ചത്. ആക്രമണത്തിനിടെ രക്ഷാപ്രവർത്തനം നടത്തിയ ബോണ്ടി ബീച്ചിലെ ലൈഫ് ഗാർഡുകളും അഭിനന്ദനങ്ങൾക്ക് അർഹരായി. വെടിവയ്പിനിടെ കടലിലേക്ക് ഓടിയിറങ്ങിയ ആളുകളെ രക്ഷപ്പെടുത്തിയാണ് ഇവർ ഹീറോകളായത്.
Tags : Bondi massacre Australia terrorist attack Anthony Albanese